ചരിത്രമെഴുതി കേരളത്തിന്റെ ചുണക്കുട്ടികള്‍
ജമ്മു: അണ്ടര്‍ 17 ദേശീയ സ്കൂള്‍ ഗെയിംസ് ഫുട്ബോള്‍ കിരീടം ചരിത്രത്തിലാദ്യമായി കേരളം സ്വന്തമാക്കി. ഫൈനലില്‍ ഹരിയാനയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ കിരീടം പിടിച്ചെടുത്തത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ അബു താഹിറാണ് വിജയ ഗോളിന് അവകാശിയായത്.
ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം 57ാം മിനുട്ടില്‍ ഇടുക്കി ജില്ലക്കാരനായ അബു താഹിറിന്റെ ലോങ് റേഞ്ചര്‍ ഹരിയാന വലയില്‍ തുളച്ചിറങ്ങിയതോടെയാണ് കേരളം ചാംപ്യന്‍ പട്ടം ഉറപ്പിച്ചത്. അബു താഹിറും പാലക്കാട് സ്വദേശി ജിഷ്ണുവും അഞ്ച് ഗോളുകള്‍ വീതം നേടി ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ പദവി പങ്കിട്ടു.
കഴിഞ്ഞ തവണ ഫൈനലില്‍ ഹരിയാനയോട് പരാജയപ്പെട്ട് കിരീടം കൈവിടേണ്ടി വന്ന കേരളം ഇത്തവണ അതേ ടീമിനെ കീഴടക്കി പകരം ചോദിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്.
നേരത്തെ ക്വാര്‍ട്ടറില്‍ പഞ്ചാബിനെ 2-1ന് പരാജയപ്പെടുത്തി സെമിയിലേക്ക് കടന്ന കേരളം സെമിയില്‍ മണിപ്പൂരിനെയാണ് പരാജയപ്പെടുത്തിയത്. ഹരിയാന അസമിനെയാണ് സെമിയില്‍ വീഴ്ത്തിയത്. കിരീട നേട്ടത്തോടെ കേരളം ഖേലോ ഇന്ത്യ പോരാട്ടത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."