മൂടല്‍മഞ്ഞ്: നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു തിരിച്ചു വിട്ടത് പത്ത് വിമാനങ്ങള്‍
നെടുമ്പാശ്ശേരി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ചു വിട്ടു. അഞ്ച് അന്താരാഷ്ട്ര സര്‍വിസുകളും അഞ്ച് ആഭ്യന്തര സര്‍വിസുകളുമാണ് തിരിച്ചുവിട്ടത്. ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ചെന്നൈയിലേക്കും ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം എന്നിവ തിരുവനന്തപുരത്തേക്കും തിരിച്ചു വിട്ടു.
തിരുവനന്തപുരത്ത് നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനം അവിടേയ്ക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു. ഹൈദരബാദില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം കോയമ്പത്തൂരിലേക്കും ബംഗളൂരുവില്‍ നിന്നുള്ള എയര്‍ ഏഷ്യ എയര്‍ലൈന്‍സ് തിരികെ ബംഗളൂരുവിലേക്കും ചൈന്നെയില്‍ നിന്നുവന്ന ജെറ്റ് എയര്‍വെയ്സ് വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.
മുംബൈയില്‍ നിന്നുള്ള ഗോഎയര്‍ വിമാനം ബംഗളൂരുവിലേക്കും മസ്കത്തില് നിന്നുവന്ന ഒമാന്‍ എയര്‍ വിമാനം കോഴിക്കോട്ടേക്കും ക്വലാലംപൂരില്‍ നിന്നും വന്ന എയര്‍ ഏഷ്യ വിമാനം കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 12 മണിയോടെയാണ് എല്ലാ വിമാനങ്ങളും തിരികെയെത്തിയത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട ഏയര്‍ ഏഷ്യ ഒഴിച്ചുള്ള വിമാനങ്ങള്‍ വൈകുമെന്ന് യാത്രക്കാരെ നേരത്തേ തന്നെ അറിയിച്ചതിനാല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സമയ നഷ്ടം ഉണ്ടായില്ല. എയര്‍ ഏഷ്യ വിമാനം വൈകുമെന്ന് അറിയാതെ നേരത്തെയെത്തിയ ആഭ്യന്തര യാത്രക്കാര്‍ മൂന്നര മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി. വിദേശ രാജ്യങ്ങളിലേക്ക് പോകാനെത്തിയ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടി.
പരിശോധനകള്‍ പുര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് എടുത്തതിനാല്‍ പുറത്തേക്ക് പോകാനും പറ്റാത്ത അവസ്ഥയിലായിരുന്നു. വിമാനങ്ങള്‍ വൈകുമെന്ന് അറിയാതെ യാത്രക്കാരെ സ്വീകരിക്കാനെത്തിയവരും ബുദ്ധിമുട്ടിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."