ഭാര്യയ്ക്ക് ജോലിയില്ലെന്നോ...?!
''സത്യത്തില്‍ എന്താണ് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം..?'' ജ്ഞാനിയുടെ ചോദ്യം.
അയാള്‍ പറഞ്ഞു: ''തൊഴില്‍ രംഗത്തെ സമ്മര്‍ദങ്ങള്‍.. ഒന്നു ശ്വാസമയക്കാന്‍ പോലും ഒഴിവില്ലാത്ത കഠിന ജോലിയാണു ദിവസവും..''
''ആകട്ടെ, എന്താണു നിങ്ങളുടെ ജോലി..?''
''ഒരു കമ്പനിയില്‍ എക്കൗണ്ടന്റാണ്..''
''എന്താണ് ഭാര്യയുടെ ജോലി..?''
''ഭാര്യയ്ക്ക് ജോലിയൊന്നുമില്ല. അവള്‍ വെറുമൊരു ഗൃഹനാഥയായി കഴിയുന്നു..''
''രാവിലെ നിങ്ങളെയും നിങ്ങളുടെ മക്കളെയും വിളിച്ചുണര്‍ത്തുന്നതാരാണ്..?''
''അതെന്റെ ഭാര്യതന്നെ..''
''നിങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രാതല്‍ ഉണ്ടാക്കുന്നതോ..?''
''അതും ഭാര്യ. അവള്‍ക്ക് വേറെ ജോലിയൊന്നുമില്ലല്ലോ..''
''എപ്പോഴാണ് നിങ്ങളുടെ ഭാര്യ എഴുന്നേല്‍ക്കാറുള്ളത്..?''
''കാലത്ത് അഞ്ചുമണിക്ക്.''
''നിങ്ങളോ...?''
''ഞാന്‍ ആറര കഴിയും..''
''മക്കളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതാരാണ്..?''
''അതും ഭാര്യ തന്നെ..''
''മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചാല്‍ ഭാര്യ എന്താണു ചെയ്യുക...?''
''അവള്‍ ഭക്ഷണമൊരുക്കും.. വസ്ത്രങ്ങള്‍ അലക്കും. വീട് അടിച്ചുവാരും.. അങ്ങനെ അല്ലറ ചില്ലറ പണികളെടുക്കും..''
''ആ നേരത്ത് നിങ്ങളുടെ വേലയോ..?''
''ഞാന്‍ കുളിച്ച് വൃത്തിയായി ജോലിക്കുപോകും..''
''ജോലി എത്ര മണി വരെയാണ്...?''
''ഉച്ചയ്ക്ക് മൂന്നുമണി വരെ..''
''മൂന്നുമണിക്ക് തിരിച്ചുവന്നാലോ..?''
''തിരിച്ചുവന്നാല്‍ ഭക്ഷണം കഴിച്ച് ഒന്നുറങ്ങും.. ജോലിയുടെ ക്ഷീണം നന്നായി കാണുമല്ലോ..''
''ആ സമയത്ത് ഭാര്യ എന്തെടുക്കുകയായിരിക്കും..?''
''ഭാര്യ കുട്ടികളെ സ്‌കൂളില്‍നിന്നു കൊണ്ടുവരാന്‍ പോകും.. പിന്നെ വൈകുന്നേരത്തെ ചായ ഉണ്ടാക്കും..''
''ജോലിയുടെ ക്ഷീണം തീര്‍ത്തശേഷം താങ്കളെന്താണു ചെയ്യുക..?''
''പത്രമൊന്നു നോക്കും. പിന്നെ വാര്‍ത്തകള്‍ കാണാന്‍ ടി.വി ഓണ്‍ ചെയ്യും..''
''ഭാര്യയോ..?''
''രാത്രി ഭക്ഷണം ഉണ്ടാക്കും. ഭക്ഷണത്തിനുശേഷം പാത്രങ്ങളെല്ലാം കഴുകിവയ്ക്കും. അടുക്കള വൃത്തിയാക്കും. കുട്ടികളെ ഉറക്കുകയും ചെയ്യും..''
''ശരി, ഇനി ഞാന്‍ ചോദിക്കട്ടെ.. നിങ്ങളില്‍ ആരാണ് ശരിക്കും എന്നെ വന്നു കാണേണ്ടത്..? താങ്കളോ അതോ താങ്കളുടെ ഭാര്യയോ...? ഭാര്യക്ക് ജോലിയൊന്നുമില്ല എന്നാണു താങ്കള്‍ ആദ്യം പറഞ്ഞത്.. വീട്ടുജോലികള്‍ മുഴുവന്‍ ചെയ്യുന്നതു ഭാര്യയാണെന്നും പറഞ്ഞു. ഇതില്‍ ഏതാണു ശരി..? ആര്‍ക്കാണു കൂടുതല്‍ വിശ്രമം വേണ്ടി വരിക.. പത്തുമണിക്കു തുടങ്ങി മൂന്നു മണിക്ക് അവസാനിക്കുന്ന ജോലിക്കാരനായ നിങ്ങള്‍ക്കോ അതോ പുലര്‍ച്ചെ അഞ്ചുമണിക്ക് തുടങ്ങി രാത്രി പത്തുമണി വരെ ജോലി ചെയ്യുന്ന താങ്കളുടെ ഭാര്യക്കോ..?''
