ഒരു പുസ്തകം ഫലസ്തീന്‍, അത്രയും നോവ്
വെള്ളത്തില്‍ തന്നെ താമസിക്കുന്ന കാരണം മീനുകള്‍ക്കു കുളിരാറില്ല എന്നു പറയുന്ന പോലെയാണു നോവിന്റെ പുസ്തകങ്ങളുടെ വായന. നൊന്തു നൊന്തു നമ്മുടെ നോവിന്റെ വൈകാരികക്ഷമത മങ്ങിപ്പോവാം. അതുകൊണ്ട് ഫലസ്തീനില്‍നിന്നുള്ള പുസ്തകങ്ങളൊന്നും വാങ്ങിക്കാതെയും വായിക്കാതെയും ശ്രദ്ധിക്കും. വാര്‍ത്തകളും ലേഖനങ്ങളും പുസ്തകങ്ങള്‍ പോലെയല്ല. അവയുണ്ടാക്കുന്ന വേദനകള്‍ക്കു ഹൃസ്വതയുണ്ട്. കൂട്ടക്കുരുതി തന്നെയായാലും അതിന്റെ വാര്‍ത്ത വായിക്കുന്ന പോലെയല്ല, അതിലകപ്പെടുകയോ അതിജീവിക്കുകയോ ചെയ്ത ഒരാളുടെ അനുഭവ വിവരണം. ചിലനേരത്ത് ഒരൊറ്റയാളുടെ മരണം ദുരന്തമായി ബാധിക്കുന്ന പോലെ നമ്മെ കൂട്ടമരണങ്ങള്‍ ബാധിക്കുന്നില്ല. മരണസംഖ്യ കൂടുന്ന കണക്കിനു കുരുതികള്‍ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് ധാരണയായി മാത്രം മനസില്‍ രേഖപ്പെടുന്നു. ഒരാളുടെ യാതനയുടെ സ്മരണ വായിക്കുന്നേരമാവട്ടെ അതു നോവിന്റെ കയത്തില്‍ നമ്മെ മുക്കിപ്പിടിക്കുന്നു.
മുരീദ് ബര്‍ഗൂത്തിയുടെ ക ടമം ഞമാമഹഹമവയുടെ മലയാള വിവര്‍ത്തനം 'റാമല്ല ഞാന്‍ കണ്ടു' എന്ന പുസ്തകം വാങ്ങിക്കാതിരിക്കാനും വായിക്കാതിരിക്കാനും കഴിഞ്ഞില്ല. കാരണം പ്രിയപ്പെട്ട കവി അനിതാ തമ്പിയാണതു വിവര്‍ത്തനം ചെയ്തത്. മുരീദ് ബര്‍ഗൂത്തി കവിയാണ്, അനിതയും കവിയാണ്. ഒരു കവി വേറൊരു കവിയുടെ നോവ് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഹൃദയം പരസ്പരം മാറ്റിവച്ച പോലെ അതൊന്നായിത്തീരുന്നു. കവിതയുടെ ഭാഷയില്‍ എഴുതപ്പെട്ട കഥയുടെ രൂപമുള്ള സ്മരണകളുടെ പുസ്തകമാണ് 'റാമല്ല ഞാന്‍ കണ്ടു'. ചെറുപ്പത്തില്‍ നാടില്ലാതാകുന്നതിന്റെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞു നാട്ടിലേക്കൊന്നു തിരികെ വരാനാകുന്നതിന്റെയും നോവും നനവുമാണ് ഇതിവൃത്തം. ജീവിതത്തില്‍ നാടില്ലാതാവുന്നത് ശരീരത്തില്‍ ജീവനില്ലാതാകുന്നതു പോലെയാണ്. ഇല്ലാതായ നാട്ടിലേക്കൊരു മടക്കം ശരീരത്തിലേക്കു നഷ്ടപ്പെട്ട ജീവന്‍ തിരികെവരുന്നതു പോലെയുമാണ്. മരിക്കുന്നേരം ആളുകള്‍ വന്നുകൂടുന്ന പോലെ പോയ്‌പോയവര്‍ മടങ്ങി വരുന്നേരവും ആളുകള്‍ വീട്ടില്‍ വന്നുകൂടുന്നു.
