നേന്ത്രക്കായ വിലയിടിയുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കൊടകര: നേന്ത്രക്കായയുടെ വിലയില്‍ വന്‍ ഇടിവ് വന്നതോടെ നേന്ത്ര വാഴ കര്‍ഷകര്‍ ദുരിതത്തില്‍. വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക സമിതിയുടെ കോടാലിയില്‍ ഉള്ള വില്‍പ്പന ചന്തയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മികച്ച നേന്ത്രക്കായകള്‍ കിലോയ്ക്ക് വെറും 29 രൂപ നിരക്കിലാണ് വില്‍പനയായത്. വിറ്റുവരവിന്റെ കാര്യത്തില്‍ വി.എഫ്.പി.സി.കെയുടെ ജില്ലയിലെ മൂന്നാമത്തെ വലിയ വില്‍പ്പന കേന്ദ്രമാണ് കോടാലിയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടര ടണ്ണോളം നേന്ത്രക്കായയാണ് വ്യാഴാഴ്ച എയര്‍ കേന്ദ്രത്തില്‍ വില്‍പനയായത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ 45 രൂപക്കു വില്‍പ്പന നടന്ന നേന്ത്രക്കായയാണ് ഈ ഡിസംബറില്‍ വെറും 29 രൂപക്ക് വിറ്റഴിക്കേണ്ടി വന്നത്. കര്‍ണാടകയില്‍ നിന്നുള്ള നേന്ത്രക്കായയുടെ വരവാണ് വിലത്തകര്‍ച്ചക്ക് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലൊന്നും ഇത് പോലെ കര്‍ണാടകയില്‍ നിന്നും നേന്ത്രക്കായ വരാറില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കിലോവിന് 24 ഉം 25 ഉം രൂപ വിലക്കാണ് കര്‍ണാടകയില്‍ നിന്നും നേന്ത്രക്കായ എത്തുന്നത്. ഈ കായ വരവ് നില്‍ക്കാതെ ഇവിടെ നേന്ത്രക്കായ വില മെച്ചപ്പെടില്ലെന്നും കര്‍ഷകര്‍ വേവലാതിപെടുന്നു.
അതെ സമയം മറ്റു പച്ചക്കറികള്‍ക്ക് ഇത്തരത്തില്‍ ഭീഷണി ഇല്ലതാനും. പൂവന്‍കായ കിലോയ്ക്ക് 28 രൂപ, പാളയംകോടന്‍ 15 രൂപ, കണ്ണങ്കായ 18 രൂപ, പയര്‍ 55 രൂപ, ഇളവന്‍ 12 രൂപ എന്നിങ്ങനെ കച്ചവടം നടക്കുന്നുണ്ട്. നേന്ത്രക്കായയുടെ വിലയിടിവിന് എന്തെങ്കിലും പരിഹാരം കാണണം എന്ന ആവശ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."