ജ്ഞാനിയുടെ ഈ ചോദ്യങ്ങള്‍ക്കുമുന്നില്‍ അയാള്‍ ഒരുനിമിഷം പകച്ചുനിന്നു. തന്റെ മുഴുവന്‍ പരാതികളും പരിഭവങ്ങളും അതില്‍ ഒലിച്ചിറങ്ങിപ്പോയപോലെ..
അഞ്ചു പൈസ പോലും ശമ്പളം വാങ്ങുന്നില്ല.. ഒരു ദിവസംപോലും ലീവെടുക്കുന്നില്ല... അതു മറ്റുള്ളവര്‍ ചെയ്യട്ടെ എന്നു പറഞ്ഞു ചെയ്യേണ്ട ദൗത്യം മാറ്റിവയ്ക്കുന്നില്ല... ചെയ്യേണ്ടത് എന്താണെന്നു പറഞ്ഞ് ആരും ജോലി നിശ്ചയിക്കുന്നില്ല.. ആരും പറഞ്ഞുകൊടുക്കാതെ തന്നെ എല്ലാം കണ്ടറിഞ്ഞു നിര്‍വഹിക്കുന്നു.. അതും രാപകലില്ലാതെ.. ഇങ്ങനെ തൊഴില്‍ ചെയ്യുന്ന നമ്മുടെ ഭാര്യമാരെപ്പറ്റി നാം പറയുന്നത് അവര്‍ക്കു ജോലിയില്ല എന്ന്..!
നാളെ സ്ഥാപനത്തിന് അവധിയാണെന്നു പറഞ്ഞാല്‍ ആഘോഷിക്കുന്നവരാണു നമ്മള്‍.. നാളെ വീടിന് അവധിയാണെന്നു പറഞ്ഞാല്‍ സമ്മതിക്കാത്തവരാണു നമ്മുടെ ഭാര്യമാര്‍. ശമ്പളത്തില്‍നിന്നു പത്തുരൂപ കുറഞ്ഞാല്‍ പ്രതികാരമെന്നോണം ജോലിയില്‍ പതിനായിരം രൂപയുടെ കുറവു വരുത്താന്‍ മടികാണിക്കാത്തവര്‍ നമ്മള്‍.. ചെയ്യുന്ന ജോലിക്ക് അരക്കാശു പോലും ചോദിക്കാത്തവര്‍ നമ്മുടെ ഭാര്യമാര്‍.. ഏല്‍പിച്ച പണിതന്നെ ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ പിശുക്ക് കാണിക്കുന്നവര്‍ നമ്മള്‍. ഏല്‍പിക്കാത്തതുപോലും കണ്ടറിഞ്ഞ് തികഞ്ഞ ആത്മാര്‍ഥതയോടെ ചെയ്യുന്നവര്‍ നമ്മുടെ ഭാര്യമാര്‍.. നാം ക്ലോക്കിലേക്ക് നോക്കി ജോലി ചെയ്യുന്നവര്‍.. ക്ലോക്കിലേക്കു നോക്കി ജോലി തകൃതിയാക്കുന്നവര്‍ നമ്മുടെ ഭാര്യമാര്‍.. എന്നിട്ടും അവര്‍ക്ക് പരാതികളില്ല. പരിഭവങ്ങളില്ല. മടുപ്പില്ല. എന്നിട്ടും ഭാര്യയ്ക്ക് ജോലിയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ നാം പറയുന്നു: ''ഇല്ല..''
നന്ദികേടിന്റെ മൂര്‍ത്തീമദ്ഭാവമേ, നിന്റെ പേരോ 'ഭര്‍ത്താവ് '..?
ഭാര്യയെ യന്ത്രങ്ങളായി കാണരുത്. അവര്‍ക്കു വില കല്‍പിക്കണം.. നമുക്കല്ല, അവര്‍ക്കാണു ശരിക്കും ജോലിയുള്ളത്.. നാം ധനബോധത്തോടെയാണു ജോലിയെടുക്കുന്നതെങ്കില്‍ അവര്‍ ഉത്തരവാദിത്തബോധത്തോടെയാണു ജോലിയെടുക്കുന്നത്.. അവര്‍ക്കു ജോലിയില്ലെന്ന് ഇനിയെങ്കിലും പറഞ്ഞുപോകരുത്. അവളുടെ ജോലി ഗൃഹഭരണമാണ്.. അവര്‍ ഭരിക്കുന്നപോലെ ഗൃഹം ഭരിക്കാന്‍ ഒരു ദിവസമെങ്കിലും നമുക്കു കഴിയുമോ എന്നു പരീക്ഷിച്ചുനോക്കുക; പത്തിമടക്കും നാം. നാം തോറ്റുപോകുന്ന ജോലിയാണു ജീവിതം മുഴുവന്‍ അവര്‍ നിര്‍വഹിക്കുന്നത്.. അതും അഞ്ചുപൈസ ശമ്പളം പറ്റാതെ...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."