2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി അധിക നിരക്കില്ല
ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ഈ ഇളവ് ലഭ്യമാവുക. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
നേരത്തെയുണ്ടായിരുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) വീണ്ടും കൊണ്ടുവരുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, ഭീം, ആധാര്‍ മുഖേന നടത്തുന്ന ഇടപാടുകള്‍ക്കാണ് ഇളവ് ലഭിക്കുക. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഡെബിറ്റ്, ക്രെഡിറ്റ് സേവനം നല്‍കുന്ന ബാങ്കുകള്‍ കച്ചവടക്കാരില്‍ നിന്ന് ഈടാക്കുന്ന തുകയാണ് എം.ഡി.ആര്‍. 20 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് എം.ഡി.ആര്‍ 0.40 ശതമാനമായി നിശ്ചയിച്ചിട്ടുമുണ്ട്. 20 ലക്ഷം രൂപയ്ക്കു മേലെ വിറ്റുവരവുള്ളവയ്ക്ക് 0.90 ശതമാനവുമാണ് നിശ്ചയിച്ചത്.
ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 2,18,700 കോടി രൂപയുടെ ഇടപാടുകളാണ് ഡെബിറ്റ് കാര്‍ഡ് മുഖേനയുണ്ടായത്. നോട്ട് നിരോധനത്തെ തുടര്‍ന്നാണ് ലെസ്സ് ക്യാഷ് ഇന്ത്യ എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. നോട്ട് നിരോധിച്ച ഉടനെ നവംബറില്‍ 67 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നു. 2017 മാര്‍ച്ചില്‍ 89 കോടിയായി ഉയര്‍ന്നെങ്കിലും ജൂണില്‍ 84 കോടിയായി ഇടിയുന്നതാണ് കണ്ടത്. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇതോടെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."