ആണ്‍കോയ്മയുടെ ശൂന്യസ്ഥലികള്‍
1970ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഹിഷാം മതര്‍ ലിബിയന്‍ മാതാപിതാക്കളോടൊപ്പം മൂന്നാം വയസില്‍ ട്രിപ്പോളിയില്‍ എത്തിയതോടെ സൗഭാഗ്യകരമായ ബാല്യത്തിന്റെ ജീവിതപരിസരങ്ങളില്‍നിന്നു കലുഷമായ ഒരു നാടിന്റെ അന്തരീക്ഷത്തിലേക്കാണു പറിച്ചുനടപ്പെട്ടത്. ഒന്‍പതാം വയസില്‍, ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ അധികാരാരോഹണത്തെ തുടര്‍ന്ന് കുടുംബസമേതം ഈജിപ്തിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായതോടെ ഹിഷാമിന്റെയും സഹോദരന്റെയും സ്‌കൂള്‍ വിദ്യാഭ്യാസം കെയ്‌റോയിലായി. തുടര്‍ന്ന് 1986ല്‍ ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ എത്തിയ ഹിഷാം അവിടെനിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം നേടി. 1990ല്‍ വിമതന്‍ എന്ന പേരില്‍ ഈജിപ്ഷ്യന്‍ രഹസ്യപ്പൊലിസ് കെയ്‌റോയില്‍നിന്നു തട്ടിക്കൊണ്ടുപോയി ലിബിയന്‍ ഭരണകൂടത്തിനു കൈമാറിയ പിതാവ് ജബല്ല മതറിനെ കുറിച്ചു പിന്നീട് ദുരൂഹതകള്‍ മാത്രമാണ് അവശേഷിച്ചത്. അപ്രത്യക്ഷനായതിനുശേഷം ആറുവര്‍ഷം കഴിഞ്ഞ് പിതാവിന്റെ സ്വന്തം കൈപ്പടയില്‍ വീട്ടിലെത്തിയ കത്തില്‍നിന്നാണ് അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിന്റെ ആദ്യ സൂചനകള്‍ കുടുംബത്തിനു ലഭിക്കുന്നത്. 2002ല്‍ പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന സൂചനകള്‍ ലഭിച്ചതില്‍നിന്ന്, ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിലാക്കപ്പെട്ടിരുന്നവരില്‍ 1996ലെ കൂട്ടക്കൊലയ്ക്കു വിധേയരായ 1,200 പേരില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല എന്ന് അനുമാനിക്കാനായി.
[caption id="attachment_463601" align="alignleft" width="360"] ഹിഷാം മതര്‍[/caption]ഇന്നും ദുരൂഹത മാത്രം ശേഷിക്കുന്ന ആ കാണാതാവലിന്റെ പിന്നാമ്പുറമായും പിതാവിനെ തേടിയുള്ള അന്വേഷണങ്ങളായുമാണ് ഹിഷാമിന്റെ കി വേല ഇീൗിൃ്യേ ീള ങലി, അിമീോ്യ ീള മ ഉശമെുുലമൃമിരല എന്നീ നോവലുകളും ഠവല ഞലൗേൃി എന്ന നോണ്‍ ഫിക്ഷന്‍ കൃതിയും രചിക്കപ്പെട്ടത്. ഒരു ഒന്‍പതു വയസുകാരന്റെ കണ്ണിലൂടെ ഗദ്ദാഫിയുടെ അധികാരാവരോഹണ ഘട്ടത്തിലെ ലിബിയന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അപകടകരമായ സാഹചര്യങ്ങളിലെ അതിജീവനത്തിന്റെയും ദുരന്തങ്ങളുടെയും കുടുംബകഥ ആവിഷ്‌കരിക്കുന്ന 'പുരുഷന്മാരുടെ നാട്ടില്‍' (2006) എന്ന പ്രഥമ നോവല്‍ ഗാര്‍ഡിയന്‍ ഫസ്റ്റ് ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ പ്രൈസ് എന്നിവയ്ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.
