നിങ്ങളും കേള്‍ക്കണം ഈ നീറുന്ന ചിന്തകള്‍
കഴിഞ്ഞ ദിവസം വി. അബ്ദുല്‍മജീദ് എഴുതിയ ലേഖനമാണ് ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്. ലേഖനത്തിലെ അവസാന വരിയില്‍നിന്നു തുടങ്ങാം. വി.എസ് പറയാതെ പറഞ്ഞത് ആരോടാണെന്നു ലേഖകനു മനസ്സിലായില്ലെന്നാണ് എഴുതിയിരിക്കുന്നത്. മനസ്സിലായില്ലെന്നതു ബോധപൂര്‍വം തെറ്റായി പറഞ്ഞതാണെന്നു വ്യക്തം. വി.എസും ലേഖകനും ഉദ്ദേശിച്ചത് ആരെയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്.
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ എല്ലാവരെയും കൈയിലെടുത്തതിനെപ്പറ്റി ആര്‍ക്കും എതിരഭിപ്രായമില്ല. ഒരു അമ്മത്തമുണ്ടായിരുന്നു അവരുടെ ഇടപെടലില്‍. തമിഴ് ഭാഷ തന്നെ സ്‌നേഹത്തിന്റെയും വിനയത്തിന്റെയും പ്രതീകമാണല്ലോ. മേഴ്‌സിക്കുട്ടിയമ്മുടെ പേരില്‍ ദയ, കുട്ടിത്തം, അമ്മത്തം ഇത് മൂന്നും വാക്കില്‍ മാത്രമേയുള്ളൂ. പ്രവൃത്തിയിലില്ല. അതുകൊണ്ടാണ് അവര്‍ക്കു നാട്ടുകാരില്‍ നിന്നു കടുത്ത പ്രതികരണം നേരിടേണ്ടിവന്നത്. അധികാരത്തിലെത്തുമ്പോള്‍ സി.പി.എമ്മുകാരുടെ ശരീരഭാഷയില്‍ ഗര്‍വ് കടന്നു കൂടാറുണ്ട്.
പിണറായി വിജയന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം അടിമുടി കമ്യൂണിസ്റ്റുകാരനും കര്‍ക്കശക്കാരനുമാണെന്നു പണ്ടേ എല്ലാവര്‍ക്കുമറിയാം. ഓഖി ദുരന്തമുണ്ടായ തീരപ്രദേശങ്ങളില്‍ മുഖ്യമന്ത്രി ചെന്നില്ലെന്ന പരാതി പരക്കെയുണ്ട്. എനിക്കുമുണ്ട്. ചെല്ലുന്നെങ്കില്‍ ദുരന്തം തുടങ്ങിയപ്പോഴേ ചെല്ലണമായിരുന്നു. തിരിച്ചെത്തി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാമായിരുന്നു. അവിടെ കണക്കു കൂട്ടലുകള്‍ തെറ്റിയിട്ടുണ്ടാകാം.
വൈകിച്ചെന്നതുകൊണ്ടു മാത്രമാണു ജനങ്ങള്‍ അങ്ങനെ പ്രതികരിച്ചത്. പിണറായി വിജയനെന്ന വ്യക്തിയോടല്ല, മുഖ്യമന്ത്രിയോടാണ് അവര്‍ ദേഷ്യത്തിലൂടെയും സങ്കടത്തിലൂടെയും വികാരം അറിയിച്ചത്. വെടിക്കെട്ടപകടത്തെ തുടര്‍ന്നു പ്രധാനമന്ത്രി വന്നതിനായിരുന്നു അന്നു കുറ്റപ്പെടുത്തലുകള്‍. ഡി.ജി.പി വരെ എതിരാഭിപ്രായം പറഞ്ഞു. ശരിയല്ലേ, പ്രധാനമന്ത്രി വന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട എത്രപേര്‍ക്ക് അദ്ദേഹത്തിലേയ്ക്കു ശ്രദ്ധ തിരിക്കേണ്ടിവന്നു. 'കാഴ്ച' കള്‍ പിന്നെയും കാണാം, പ്രവൃത്തിയാണ് ആദ്യം വേണ്ടത്.
പിണറായിയെപറ്റി എനിക്കുണ്ടായിരുന്ന അറിവും അനുഭവവും ഗൗരവക്കാരനാണെന്നതാണ്. പതിമൂന്നു വര്‍ഷം മുമ്പ് ഞാന്‍ മക്കളെയും കൂട്ടി അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഗൗരവക്കാരനായിരുന്നു. വലിയ അത്ഭുതമൊന്നും തോന്നിയില്ല. അപാകതയും തോന്നിയില്ല. എന്റെ അപ്പനുള്‍പ്പെടെയുള്ള സി.പി.എമ്മുകാരെ ഞാന്‍ കണ്ടിട്ടുള്ളതു ഭയങ്കര ഗൗരവത്തോടെയാണ്. വളരെ കുറച്ചു സൗമ്യഭാവങ്ങളേ ഞാന്‍ സി.പി.എമ്മില്‍ കണ്ടിട്ടുള്ളൂ. ഇ.എം.എസ്, എ.കെ.ജി, സി.എച്ച് കണാരന്‍, ടി.കെ രാമകൃഷ്ണന്‍, ഇ.കെ നായനാര്‍, ദേശാഭിമാനി കൊച്ചി മാനേജരായിരുന്ന കണ്ണന്‍നായര്‍... അങ്ങനെ ചുരുക്കം പേരിലാണ് വാല്‍സല്യം കണ്ടിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണു കോടിയേരി, അദ്ദേഹത്തിന് എപ്പോഴും ചിരിയാണ്.
13 വര്‍ഷം മുമ്പു ഞാന്‍ കണ്ട പിണറായി എന്ന പാര്‍ട്ടി സെക്രട്ടറിയല്ല ഇക്കഴിഞ്ഞ മെയ് 15നു ഞാന്‍ കണ്ട പിണറായി എന്ന മുഖ്യമന്ത്രി. ഞാനും മകളും മുന്‍കൂട്ടി അനുമതി എടുത്താണു കാണാന്‍ ചെന്നത്. ഓഫീസിന്റെ കതകു തുറന്ന് അടുത്തേയ്ക്കു ചെല്ലുന്നതു മുതല്‍ പത്തുപന്ത്രണ്ടു മിനിറ്റു സംസാരിച്ചു തിരിച്ചുപോരുന്നതുവരെയും ആ മുഖത്തു വാത്സല്യത്തോടെയുള്ള ചിരിയാണു കണ്ടത്. സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന കാര്യം പറഞ്ഞപ്പോള്‍ മാത്രം ഒരു നിമിഷത്തേയ്ക്ക് ആ മുഖം ഗൗരവമുള്ളതായി. എനിക്കുള്ള അറിവും അനുഭവവും വച്ചും മുഖ്യമന്ത്രിയായ ശേഷം മാധ്യമങ്ങളെല്ലാം അദ്ദേഹത്തിന്റെ ഗൗരവത്തെപറ്റി എഴുതിയതു വായിച്ചും ഭയത്തോടെയും സംശയത്തോടെയുമാണു കാണാന്‍ ചെന്നത്. അതെല്ലാം മാറ്റിത്തന്നു അദ്ദേഹത്തിന്റെ ചിരി.
എന്റെ അമ്മ ബേബി ലോറന്‍സ് കടലോരഗ്രാമമായ തെക്കേ ചെല്ലാനം 'പൊള്ളയില്‍' കുടുംബാംഗമാണ്. അമ്മയുടെ വീട്ടില്‍ കടലാക്രമണസമയത്തു പല കുടുംബങ്ങള്‍ക്കും അഭയം നല്‍കിയ കാര്യം പറഞ്ഞറിവുണ്ട്. അമ്മയുടെ കുടുംബ വക എല്‍.പിസ്‌കൂളും തെക്കേ ചെല്ലാനത്താണ്. ആ സ്‌കൂളും അഭയകേന്ദ്രമാണു പലര്‍ക്കും. എനിക്കു ദൂരെയിരുന്ന് അവരുടെ സങ്കടത്തില്‍ പങ്കുചേരാനേ കഴിയൂ, ഒരു ദിവസത്തെ വേതനം നല്‍കാനും കഴിയും.
