കളി വരുതിയിലാക്കി കേരളം
ഹൈദരാബാദ്: വിജയ് മര്‍ച്ചന്റ് ട്രോഫി അണ്ടര്‍ 16 ക്രിക്കറ്റ് പോരാട്ടത്തില്‍ ഗോവയ്‌ക്കെതിരേ കളി വരുതിയിലാക്കി കേരളം. ഒന്നാം ഇന്നിങ്‌സില്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഗോവയെ ബാറ്റിങിന് വിട്ടു. അവരുടെ പോരാട്ടം വെറും 130 റണ്‍സില്‍ അവസാനിപ്പിച്ച് കേരളം ഗോവയെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചു. ഫോളോ ഓണ്‍ നേരിട്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഗോവ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഒന്‍പത് വിക്കറ്റുകള്‍ ശേഷിക്കേ ഗോവയ്ക്ക് 296 റണ്‍സ് കൂടി വേണം.
മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഗോവയെ ബാറ്റ് ചെയ്യാന്‍ ഇറക്കിയ കേരളം അവരുടെ ഒന്നാം ഇന്നിങ്‌സ് ക്ഷണത്തില്‍ അവസാനിപ്പിച്ച് കൂറ്റന്‍ ലീഡ് സ്വന്തമാക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജസീര്‍ സി.എനിന്റെ മാരക ബൗളിങിന് മുന്നില്‍ ഗോവയുടെ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നു. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 55 റണ്‍സെടുത്ത ഓപണര്‍ സഞ്ജയ് ഗജിന്‍കറാണ് ടോപ് സ്‌കോറര്‍. ഉദിത് യാദവ് (18), പല്‍കര്‍ (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍. ശ്രീവര്‍ധന്‍ മുരളി രണ്ടും അഖിന്‍, അക്ഷയ് ടി.കെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഗോവയ്ക്കായി കളി നിര്‍ത്തുമ്പോള്‍ അനിഷ് വെര്‍ലെകറും (10), പല്‍കറും (മൂന്ന്) ആണ് ക്രീസില്‍. മൂന്ന് റണ്‍സെടുത്ത സഞ്ജയ് ഗജിന്‍കറുടെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. രണ്ടാം ഇന്നിങ്‌സില്‍ വീണ ഏക വിക്കറ്റ് അക്ഷയ് സ്വന്തമാക്കി.
നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം തുടങ്ങിയ കേരളത്തിനായി ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ (87), അക്ഷയ് ടി.കെ (53) എന്നിവര്‍ പൊരുതി. പിന്നാലെ വന്ന രോഹന്‍ നായര്‍ (30), ആര്യന്‍ കതുരിയ (പുറത്താകാതെ 33) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
പിന്നീട് വാലറ്റം ക്ഷണത്തില്‍ മടങ്ങാന്‍ തുടങ്ങിയതോടെ സ്‌കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 443ല്‍ നില്‍ക്കേ കേരളം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ദിവസം ഓപണര്‍മാരായ ആല്‍ബിന്‍ ബിനു (121) സെഞ്ച്വറി നേടിയപ്പോള്‍ ഒമര്‍ അബൂബക്കര്‍ (82) അര്‍ധ ശതകം നേടി കേരളത്തിനെ മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. ഗോവയ്ക്കായി ഷദബ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."