ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 6,700 റോഹിംഗ്യകള്‍
ജനീവ: മ്യാന്‍മറിലെ റാഖൈനില്‍ സൈന്യവും ബുദ്ധ സന്യാസികളും നടത്തിയ അക്രമത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ 6,700ല്‍ അധികം റോഹിംഗ്യകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രന്റിര്‍ (എം.എസ്.എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്.
ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റോഹിംഗ്യകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് മ്യാന്‍മര്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍നിന്ന് വ്യത്യസ്തമാണിത്. 400 റോഹിംഗ്യകള്‍ മാത്രമാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നായിരുന്നു മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നത്. ഇവരുടെ കൊലപാതകത്തിനുപിന്നില്‍ റോഹിംഗ്യന്‍ തീവ്രവാദികളാണെന്നും മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. റാഖൈനില്‍ റോഹിംഗ്യകള്‍ക്കെതിരേ സൈന്യം അക്രമം നടത്തിയിട്ടില്ലെന്നാണ് മ്യാന്‍മര്‍ പറഞ്ഞിരുന്നത്. ഇതുവരെ 6,47,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും എം.എസ്.എഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. കൊല്ലപ്പെട്ടവരില്‍ അഞ്ചുവയസിന് താഴെയുള്ള 730 പേരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മരണകാരണങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 69.4 ശതമാനം പേര്‍ വെടിവയ്പ്പിലൂടെയും 8.8 ശതമാനം തീവയ്പ്പിലൂടെയും 5 ശതമാനംപേര്‍ മര്‍ദനത്തിലൂടെയും ഒരു ശതമാനം കുഴിബോംബ് ആക്രമണത്തിലൂടെയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബംഗ്ലാദേശിലെ മുഴുവന്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെയും വിവരം ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പലായനംചെയ്തവരെ രാജ്യത്തേക്ക് മടങ്ങാന്‍ മ്യാന്‍മര്‍ ബംഗ്ലാദേശുമായി കരാറില്‍ ഒപ്പുവച്ചെങ്കിലും പലായനം ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ആഴ്ചകളിലും റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മറില്‍ അക്രമമുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."