1979ലെ വേനല്‍ക്കാലം. കേണല്‍ ഗദ്ദാഫി ദാക്ഷിണ്യമില്ലാത്ത രീതിയില്‍ വിമതരെയും എതിരാളികളെയും കൊന്നൊടുക്കിയും പീഡിപ്പിച്ചും തന്റെ ഭരണം അരക്കിട്ടുറപ്പിക്കുന്ന ഘട്ടം. തന്റെ നാട്ടിലും വീട്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചു തുടക്കം മുതലേ അങ്കലാപ്പിലാണ് ഒന്‍പതുകാരന്‍ സുലൈമാന്‍ ദവാനി. ഗദ്ദാഫിഭരണത്തില്‍ നാടെങ്ങും അരങ്ങേറുന്ന കൊടിയ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും അനുഭവങ്ങള്‍ അവനു കാണാനാകുംവിധം സംഭവിക്കുക അവന്റെ ഏറ്റവും നല്ല സുഹൃത്തിന്റെ പിതാവും കോളജ് അധ്യാപകനുമായ ഉസ്താദ് റഷീദിന്റെ കാര്യത്തിലാണ് - ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന 'കുറ്റസമ്മതം', ബാസ്‌കറ്റ്‌ബോള്‍ സ്റ്റേഡിയത്തിലെ പരസ്യമായ തൂക്കിലേറ്റല്‍ എന്നിവ. സ്വന്തം കുടുംബത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ശൈഥില്യത്തിനും അവന്‍ ദൃക്‌സാക്ഷിയാണ്. ജനാധിപത്യവാദിയെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പിതാവും രോഷവും നൈരാശ്യവും ഉള്ളിലൊതുക്കി 'നിഗൂഢ'മായ അസുഖത്തിനു മരുന്നെന്ന വ്യാജേന രഹസ്യമായി വാങ്ങുന്ന മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവ മാതാവുമാണ് അവനുള്ളത്. നാടിനെ മൂടുന്ന രഹസ്യാത്മകത കുടുംബത്തെയും ഗ്രസിച്ചിരിക്കുന്നു.
ബിസിനസ് ആവശ്യാര്‍ഥം ഇടയ്ക്കിടെ 'നാടുവിടുന്ന' പിതാവ് ഫറാജിനെ അതേസമയം പട്ടണത്തില്‍ കാണാനാകുന്നുണ്ട്. രഹസ്യമായി ചെറുത്തുനില്‍പ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഫറാജ് ഒന്‍പതു വയസുകാരനു പിടികിട്ടാത്ത വസ്തുതയാണ്. മാതാവ് നജ്‌വയോടൊപ്പം വീട്ടില്‍ തനിച്ചാവുന്ന സുലൈമാനു മദ്യാസക്തിയിലും വൈകാരിക സംഘര്‍ഷങ്ങളിലും പെട്ടുപോകുന്ന അവരോട് ഉത്തരവാദിത്തവും ഒപ്പം നിസഹായതയും അനുഭവപ്പെടുന്നുണ്ട്. ''മമ്മയും ഞാനും മിക്ക സമയവും ഒരുമിച്ചായിരുന്നു- അവര്‍ തനിച്ച്, എനിക്ക് അവരെ വിട്ടുപോകാനാവാതെ. ഒരൊറ്റ നിമിഷത്തേക്കു പോലും, നോട്ടത്തിന്റെ കാഠിന്യം കുറയ്ക്കാനായി, ഞാന്‍ മറ്റെങ്ങോട്ടെങ്കിലും കണ്ണു പായിച്ചാല്‍ ലോകം എങ്ങനെ മാറിപ്പോകും എന്ന് ഞാന്‍ ഭയന്നു. എന്റെ ശ്രദ്ധ പൂര്‍ണമായും അര്‍പ്പിച്ചാല്‍ അപകടം അകറ്റി നിര്‍ത്താനാവുമെന്നും അവര്‍ സുഖം പ്രാപിച്ചും ചീത്തയാവാതെയും ഇനിയും സ്വയം നഷ്ടപ്പെട്ട് മറുതീരത്ത് തനിയെ കാത്തുനില്‍ക്കേണ്ടി വരാതെയും തിരിച്ചെത്തുമെന്നും എനിക്കുറപ്പായിരുന്നു.'' ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടുന്നതായി സുലൈമാന് അനുഭവപ്പെടുന്നു, ''ബാബ അകലെയായിരുന്ന ആ ശൂന്യദിനങ്ങളില്‍ പലപ്പോഴും അവര്‍ അലക്ഷ്യമായി വീട്ടില്‍ ചുറ്റിനടന്നു. കുളിക്കുമ്പോഴോ കണ്ണാടിക്കു മുന്നില്‍നിന്നു കണ്ണെഴുതുമ്പോഴോ അല്ലെങ്കില്‍ തോട്ടത്തിലിരുന്നു വരക്കുമ്പോഴോ പതിവുണ്ടായിരുന്ന മട്ടില്‍ ആ പതിഞ്ഞ അലസമായ ഈണത്തില്‍ ഇപ്പോള്‍ അവര്‍ പാടുന്നേയില്ലായിരുന്നു. സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങുകയും വിരലുകള്‍ ചുമരില്‍ ഉരസുകയും ചെയ്യുമായിരുന്ന ഒരു പെണ്‍കുട്ടിയെ താനറിയാതെ തന്നില്‍നിന്ന് ആവാഹിക്കുമായിരുന്ന ആ പാട്ട്: ഇറ്റാലിയന്‍ കോഫി ഹൗസിനു മുന്‍പില്‍ ഒരു നിമിഷം, നിഷ്‌കളങ്കതയുടെ തെളിമയില്‍ സുരക്ഷിതമായിരുന്ന ഒരു നിമിഷം, ''വേണ്ട,'' എന്നൊന്നു പറയാന്‍ പോലുമുള്ള അവസരം നല്‍കും മുന്‍പ്, തര്‍ക്കിക്കുന്നതിനു മുന്‍പ്, അവളെ സ്ത്രീത്വത്തിലേക്കും പിന്നീട് തിരിച്ചൊരു വഴിയില്ലാത്ത വിധം മാതൃത്വത്തിലേക്കും അതിരു കടത്തുകയും ചെയ്ത ആ ശീഘ്ര ശക്തിക്ക് മുന്‍പ്.''
ഒരു ഇറ്റാലിയന്‍ റസ്റ്റൊറന്റില്‍ ആണ്‍കുട്ടികള്‍ കൂടിയുള്ള കൂട്ടുകാര്‍ക്കൊപ്പം കാപ്പി കഴിച്ചതിന്റെ പേരില്‍ അഭിമാന സംരക്ഷണാര്‍ഥം കുടുംബത്തിലെ പുരുഷന്മാരുടെ തീരുമാനത്തിനു വിധേയമായി പതിനാലാം വയസില്‍ വിവാഹിതയാകാനും പതിനഞ്ചാം വയസില്‍ അമ്മയാകാനും നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയുടെ നിസഹായതയായാണ്, നോവലിന്റെ തലക്കെട്ടില്‍ സൂചിപ്പിക്കപ്പെട്ട പുരുഷ മേധാവിത്ത സമൂഹത്തിലെ പെണ്ണനുഭവം എന്ന പ്രമേയം കടന്നുവരുന്നത്. അന്ന് തനിക്കു വേണ്ടാതെ ഉരുവായതുമൂലം നശിപ്പിച്ചുകളയാന്‍ ആഗ്രഹിച്ച കുഞ്ഞായിരുന്നു സുലൈമാന്‍ എന്നു വേദനയോടെ അവള്‍ ഓര്‍ക്കുന്നുണ്ട്.
