ഓത്തുപള്ളീലന്ന് നമ്മള് പോയിരുന്ന കാലം....
മദ്രാസ് എം.വി.എം സ്റ്റുഡിയോയിലെ മൈക്രോഫോണിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മുരളിയുടെ മനം നിറയെ ആശുപത്രിക്കിടക്കയിലെ അച്ഛനായിരുന്നു. മലയാളിയുടെ മനസില്‍ ഗൃഹാതുരതയുടെയും സ്‌നേഹത്തിന്റെയും മധുരനെല്ലിക്കയായ് മാറിയ 'ഓത്തുപള്ളീലന്നു നമ്മള് ' ഗാനം വി.ടി മുരളിയുടെ കണ്ഠനാളങ്ങളില്‍ നിന്നാദ്യമായുയര്‍ന്നു വന്നിട്ട് കാലമൊരുപാടായി.
മൂന്നരപ്പതിറ്റാണ്ടിലേറെക്കാലം മുന്‍പ് ഓത്തുപള്ളി പാടുമ്പോള്‍ ജീവിതത്തില്‍ അനേകായിരം തവണ ഇതേ പാട്ട് ആവര്‍ത്തിച്ചാലപിക്കേണ്ടിവരുമെന്നു കവിയും രാഷ്ട്രീയക്കാരനുമായ വി.ടി കുമാരന്‍ മാസ്റ്ററുടെ പുത്രന്‍ വി.ടി മുരളി ഓര്‍ത്തിരിക്കില്ല.
കേരളത്തിലെ ചലച്ചിത്ര ഗാനചരിത്രത്തില്‍ അനശ്വരഗീതമായിത്തീര്‍ന്ന 'ഓത്തുപള്ളീലന്നു നമ്മള് ' എന്ന പാട്ടു മാത്രം മതി വി.ടി മുരളി എന്ന മഹാപ്രതിഭയെ അറിയാന്‍.
'തേന്‍തുള്ളി' എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത മാപ്പിള കവി പി.ടി അബ്ദുറഹ്മാനാണ് ഓത്തുപള്ളി രചിച്ചത്. ഇതു കൂടാതെ മറ്റു രണ്ടു ഗാനങ്ങളും പി.ടി ഇതേ ചിത്രത്തിനുവേണ്ടി എഴുതിയിരുന്നു.
'കാലത്തെ ജയിക്കുവാന്‍' എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും മുരളി പാടി. 'മോഹം ഇതളിട്ട പൂവെ'ന്നു തുടങ്ങുന്ന അടുത്ത ഗാനം പി. സുശീലയും. മാപ്പിള പുരാണ കാവ്യമായ മുഹ്‌യുദ്ദീന്‍ മാലയുടെ ഗാനാവിഷ്‌കാരമായിരുന്ന 'നാവാല്‍ മൊഴിയുന്നേ' എന്ന നാലാമത്തെ പാട്ട് പീര്‍ മുഹമ്മദ്, എന്‍.പി ഉമ്മര്‍കുട്ടി, എ. ഉമ്മര്‍, ഹമീദ് ശര്‍വാനി എന്നിവര്‍ ചേര്‍ന്നു പാടി.
പാട്ട് റെക്കോഡിങ് മദ്രാസില്‍ നടക്കുമ്പോള്‍ മുരളിയുടെ പിതാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അത്യാഹിതവിഭാഗത്തില്‍ കഴിയുന്ന അച്ഛന്റെ അടുത്തുനിന്നാണ് ആ ചെറുപ്പക്കാരന്‍ മദ്രാസിലേക്കു വണ്ടി കയറിയത്.
പള്ളിക്കര വി.പി മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു 'തേന്‍തുള്ളി'ക്കു തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ തന്നെ നോവലായിരുന്നുവത്. സഹായികളായി സംവിധായകന്‍ കെ.പി കുമാകന്‍, എസ്.വി അബ്ദുല്ല, നിര്‍മാതാവായ ഷാജഹാന്‍ തുടങ്ങിയവര്‍. ഇന്ന് വി.പി യും പി.ടിയും ജീവിച്ചിരിപ്പില്ല.
എന്നാല്‍, മലയാളിയുടെ ചുണ്ടുകളില്‍ ആ ഗാനം മധുരം ചുരത്തി നിലനില്‍ക്കുന്നു. 1979ല്‍ പുറത്തുവന്ന ചിത്രം പരാജയമായിരുന്നുവെങ്കിലും 'ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം' എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മാപ്പിളപ്പാട്ടിന്റെ ഇശലില്‍ തീര്‍ത്ത ഗാനം ഹിറ്റായി. വി.ടി മുരളിയെന്ന ഗായകന്റെ ജീവിതത്തിലെ വഴിത്തിരിവുമായി അത്. പതിനായിരക്കണക്കിനു വേദികളില്‍ മുരളി ഈ ഗാനം പാടി. തലമുറകളിലൂടെ ഓത്തുപള്ളി കൈമാറപ്പെടുകയായിരുന്നു.
പ്രിയപ്പെട്ട ഗുരുനാഥന്‍ കെ. രാഘവന്‍ മാസ്റ്റര്‍ നല്‍കിയ ആത്മധൈര്യം മാത്രമായിരുന്നു മുരളിയുടെ കരുത്ത്. രാഘവന്‍ മാഷായിരുന്നു ഓത്തുപള്ളി ചിട്ടപ്പെടുത്തിയത്. ശ്രീവിദ്യയും സുകുമാരനുമായിരുന്നു 'തേന്‍തുള്ളി'യിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിക്കോടിയിലും പരിസരപ്രദേശങ്ങളിലുമാണു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
കോട്ടക്കലില്‍ വച്ചായിരുന്നു 'ഓത്തുപള്ളി'യുടെ ചിത്രീകരണം. കാച്ചിമുണ്ടും കുപ്പായവും തട്ടവുമണിഞ്ഞ് കോന്തലക്കല്‍ നെല്ലിക്കയുമായി ഓത്തുപള്ളിയിലെത്തുന്ന ആമിനയും അവള്‍ക്കു തേനിന്റെ അട നല്‍കുന്ന മുണ്ടും കുപ്പായവും ഉറുമാലുമണിഞ്ഞ യൂസുഫും മലയാളികളില്‍ പാട്ടിലെ വരികളിലൂടെ തെളിഞ്ഞു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."