തെരേസാ മേയ്ക്ക് തിരിച്ചടി; ബ്രെക്‌സിറ്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി വേണം
ലണ്ടന്‍: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന നിര്‍ണായക വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരസോ മേയ്ക്ക് തിരിച്ചടി. എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമാക്കണമെന്ന ഭേദഗതിക്ക് അനുകൂലമായി 650 എം.പിമാരില്‍ 309 പേര്‍ വോട്ട് ചെയ്തു. 305 പേരാണ് എതിര്‍ത്ത് വോട്ടുചെയ്തത്. 11 ഭരണകക്ഷി എം.പിമാരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടതെങ്കിലും തെരേസ മേക്ക് ബ്രെക്‌സിറ്റ് നടപടികള്‍ ഇനി സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാകില്ല.
യൂറോപ്പ്യന്‍ യൂനിയനുമായി രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്‌സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയത്. ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും വിമത എം.പിമാരും ഒരുമിച്ച് ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്.
അതിനിടെ, ബ്രെക്‌സിറ്റ് നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്ന് തെരേസാ മേ വ്യക്തമാക്കി. ഭരണകക്ഷിയില്‍നിന്ന് ഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്തവരില്‍ എട്ടുപേര്‍ മുന്‍ മന്ത്രിമാരാണ്. ബ്രെക്‌സിറ്റ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദ്വിദിന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ബ്രസ്സല്‍സില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."