യമനിലെ ഹൂത്തി ഷെല്ലാക്രമണം: സഊദിയിലെ നജ്റാനില്‍ മൂന്നു ഇന്ത്യക്കാരടക്കം ആറു പേര്‍ക്ക് പരുക്ക്
ദമ്മാം: സഊദിയുടെ അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ യമനിലെ ശീഈ ഹൂതി മലീഷികള്‍ അതിര്‍ത്തിയിലെ സഊദി പട്ടണത്തിലേക്ക് തൊടുത്തുവിട്ട ഷെല്ലാക്രമണത്തില്‍ മൂന്നു ഇന്ത്യക്കാരടക്കം ആറു പേര്‍ക്ക് പരുക്കേറ്റു. സഊദിയും യമനും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ നജ്റാനില്‍ ഞായറാഴ്ച്ച ഉച്ചക്ക് ശേഷം സഊദിയെ ലക്ഷ്യമാക്കി ഹൂത്തി മലീഷികള്‍ തൊടുത്തുവിട്ട ഷെല്ലുകള്‍ ഒരു ജല ശുദ്ധീകരണ കേന്ദ്രത്തിലാണ് പതിച്ചത്. ഇവിടെ തൊഴിലിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. മൂന്നു ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ടു ബംഗ്ലാദേശ് പൗരന്മാര്ക്കും ഒരു നേപ്പാളി പൗരനുമാണ് പരുക്കേറ്റത്.
ഷെല്ലാക്രമണം ജല ശുദ്ധീകരണ ശാലയുടെ വാഹന പാര്‍ക്കിങ് ഏരിയയില്‍ ആണ് പതിച്ചത്. ജല ശുദ്ധീകരണ ശാലയുടെ പല ഭാഗങ്ങളും പൂര്‍ണമായും കത്തിനശിച്ചതായി നജ്റാന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം യമനിലെ വിഘടിത വിഭാഗമായ ഇറാന് അനുകൂല ശീഈ ഹൂത്തി മലീഷികള്ക്കെതിരെ യുദ്ധം തുടങ്ങിയ 2015 ഏപ്രില്‍ മുതല്‍ സഊദിയെ ലക്ഷ്യമാക്കി നിരവധി മിസൈലുകളും ഷെല്ലുകളുമാണ് ഹൂത്തികള്‍ തൊടുത്തു വിട്ടത്. ഇതില്‍ ചിലത് സഊദി പ്രദേശത്തു പതിക്കുകയും നിരവധി പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി സഊദി പട്ടണമായ അബഹയെയും ഖമീസ് മുശൈതിനെയും ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ സഊദി അതിര്‍ത്തി സേന ആകാശത്തു വെച്ച് തന്നെ തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."