ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് ഫെബ്രുവരി ഒന്‍പതിലേക്ക് മാറ്റി
കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി ഒന്‍പതിലേക്ക് മാറ്റി.
കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കവെ റിപ്പോര്‍ട്ട് തയാറാക്കാന്‍ രണ്ടുമാസം സാവകാശം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സി.ബി.ഐ ജനുവരി 25ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി ഒന്‍പതിനായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടത്. ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ അശ്‌റഫ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നുമാണ് ഉമര്‍ ഫാറൂഖ് തങ്ങളുടെ ഹരജിയിലുള്ളത്.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ ശാഫി നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ഖാസിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവി നല്‍കിയ നിവേദനം രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഡിസംബര്‍ ആറിന് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഖാസിയുടെ മരണത്തിന് ഉത്തരവാദികളായവരെ തനിക്കറിയാമെന്ന് കാസര്‍കോട് പരപ്പ സ്വദേശി പി.എ അശ്‌റഫ് സി.ജെ.എം കോടതി മുന്‍പാകെ വെളിപ്പെടുത്തിയതു കണക്കിലെടുത്ത് തുടരന്വേഷണം നടത്തണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. അശ്‌റഫിന്റെ വെളിപ്പെടുത്തല്‍ കൂടി ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ രണ്ടുതവണ സി.ബി.ഐക്ക് കത്തു നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ ഭൗതികശരീരം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."