മുപ്പതാണ്ടുകള്‍ക്കു ശേഷം റാമല്ല ഒന്നു കണ്ട നേരത്തെ വിവരണത്തില്‍ മുരീദ് ബര്‍ഗൂത്തിയും വീട്ടില്‍ വന്നവരുടെ ഒരു പട്ടിക തന്നെ തയാറാക്കിയിട്ടുണ്ട്. ഫലസ്തീന്റെ പലായനത്തിന്റെയും പല കോണുകളില്‍നിന്നുള്ള നിരന്തരമായ ചതിക്കപ്പെടലിന്റെയും രോഷവും കനലുകളും ഊതിയൂതി കവിതയുടെ തീയാക്കിമാറ്റിയ മഹ്മൂദ് ദര്‍വേഷിന്റെ 'ഐഡന്റിറ്റി കാര്‍ഡ് ' എന്ന കവിതയെ ഫലസ്തീന്റെ ദേശീയഗാനം എന്നു വിശേഷിപ്പിച്ച എഡ്വേഡ് ഡബ്ല്യു. സൈദ്, മുരീദ് ബര്‍ഗൂത്തിയുടെ പുസ്തകത്തെ വിശേഷിപ്പിച്ചത് ഞങ്ങളുടെ നാടുനഷ്ടമെന്ന നിലവിലെ അനുഭവത്തിന്റെ ഉല്‍ക്കടമായ വിവരണം എന്നാണ്. മലയാളത്തില്‍ ഒലിവ് ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം ഗദ്യത്തിലെഴുതിയ ഖസീദയാണ്. ഫലസ്തീനിലെ സ്ഥലങ്ങളും മരങ്ങളും മണങ്ങളും കായ്കനികളും രുചികളും കിളികളും കാറ്റുകളും കൂറ്റുകളുമെല്ലാം സൂക്ഷ്മമായി പകര്‍ത്താന്‍ മഹ്മൂദ് ദര്‍വേഷ് പരീക്ഷിച്ച ഖസീദത്തുല്‍ അര്‍ള്(നാടിന്റെ കാവ്യം) പോലെ, അതേ ശ്രേണിയില്‍ വരുന്നൊരു ഖസീദത്തുല്‍ ഹയാത്ത്(വാഴ്‌വിന്റെ കാവ്യം).
മധ്യപൗരസ്ത്യ ദേശത്തിന്റെ ആധുനിക എഴുത്തുഭൂപടം നിവര്‍ത്തിക്കാണിക്കുന്നതിന് റസാ അസ്‌ലാന്‍ തയാറാക്കിയ 'ടാബ്ലറ്റ് ആന്‍ഡ് പെന്‍' എന്നൊരു സമാഹാരമുണ്ട്. ഒന്നാം ലോകയുദ്ധാനന്തരമുള്ള മുസ്‌ലിം/ഇസ്‌ലാമിക ലോകത്തുനിന്നുള്ള കവിതകള്‍, കഥകള്‍, നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവയില്‍നിന്ന് പ്രസക്ത ഭാഗങ്ങള്‍ എടുത്തുചേര്‍ത്തു രൂപംനല്‍കിയ കൃതി. അതിന്റെ ആമുഖമായി സൂചിപ്പിച്ചിരിക്കുന്നൊരു കാര്യം ബാല്‍ഫര്‍ പ്രഖ്യാപനം എങ്ങനെ പൗരസ്ത്യ ലോകത്തിന്റെയാകെ രാഷ്ട്രീയത്തെയും ജീവിതത്തെയും എന്ന പോലെ എഴുത്തിനെയും മാറ്റിപ്പണിതുവെന്നാണ്. ഓട്ടോമന്‍ തുര്‍ക്കിയുടെ അധീനതയില്‍നിന്നു പശ്ചിമേഷ്യയെ പിടിച്ചെടുത്ത് തങ്ങളുടെ ചെറു കോളനികളാക്കി മാറ്റുന്നതിന് ബ്രിട്ടനും ഫ്രാന്‍സും ധാരണയായ സൈക്‌സ്പീക്കോ രഹസ്യ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1916ല്‍. 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം. ഈ കാലത്തെയും അതിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങളെയും ഒഴിച്ചുനിര്‍ത്തി അറബി ഭാഷയ്‌ക്കോ മധ്യപൗരസ്ത്യ ദേശത്തിനോ ആധുനികമായ ഒരു സാംസ്‌കാരിക വ്യവഹാരമോ, സാഹിത്യ പ്രവര്‍ത്തനമോ സാധ്യമായിരുന്നില്ലെന്ന് അദ്ദേഹം തീര്‍ത്തുപറയുന്നു. ഒന്നാം ലോകയുദ്ധം തീരുന്നതോടെ മധ്യപൗരസ്ത്യ ദേശത്തെ വീതംവയ്ക്കാനുള്ള രൂപരേഖ തയാറായിരുന്നു. ബ്രിട്ടനും ഫ്രാന്‍സിനും പൂര്‍ണ നിയന്ത്രണമുള്ള വെവ്വേറെ പ്രദേശങ്ങളും ഇരുശക്തികളും പരസ്പര ധാരണയോടെ അതതു പ്രദേശത്തെ രാഷ്ട്രീയപ്രഭുക്കള്‍ക്ക് അവസരം നല്‍കുന്ന ചെറു അറബ് ഭരണകൂടങ്ങളും ഉടമ്പടി വിഭാവനം ചെയ്തു.