കുടുംബത്തിലെ പുരുഷന്മാരുടെ സംഘം എന്നത് നോവലിലെ ദേശാനുഭവത്തില്‍ ഗദ്ദാഫിയുടെ 'ഹൈ കൗണ്‍സിലി'ന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. പുരുഷലോകവുമായുള്ള തന്റെ അനുഭവം വച്ച് അവരെയെല്ലാം അപകടകാരികളായ വിഡ്ഢികളായി തന്നെയാണ് നജ്‌വ മനസിലാക്കുക. സ്വയം ഒരമേരിക്കന്‍ യുവതിയെ വിവാഹം ചെയ്തവനായിരുന്നു എന്നതൊന്നും സഹോദരിയുടെ കാര്യത്തില്‍ പരമ്പരാഗത കടുംപിടിത്തം അടിച്ചേല്‍പ്പിക്കുന്നതില്‍നിന്ന് നജ്‌വയുടെ സഹോദരനെ പിന്തിരിപ്പിക്കുന്നില്ല.
സുലൈമാന്റെ ആഖ്യാനത്തിലൂടെ ട്രിപ്പോളിയുടെ ചരിത്രഘട്ടത്തെയും സാധാരണ മനുഷ്യര്‍ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ സമ്മര്‍ദങ്ങളെ അതിജീവിക്കുന്ന രീതിയെയും അവതരിപ്പിക്കുക എന്നത് നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു സര്‍ഗാത്മക വെല്ലുവിളിയാണ്. ദേശം നേരിടുന്ന രാഷ്ട്രീയ, ബൗദ്ധിക ശൂന്യത വ്യക്തമാകുന്ന രംഗങ്ങള്‍ നോവലിലുണ്ട്. ഗദ്ദാഫിയുടെ റവല്യൂഷനറി ഗാര്‍ഡിലെ അംഗങ്ങള്‍ ടൈപ്‌റൈറ്റര്‍ കൈയിലുള്ള ഒരാളെ വേട്ടയാടുന്ന രംഗം ഉദാഹരണം. തന്റെ അപക്വമായ ദര്‍ശനങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പോലും പ്രചരിപ്പിക്കുമായിരുന്ന ഏകാധിപതി ബുദ്ധിജീവികളെ ഭയപ്പെട്ടിരുന്നതിന്റെ ചിത്രമാണത്. ഇവിടെയൊക്കെ ആഖ്യാതാവിനു പൂര്‍ണമായും മനസിലാകാത്ത കാര്യങ്ങളാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ഉസ്താദ് റഷീദിന്റെ അറസ്റ്റും തൂക്കിലേറ്റപ്പെടലും പോലെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പൊലിസിന്റെ ശ്രദ്ധ ക്ഷണിച്ചുവരുത്തുന്നതും ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നതും റവല്യൂഷനറി ഗാര്‍ഡ് ഒടുവില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതും എന്തിനെന്ന് സുലൈമാന് പൂര്‍ണമായും അറിയില്ല. കൊടിയ ജയില്‍പീഡനങ്ങള്‍ക്കൊടുവില്‍ ശാരീരികവും മാനസികവുമായി തകര്‍ന്ന മനുഷ്യനായാണ് ഫറാജ് ഏറെ നാളുകള്‍ക്കുശേഷം തിരിച്ചെത്തുക. ഏകാധിപത്യം തന്നെപ്പോലുള്ള കുട്ടികളുടെയും തന്റെ ഉമ്മയെ പോലുള്ള സ്ത്രീകളുടെയും മാത്രമല്ല മുതിര്‍ന്ന മനുഷ്യരുടെയും ജീവിതങ്ങള്‍ ഉഴുതുമറിക്കുന്നതെങ്ങനെയെന്ന് ഇളംപ്രായത്തില്‍ തന്നെ സുലൈമാന്‍ മുഖാമുഖം കാണുകയാണ്.