മുഖ്യമന്ത്രി അവിടം സന്ദര്‍ശിക്കാന്‍ വൈകിയതിനെ കുറ്റപ്പെടുത്തുന്നവര്‍ എത്ര പേര്‍ അവിടെ പോയി എന്നു നോക്കിയോ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയി. വേറെ എത്ര പേര്‍. എത്ര രാഷ്ട്രീയനേതാക്കന്മാര്‍, സമുദായ നേതാക്കന്മാര്‍, സാംസ്‌കാരിക നായകര്‍, നില്‍പ്പുസമരത്തിനു പിന്തുണ നല്‍കിയവര്‍... ആരെല്ലാം അവിടെ പോയി.
ക്രിസ്ത്യാനികളില്‍ കെ.സി.ബി.സിയിലുള്ള സുറിയാനി സഭയും മലങ്കരസഭയും ഒന്നിച്ചു പ്രസ്താവനയിറക്കി. എത്രപേര്‍ നേരില്‍ പോയി ആശ്വസിപ്പിച്ചു. എസ്.എന്‍.ഡി.പി നേതാവ് സര്‍ക്കാരിനെ പിന്തുണച്ച് എന്തോ പറഞ്ഞതല്ലാതെ എന്തെങ്കിലും സഹായം നല്‍കിയോ. എന്‍.എസ്.എസ് നേതാവ് എന്താണ് ഒന്നും പറയാത്തത്. ഇവര്‍ക്കെല്ലാം ആളും അര്‍ഥവുമില്ലേ.
അതോ ഈ ദുരന്തം ഒരു കൂട്ടം മനുഷ്യരുടെ, ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം പ്രശ്‌നമായി മാറിയോ. അങ്ങു ദൂരെ ദലിത് പീഡനം നടക്കുമ്പോള്‍ പീഡിതനെയും കുടുംബാംഗങ്ങളെയും കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടു വന്നു സ്വീകരണം നടത്തുന്നവര്‍ സഹായങ്ങള്‍ നല്‍കുന്നവര്‍ ഈ 'സങ്കടക്കടല്‍' കണ്ടില്ലെന്നു നടിക്കുകയാണോ.
ക്രിസ്ത്യാനികളില്‍ തന്നെ മേല്‍ത്തട്ടിലല്ലാത്തവരായി കണക്കാക്കപ്പെടുന്നവരാണു ലത്തീന്‍ സമൂഹം. ചില പ്രശ്‌നങ്ങളില്‍ സഭാ മേലധ്യക്ഷന്മാര്‍ ഒരുമിച്ചു നില്‍ക്കുമ്പോഴും 'ലത്തീന്‍ സമുദായം' വേര്‍തിരിവു നേരിടുന്നുണ്ട്. കെ.സി.ബി.സിയുടെ പ്രസ്താവനയും സാമ്പത്തികസഹായവും പ്രധാനമന്ത്രിക്കു നിവേദനം നല്‍കലും നടക്കുമ്പോഴും 'ഓഖി' ബാധിച്ചത് 'ലത്തീന്‍ സഭയെയും സമുദായത്തെയും' മാത്രമായി ഒതുങ്ങിപ്പോയെന്നത് ലത്തീന്‍ സഭാംഗമായ എന്റെ സംശയമാണ്. ഇവര്‍ ജീവന്‍ പണയംവച്ചു കൊണ്ടുവരുന്ന മീന്‍ കഴിക്കാത്തവര്‍ ആരുണ്ട് നമുക്കിടയില്‍.
ഓഖി എന്നെ ബാധിച്ചില്ല. എനിക്കു വേണ്ടപ്പെട്ടവരെ ആരെയും ബാധിച്ചില്ല. ഓഖി ബാധിച്ചതു കുറേ കുഞ്ഞു മക്കളെയും കുറേ അമ്മമാരെയും കുറേ കുടുംബാംഗങ്ങളെയുമാണ്. അതും ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം. അസഹിഷ്ണുത ബി.ജെ.പി ഭരിച്ചതുകൊണ്ടുണ്ടായ പ്രതിഭാസമല്ല. അത് എന്നും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്.
ക്രിസ്ത്യാനികളുടെ ഇടയിലുള്ള 'അസഹിഷ്ണുത'യാണു ലത്തീന്‍ സമുദായത്തോടുള്ളത്. അതു പണ്ടേയ്ക്കു പണ്ടേ ഉള്ളതാണ്. കമ്യൂണിസ്റ്റുകാരുടെ ഇടയിലില്ലേ ജാതിയും മതവും നോക്കല്‍. പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ എന്റെ അപ്പന്‍ അതു സമ്മതിച്ചുതരില്ല. എങ്കിലും ആ പാര്‍ട്ടിയിലുമുണ്ട് 'സമുദായ നോട്ടം'.
ഒരു ക്രിസ്ത്യാനിയെ പരിചയപ്പെട്ടാല്‍ ആദ്യത്തെ ചോദ്യം ആര്‍.സി ആണോ എന്നാണ്. എന്റെ വിവാഹം വരെ ഈ വേര്‍തിരിവൊന്നും എനിക്കറിയില്ലായിരുന്നു. റോമന്‍ കത്തോലിക്, സിറിയന്‍ കത്തോലിക്, സുറിയാലി, മലങ്കര സുറിയാനി, യാക്കോബൈറ്റ്‌സ് ഓര്‍ത്തഡോക്‌സ്, ലാറ്റിന്‍ കത്തോലിക്... ഒരേയൊരു ക്രിസ്തുവിന്റെ അനുയായികളാണല്ലോ ഇവരെല്ലാം!
എന്റെ അപ്പനും അമ്മയും ലത്തീന്‍ സമുദായാംഗങ്ങളാണ്. 1959ല്‍ അവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ കത്തോലിക്ക (ലത്തീന്‍) സഭ സമ്മതിച്ചില്ല. കമ്യൂണിസ്റ്റ് ആയതാണു കാരണം. പിന്നീട് ജാക്കോബൈറ്റ് സഭയില്‍ ചേര്‍ന്നു തൃപ്പൂണിത്തുറ യാക്കോബൈറ്റ് പള്ളിയില്‍ വച്ചായിരുന്നു അവരുടെ വിവാഹം. വര്‍ഷങ്ങളോളം യാക്കോബൈറ്റ് പള്ളിയിലാണ് അമ്മ ഞങ്ങളെ കൊണ്ടുപോയിരുന്നത്. പിന്നീട് നാലു മക്കളെയും മാമോദീസ മുക്കിയത് ഒരേ ദിവസം. അങ്ങനെ 'ലത്തീന്‍ കുഞ്ഞുങ്ങള്‍ വീണ്ടും ലത്തീന്‍ കുഞ്ഞുങ്ങളായി'.
ലത്തീന്‍കാരെന്നാല്‍ 'മരയ്ക്കാന്മാര്‍' 'മീന്‍പിടിത്തക്കാര്‍' എന്നാണ് അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്റെ അനുയായികളുണ്ടാക്കിയ വേര്‍തിരിവു കണ്ട് യേശുദേവന്‍ പോലും അന്തം വിടുന്നുണ്ടാവും. ക്രിസ്തുവിന്റെ ആദ്യ അനുയായികള്‍ ആരാണ് ആരോടാണ് ആദ്യം സംസാരിച്ചത്. മുക്കുവരോടാണ്. അവരോടു സംസാരിച്ചപ്പോള്‍ എറ്റവും ലളിതമായിട്ടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക.
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നാക്കം നില്‍ക്കുന്നവരാണ് ലത്തീന്‍ സഭക്കാര്‍. ഈ പിന്നാക്കാവസ്ഥയിലുള്ള സഭയുടെ കാര്യത്തില്‍ ആരും ഇടപെടുന്നുമില്ല. അവരെയാണ് ഓഖി കൂടുതലായി ബാധിച്ചത്. ഓരോ ദിവസം കഴിയുന്തോറും അവരുടെ സങ്കടങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സങ്കടം പങ്കുവയ്ക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണവര്‍. ഇവരുടെ പ്രശ്‌നത്തിന്, സങ്കടത്തിന് പരിഹാരം കാണേണ്ടത് ഹൈക്കോടതിയോ അതോ സര്‍ക്കാരോ?
(പ്രമുഖ സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകളാണ് ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."