നോണ്‍ സ്റ്റോപ്പ് സിറ്റി... 15 തുടര്‍ വിജയങ്ങള്‍ നേടി പ്രീമിയര്‍ ലീഗ്
ലണ്ടന്‍: തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ച് പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തില്‍ സ്വാന്‍സീ സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സിറ്റിയുടെ മുന്നേറ്റം. 2002ല്‍ ആഴ്‌സണല്‍ സ്ഥാപിച്ച 14 തുടര്‍ വിജയങ്ങളുടെ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡാണ് പെപ് ഗെര്‍ഡിയോളയുടെ കീഴില്‍ സിറ്റി തിരുത്തിയത്. സ്പാനിഷ് താരം ഡേവിഡ് സില്‍വയുടെ ഇരട്ട ഗോള്‍ മികവിലാണ് സ്വാന്‍സീക്കെതിരേ സിറ്റി അനായാസ വിജയം സ്വന്തമാക്കിയത്. ശേഷിച്ച ഗോളുകള്‍ കെവിന്‍ ഡിബ്രുയ്ന്‍, സെര്‍ജിയോ അഗ്യെറോ എന്നിവരും നേടി. 27ാം മിനുട്ടില്‍ സില്‍വയാണ് സിറ്റിക്ക് ലീഡ് സമ്മാനിച്ചത്. 34ാം മിനുട്ടില്‍ ഡിബ്രുയ്ന്‍ രണ്ടാം ഗോളും 52ാം മിനുട്ടില്‍ സില്‍വ മൂന്നാം ഗോളും വലയിലാക്കി. 85ാം മിനുട്ടില്‍ അഗ്യെറോ പട്ടിക തികച്ചു.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബേണ്‍ മൗത്തിനേയും ടോട്ടനം 2-0ത്തിന് ബ്രൈറ്റന്‍ ഹോവിനേയും ലെയ്സ്റ്റര്‍ സിറ്റി 4-1ന് സതാംപ്ടനേയും എവര്‍ട്ടന്‍ 1-0ത്തിന് ന്യൂകാസില്‍ യുനൈറ്റഡിനേയും വീഴ്ത്തി. അതേസമയം ആഴ്‌സണലിനെ വെസ്റ്റ് ഹാം യുനൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
25ാം മിനുട്ടില്‍ റൊമേലു ലുകാകു നേടിയ ഏക ഗോളിലാണ് സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയം പിടിച്ചത്. വെറ്ററന്‍ താരം വെയ്ന്‍ റൂണി നേടിയ ഏക ഗോളിലാണ് എവര്‍ട്ടന്‍ എവേ പോരാട്ടത്തില്‍ ന്യൂകാസിലിനെ പരാജയപ്പെടുത്തിയത്.
17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ഏതാണ്ടുറപ്പാക്കി കുതിക്കുന്നു. ഇത്രയും കളികളില്‍ നിന്ന് 38 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത്. സിറ്റിയും യുനൈറ്റഡും തമ്മില്‍ 11 പോയിന്റ് വ്യത്യാസം. 35 പോയിന്റുമായി ചെല്‍സി മൂന്നാമതും 31 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തും ഇത്രയും പോയിന്റുമായി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. 30 പോയിന്റുമായി ആഴ്‌സണല്‍ ഏഴാം സ്ഥാനത്ത്.
ബയേണ്‍ മ്യൂണിക്കിന് ജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് മുന്നേറുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ കൊളോണിനെ വീഴ്ത്തി. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ 60ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയാണ് ബാവേറിയന്‍സിനായി വല ചലിപ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ ഷാല്‍കെ 3-2ന് ഓഗ്‌സ്ബര്‍ഗിനേയും ഹെര്‍ത്ത 3-1ന് ഹന്നോവറിനേയും ബയര്‍ ലെവര്‍കൂസന്‍ 1-0ത്തിന് വെര്‍ഡര്‍ ബ്രമനേയും വീഴ്ത്തി.
16 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 38 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്ത്. 29 പോയിന്റുമായി ഷാല്‍കെ രണ്ടാമതും 28 പോയിന്റുമായി ലെയ്പ്‌സിഗ് മൂന്നാമതും ഹോഫെന്‍ഹെയിം 26 പോയിന്റുമായി അഞ്ചാമതും ബൊറൂസിയ ഡോര്‍ട്മുണ്ട് 25 പോയിന്റുമായി ആറാം സ്ഥാനത്തും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."