തകര്‍ന്നുപോയ ഫറാജിനെ ശുശ്രൂഷിക്കാന്‍ ആവതു ശ്രമിക്കുമ്പോഴും അയാളുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ നജ്‌വയ്ക്കു കഴിയുന്നില്ല. വീട്ടിനു പുറത്ത് അവര്‍ക്കൊരു ജീവിതവുമില്ല. പുരുഷന്മാരാണു വീട് ഭരിക്കുന്നത്. പക്ഷെ അതും വലിയ ശക്തികള്‍ പിടിമുറുക്കും വരെ മാത്രം. ഇതിനനുസൃതമായി ചിട്ടപ്പെടുത്തപ്പെട്ട ശ്വാസം മുട്ടിക്കുന്ന ഒതുങ്ങിയ ജീവിതരീതിയാണ് സുലൈമാനുമുള്ളത്. വീടിനും തോട്ടത്തിനും അപ്പുറം കാര്യമായൊന്നും പുറത്തുപോകാത്ത സുലൈമാന്‍ വല്ലപ്പോഴും തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങുമെങ്കിലും അപ്പോഴും സമ്മര്‍ദങ്ങള്‍ക്കു നടുവിലാണ്. കാരണം ആ കുട്ടികള്‍ ഒന്നുകില്‍ പുതുതായി ഉദയം കൊണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ സമൂഹത്തില്‍നിന്നുള്ളവരോ അല്ലെങ്കില്‍ ജനാധിപത്യവാദികളായ ആക്ടിവിസ്റ്റുകളുടെ മക്കളോ ആണ്. പുറംലോകം വല്ലപ്പോഴും വീടുമായി ബന്ധപ്പെടുമ്പോള്‍ അതു ഭീഷണികളോ റവല്യൂഷനറി ഗാര്‍ഡിന്റെ ഭീകരതകള്‍ ഒളിപ്പിച്ചുവച്ച ടെലിവിഷന്‍ വിചാരണകളോ അറിയിപ്പുകളോ ആണ്. തന്റെ അങ്കലാപ്പും അജ്ഞതയും കാരണം സുലൈമാന്‍ തന്നെ കരീമിനെയും സ്വന്തം പിതാവിനെ തന്നെയും ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളിയാകുന്നുണ്ട്. കരീമിന്റെ രഹസ്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കാന്‍ ഇടയാകുമ്പോള്‍, സുരക്ഷാവകുപ്പിനോട് സഹകരിക്കുന്നത് ഒടുവില്‍ പിതാവിനെ രക്ഷിക്കും എന്ന മിഥ്യാധാരണയാണ് അവനെ വഴിതെറ്റിക്കുക. സര്‍വാധിപത്യം വിഷയമായി വരുന്ന കൃതികളില്‍ പലപ്പോഴും കാണാവുന്ന ഒന്നാണ് ഇരകള്‍ തന്നെ പരസ്പരം നടത്തുന്ന ഇത്തരം ഒറ്റിക്കൊടുക്കല്‍. അതിന്റെ ദൂഷിത വലയത്തില്‍നിന്ന് ആരും മുക്തരല്ലതന്നെ. വാസ്തവത്തില്‍, ഗദ്ദാഫി വിരുദ്ധരായിരുന്ന ചെറുത്തുനില്‍പ്പുകാരും നൈതികമായോ ധൈഷണികമായോ കുറ്റമറ്റവരോ ഉന്നതരോ അല്ല എന്ന സൂചനകള്‍ നോവലില്‍ എങ്ങുമുണ്ട്.