ശാം എന്നറിയപ്പെടുന്ന വിശാല ദേശത്തിന്റെ കേന്ദ്രമായ ഫലസ്തീന്‍, ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കൂട്ടത്തില്‍ റഷ്യയുടെയും ഇംഗിതം പോലെ പില്‍ക്കാലത്തു തീരുമാനിക്കാവുന്ന വിധം ലീഗ് ഓഫ് നാഷന്‍സിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയുമായിരുന്നു. അങ്ങനെയാണ് ബ്രിട്ടനു നേരിട്ട് ആധിപത്യമില്ലാത്ത ഫലസ്തീന്‍ ജൂതരാഷ്ട്ര നിര്‍മിതിക്ക് ഒരുക്കപ്പെട്ടതും ബാല്‍ഫര്‍ പ്രഖ്യാപനം വഴി ഇസ്‌റാഈല്‍ സ്ഥാപനത്തിന്റെ ആദ്യ ചുവടുവയ്ക്കുന്നതും. കഴിഞ്ഞ ആഴ്ചയിലെ ട്രംപിന്റെ പ്രഖ്യാപനം വരെ നീളുന്ന അവസാനിക്കാത്ത വെട്ടിപ്പിടിക്കലും ആട്ടിപ്പായിക്കലും സഹിക്കുന്നു ഫലസ്തീനികള്‍. 1917 നവംബറില്‍നിന്ന് 2017 നവംബറിലേക്കുള്ള നൂറ്റാണ്ടും ഫലസ്തീനു കല്ലിച്ച വേദനകള്‍ തന്നെ.
ബാല്‍ഫര്‍ പ്രഖ്യാപനം ഇസ്‌റാഈലിനെ ഉണ്ടാക്കി. അതോടെ രാഷ്ട്രീയ ഭൂപടത്തില്‍നിന്നു മാഞ്ഞുതുടങ്ങിയെങ്കിലും ഒരു സാഹിത്യഭൂപടം ഫലസ്തീന് കിട്ടിത്തുടങ്ങി എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അറബ് സാഹിത്യത്തില്‍ ഉള്‍പ്പെട്ടും ഉള്ളടങ്ങിയുമല്ലാതെ സ്വയം ശക്തിക്ഷയങ്ങളോടെ പുലരുന്നൊരു സാഹിത്യമണ്ഡലം ഫലസ്തീനില്ലായിരുന്നു. വിശേിച്ചും ഓട്ടോമന്‍ സുല്‍ത്താന്മാരുടെ ധീര്‍ഘകാലത്തെ ഭരണദശയിലാകട്ടെ അറബിസാഹിത്യം തന്നെ, കവികളും കലാകാരന്മാരും കൊട്ടാരങ്ങള്‍ കൊള്ളേ ഗമിച്ചുതുടങ്ങിയിരുന്നു. രാജാവിനെ പുകഴ്ത്തിയും രാജഗുണങ്ങളെ വാഴ്ത്തിയുമുള്ള സാഹിത്യകൃതികളുടെ ഒരരങ്ങായിരുന്നു അന്നേരം. കവികളും കലാകാരന്മാരും സ്വദേശങ്ങളെ ഉപേക്ഷിച്ച് ഇസ്താംബൂളിലേക്കു പോയി എന്നാണതിനെ പറ്റി പറയപ്പെടുന്നത്. പിന്നീട്, 1917നുശേഷം ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും കൃതികളുടെ പിറവി ഫലസ്തീനില്‍നിന്നുണ്ടായി.
രേഖപ്പെടുത്തപ്പെട്ട വൈകാരിക ജീവചരിത്രമാണു ജനതകള്‍ക്കു കലയും സാഹിത്യവും. ജനതകള്‍ക്കു ദേശീയമായ ഒരിടം കാലത്തിലും സ്ഥലത്തിലും സ്ഥാനപ്പെടുത്തി നല്‍കുന്നുവെന്നതാണു സാഹിത്യത്തിന്റെ സംഭാവന. ലോകം ഗൂഢാലോചന നടത്തി വേരറുത്തുവിട്ട ഒരു ജനതയുടെ ഉള്ള് മുറിഞ്ഞ ജീവിതം ഫലസ്തീനിലെ എഴുത്തുകാരിലൂടെ നമ്മള്‍ വായിച്ചറിഞ്ഞു. വിശ്വകവിയായ മഹ്മൂദ് ദര്‍വേഷ് മുതല്‍ മുരീദ് ബര്‍ഗൂത്തി വരെയുള്ള എത്രയോ പേരുടെ കഥകള്‍, കവിതകള്‍, സ്മരണകള്‍. പുസ്തകത്തിലെ അവസാന അധ്യായത്തിലെ ഒരു ഭാഗം വായിച്ചതിന്റെ തൊട്ടുശേഷമാണു കഴിഞ്ഞയാഴ്ചത്തെ ആ പ്രധാന വാര്‍ത്ത മുന്നിലേക്കു വന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്നു. മുരീദ് ബര്‍ഗൂത്തിയുടെ വിവരണത്തിനൊപ്പം ട്രംപിന്റെ പ്രസംഗം ഇടയ്ക്കു വായിക്കുന്നേരം ചരിത്രത്തില്‍ സ്വയം സംബന്ധിക്കുന്ന പോലