ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം 22 മുതല്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനം ഈ മാസം 22,23,24 തിയതികളില്‍ ചെമ്മാട് ഹിദായ നഗരിയില്‍ നടക്കും.
കേരളത്തിനകത്തും പുറത്തുമായി നിരവധി വിദ്യാഭ്യാസ സാമൂഹിക പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ദാറുല്‍ഹുദായുടെ ഇത്തവണത്തെ ബിരുദദാന സമ്മേളന പരിപാടികള്‍ ദേശീയ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
22ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മമ്പുറം മഖാം, സൈനുല്‍ ഉലമാ, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറകളില്‍ സിയാറത്ത് നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. അസര്‍ നിസ്‌കാരാനന്തരം പ്രാരംഭ സമ്മേളനം നടക്കും. വാഴ്‌സിറ്റി പുറത്തിറക്കുന്ന ഇസ്‌ലാമിക് ഇന്‍സൈറ്റ് ജേണലിന്റെ പ്രകാശനവുംചടങ്ങില്‍ നടക്കും. രാത്രി ഏഴിന് നമ്മുടെ ഇന്ത്യ എന്ന വിഷയത്തില്‍ ഏകതാസംഗമം നടക്കും. വിവിധ മത രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ സംസാരിക്കും.
23 ന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ വേദി ഒന്നില്‍ നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രതിനിധികള്‍ പങ്കെടുക്കും. വേദി രണ്ടില്‍ ടീനേജ് കോണ്‍ക്ലേവ് നടക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു തലങ്ങളില്‍ പഠിക്കുന്ന ആയിരത്തോളം വിദ്യാര്‍ഥികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. രാത്രി ഏഴിനു ഹെരിറ്റേജ് മീറ്റും നടക്കും.
24 ന് ഞായറാഴ്ച രാവിലെ അലുംനി ഗാതറിങ്, വിഷന്‍ ദാറുല്‍ഹുദാ തുടങ്ങിയ സെഷനുകള്‍ നടക്കും. വൈകിട്ട് നാലിനു ബിരുദദാനം നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 678 മലയാളി വിദ്യാര്‍ഥികള്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരുദവും പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി വാഴ്‌സിറ്റിയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ 30 ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് മൗലവി ആലിം ഹുദവി ബിരുദവും നല്‍കും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തോടെ മൂന്ന് ദിവസത്തെ സമ്മേളനത്തിനു സമാപ്തിയാകും.
സമ്മേളനത്തിനു മുന്നോടിയായി 21 ന് വ്യാഴാഴ്ച സ്മൃതിപഥ പ്രയാണ യാത്രയും നടക്കും. സമ്മേളനം വന്‍വിജയമാക്കാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെയും നേതൃത്വത്തില്‍ വിവിധ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."