ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്വാസമില്ലായിരുന്നു; പുതിയ വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് അപ്പോളോ ആശുപത്രി വൈസ്‌ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഢി പറഞ്ഞു.
ശ്വാസമെടുക്കാനാവാതെ അര്‍ധബോധാവസ്ഥയിലാണ് ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കു ശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തതെന്നും അവര്‍ പറഞ്ഞു. ഒകു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22 ന്‌രോഗബാധിതയായി അപ്പോളോ ആശുപത്രിയിലെത്തിയ ജയലളിത 75 ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. പിന്നീട് ഡിസംബര്‍ അഞ്ചിനാണ് അവര്‍ മരിച്ചതായി പുറംലോകം അറിഞ്ഞത്.
ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികില്‍സ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയെല്ലാം വിധിയാണ്. അതിലാര്‍ക്കും ഒന്നും ചെയ്യാനാകില്ല. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ. അവര്‍ രേഖകള്‍ പരിശോധിച്ചാല്‍ നിഗൂഢത ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു.
അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ വിരലടയാളം എടുക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന് ആ സമയത്ത് അത് തനിക്ക് പറയാനാവില്ലെന്നും കാരണം അപ്പോള്‍ താനവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് അവര്‍ മറുപടി നല്‍കിയത്.ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കമ്മിഷന്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."