ദയ അര്‍ഹിക്കാത്ത കൊടും കുറ്റവാളി
നാട്ടില്‍ നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്ക് സമാശ്വാസം പകരുന്ന ഒന്നാണ് പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ കോടതിവിധി. ദൃക്‌സാക്ഷികളില്ലാഞ്ഞിട്ടും അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തൂക്കുകയര്‍ വിധിച്ചത് പ്രതിയുടെ കൊടുംക്രൂരതക്കുള്ള ശിക്ഷ തന്നെയാണ്. ഇത്തരം കുറ്റവാളികള്‍ സമൂഹത്തിനാകെ ഭീഷണിയാണെന്ന ന്യായപീഠത്തിന്റെ നിരീക്ഷണം സമൂഹമനസ്സാക്ഷിയുടെ പ്രതിഫലനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പു പ്രകാരം കൊലപാതകം, ബലാത്സംഗം (376) ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിക്കല്‍ (376എ) വീട്ടില്‍ അതിക്രമിച്ച് കയറല്‍ (449), അന്യായമായി തടഞ്ഞുവയ്ക്കല്‍ (342) എന്നീ കുറ്റകൃത്യങ്ങളുടെ പേരിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201 പ്രകാരമുള്ള തെളിവ് നശിപ്പിച്ചെന്ന വാദവും തെളിവില്ലെന്ന കാരണത്താല്‍ കോടതി തള്ളിയിരിക്കുകയാണ്. ജിഷ പട്ടികജാതിക്കാരിയാണെന്ന് അമീറുല്‍ ഇസ്‌ലാമിന് അറിയില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറംപോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. അമ്മ രാജേശ്വരി വീട്ടിലില്ലാതിരുന്ന സമയത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ കടന്നുപിടിച്ചപ്പോള്‍ പെണ്‍കുട്ടി പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, ചുരിദാറില്‍ പറ്റിപ്പിടിച്ച ഉമിനീരിന്റെ ഡി.എന്‍.എ, ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ കണ്ട പ്രതിയുടെ തൊലി, വീടിന്റെ സമീപത്തുനിന്ന് കിട്ടിയ ഒരു ജോഡി ചെരിപ്പ് തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനയില്‍നിന്നാണ് അമീറുല്‍ ഇസ്‌ലാം തന്നെയാണ് പ്രതിയെന്ന് കോടതി കണ്ടെത്തിയത്.
ഒരു സാദാ കൊലക്കേസായി മാത്രം പൊലിസ് ആദ്യം പരിഗണിച്ച ജിഷാവധം കേരളത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയത് സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ്. ജിഷയുടെ വീട് സന്ദര്‍ശിച്ച സഹപാഠികളായിരുന്നു ഇതിന് തുടക്കമിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പു കാലമായതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രശ്‌നം ഏറ്റെടുത്തു. ഇതോടെ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. വോട്ടെടുപ്പിന് മുമ്പുതന്നെ പ്രതിയെ പിടികൂടാന്‍ പൊലിസിന് മേല്‍ വന്‍ സമ്മര്‍ദമുണ്ടായിരുന്നു. വിവാദമായ ഒട്ടേറെ നടപടിക്രമങ്ങള്‍ക്ക് ഇത് കാരണമായി. ഒടുവില്‍ മാസങ്ങള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് അസം സ്വദേശിയായ പ്രതിയെ തമിഴ്‌നാട്ടില്‍നിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്താനും അയാള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനും സാധിച്ച കേരള പൊലിസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ബാഹ്യസമ്മര്‍ദങ്ങളില്ലാതെ, പൊലിസിനെ നിയമത്തിന്റെ വഴിക്ക് വിട്ടാല്‍ ഏത് കേസിനും തുമ്പുണ്ടാക്കാനാവുമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് ജിഷ വധക്കേസ്.
എത്ര വലിയ കുറ്റകൃത്യം ചെയ്താലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാമെന്ന ചിന്തയാണ് കുറ്റവാളികള്‍ക്ക് പലപ്പോഴും പിന്‍ബലമാവുന്നത്. ഇതിന് ഉപോല്‍ബലകമായ സംഭവങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാട്ടാനുമാവും. കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതിനുള്ള പ്രധാന കാരണങ്ങളും ഇതുതന്നെ. കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുകയും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പില്‍വരുത്തുകയും ചെയ്യു ന്ന രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണെന്നത് ഈയൊരു യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു.
അതേസമയം, നിയമംകൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ തടയാമെന്ന് കരുതുന്നതും മൗഢ്യമാണ്. മനസ്സിന്റെ പരിവര്‍ത്തനമാണ് ഇക്കാര്യത്തില്‍ മുഖ്യം. സഹജീവികളെ മനുഷ്യരായി കാണാനും അത് അംഗീകരിക്കാനുമുള്ള ഔന്നത്യമാണ് ആദ്യം ആര്‍ജിച്ചെടുക്കേണ്ടത്. പെണ്ണുടലുകളെ കാമപൂര്‍ത്തിക്ക് വേണ്ടിയുള്ള ഉപകരണമായി മാത്രം കാണുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ ജിഷമാരുടെയും സൗമ്യമാരുടെയും നിര അറ്റമില്ലാതെ നീണ്ടുപോവും. സ്ത്രീകള്‍ ആദരിക്കപ്പെടുന്ന സമൂഹത്തെ മാത്രമേ സംസ്‌കാരം എന്നപദംകൊണ്ട് വിശേഷിപ്പിക്കാനാവൂ. നിങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടന്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണെന്ന മഹദ് വചനത്തിന് എന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."