സുലൈമാന്‍ തന്റെ പക്വതയില്ലായ്മയിലാണു ഫലത്തില്‍ ഒരു ഒറ്റുകാരന്‍ ആകുന്നതെങ്കില്‍, പീഡനം ദുസഹമാകുന്ന ഘട്ടത്തില്‍ ഫറാജ് തന്നെയും തന്റെ കൂട്ടാളികളെ ഒറ്റിക്കൊടുക്കുന്നുണ്ട്. ഒരുപക്ഷെ അതു കുടുംബത്തിന്റെ രക്തത്തില്‍ തന്നെയുള്ള ദൗര്‍ബല്യമാകാം. എന്നാല്‍ പിടിക്കപ്പെടുന്ന മറ്റു വിപ്ലവകാരികളിലും ഈ ദൗര്‍ബല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'രക്തസാക്ഷികളുടെ ചത്വര'ത്തിലെ രഹസ്യ ഫ്‌ളാറ്റില്‍ ഒരുമിച്ചുകൂടി വിദ്യാര്‍ഥികളെയും മറ്റു യുവജനതയെയും കലാപത്തിനു പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ തയാറാക്കി വിതരണം ചെയ്യുന്നവര്‍ ആത്മരക്ഷയുടെ പ്രലോഭനങ്ങള്‍ മറികടക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നവര്‍ ഒന്നുമല്ല. അത്തരം ഒറ്റിനു വിസമ്മതിക്കുന്ന ഉസ്താദ് റഷീദിനെ പോലുള്ള ധീരരായ പോരാളികളാകട്ടെ തൂക്കുകയര്‍ അതിജീവിക്കുന്നുമില്ല.
കൗമാരക്കാരന്റെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നതുകൊണ്ടാകാം, നോവല്‍ പ്രകടമായ രാഷ്ട്രീയ സംവാദഭാവം കൈക്കൊള്ളുന്നില്ല. ഗദ്ദാഫിവിരുദ്ധ മുന്നേറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും നേരിട്ട് നോവലിന്റെ വിഷയവുമല്ല. ഹിഷാം മതറിന്റെ പ്രഥമ പരിഗണന സുലൈമാന്റെ അനുഭവാവിഷ്‌കാരത്തോടുള്ള സത്യസന്ധതയിലാണ്. കുടുംബാന്തരീക്ഷത്തിന്റെ പരിമിതികളില്‍ കഴിയുന്ന കൗമാരക്കാരന് പുറംലോകത്തെ കുറിച്ചു പരിമിതമായേ കാഴ്ചകളും സ്വരങ്ങളും അനുഭവവേദ്യമാകുന്നുള്ളൂ. എന്നാല്‍, ഇരുപത്തിനാലു വയസിലെത്തിയ സുലൈമാന്‍ തന്റെ പിന്നിട്ട കാലം ഓര്‍ത്തെടുക്കുന്ന രീതിയിലാണ് ആഖ്യാനം നടത്തുന്നത് എന്നത് അന്നു ചേരാതെ പോയ കണ്ണികളെ മനസിലാക്കാന്‍ അവനെ സഹായിച്ചിരിക്കാം. ട്രിപ്പോളിയില്‍ അവന്റെ സുരക്ഷിതത്വത്തെ കുറിച്ചു ഭയപ്പാടുണ്ടായിരുന്ന മാതാപിതാക്കള്‍ അവനെ കെയ്‌റോയിലേക്ക് അയക്കുകയായിരുന്നു. അതുപക്ഷെ അവന്‍ കരുതിയതിലും നീണ്ട പ്രവാസമായിത്തീര്‍ന്നു. പിതാവിന്റെ മരണസമയത്ത് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അവനു ലിബിയയിലേക്കു തിരികെ പോകാനാവുന്നില്ല. ആ അര്‍ഥത്തില്‍ അവന്റെ മാതാപിതാക്കളും അവനോട് ഒരു ചതി പ്രയോഗിക്കുകയായിരുന്നു എന്നു പറയാം. കുട്ടിക്കാലത്തിന്റെ ചിതറിയ ശേഷിപ്പുകളില്‍നിന്ന് അവനു തന്റെ ജീവിതം സ്വയം കൂട്ടിത്തുന്നിയെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."