നിര്‍ബന്ധിത ബ്രഹ്മചര്യം നിര്‍ത്തലാക്കാന്‍ നിര്‍ദേശം
സിഡ്‌നി: ആസ്‌ത്രേലിയയിലെ ക്രൈസ്തവ സഭകളിലെ ബാലപീഡനവുമായി ബന്ധപ്പെട്ടു ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി അന്വേഷണസമിതി റിപ്പോര്‍ട്ട് പുറത്ത്.
ലൈംഗികകുറ്റകൃത്യങ്ങള്‍ തടയാന്‍ ബ്രഹ്മചര്യം നിര്‍ത്തലാക്കണമെന്നതടക്കമുള്ള 400ഓളം നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മതസ്ഥാപനങ്ങള്‍ക്കു ഗൗരവതരമായ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് കണ്ടെത്തി.
ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ അന്വേഷണ സമിതിയായ റോയല്‍ കമ്മിഷന്‍ അഞ്ചു വര്‍ഷമെടുത്താണ് ചര്‍ച്ചുകളിലെ ബാലപീഡനം അടക്കമുള്ള ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്.
പീഡനത്തിനിരയായ ഇരകളില്‍നിന്ന് 8,000ത്തോളം സാക്ഷിമൊഴികളും അന്വേഷണത്തിന്റെ ഭാഗമായി സമിതി നേരിട്ടു കേട്ടു. 2013 മുതല്‍ നടത്തിയ അന്വേഷണത്തില്‍ 2,500ലേറെ ലൈംഗിക ആരോപണങ്ങള്‍ പരിശോധിച്ചു.
നേരത്തെ പുറത്തുവിട്ട 220 നിര്‍ദേങ്ങള്‍ക്കൊപ്പം പുതുതായി 189 എണ്ണം കൂടി ചേര്‍ത്താണ് കഴിഞ്ഞ ദിവസം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കത്തോലിക്കാ സഭയ്ക്കും സര്‍ക്കാരിനുമുള്ള നിര്‍ദേങ്ങളാണിവ. പാര്‍ലമെന്റില്‍ വച്ച ശേഷമായിരിക്കും ഇവയ്ക്കു മേല്‍ അന്തിമ നിയമനിര്‍മാണം നടക്കുക.
പുരോഹിതന്മാര്‍ക്കുള്ള നിര്‍ബന്ധിത ബ്രഹ്മചര്യം ഐച്ഛികമാക്കുക, കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം ഒഴിവാക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിന്റെ നിര്‍ദേങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. ലൈംഗിക ആരോപണം തെളിയിക്കപ്പെട്ട പുരോഹിതര്‍ നിയമനടപടി നേരിടണമെന്ന് സമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഒരു ദേശീയദുരന്തമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു. അതേസമയം, സമിതിയുടെ നിര്‍ദേങ്ങള്‍ അംഗീകരിക്കാന്‍ രാജ്യത്തെ സഭാ നേതൃത്വം തയാറായിട്ടില്ല. കുമ്പസാരം അടക്കമുള്ള മതകര്‍മങ്ങളുടെ സ്വഭാവം മാറ്റാനാകില്ലെന്ന് ആസ്‌ത്രേലിയന്‍ കത്തോലിക്ക ചര്‍ച്ച് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡെനിസ് ഹാര്‍ട്ട് വ്യക്തമാക്കി. എന്നാല്‍, റിപ്പോര്‍ട്ട് ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും നാണക്കേടാണെന്നും ഇതില്‍ നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിനു കുട്ടികള്‍ രാജ്യത്തെ വിവിധ ചര്‍ച്ചുകളിലായി പീഡനത്തിനിരയായിട്ടുണ്ട്. ഇതിന്റെ കൃത്യമായ കണക്കു പോലും ലഭ്യമല്ല. ഏതാനും ചീഞ്ഞ ആപ്പിളുകളുടെ കാര്യമല്ല ഇത്. രാജ്യത്തെ സമൂഹത്തിന്റെ പ്രധാന സ്ഥാപനങ്ങള്‍ക്കാണു ഗൗരവതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്-സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."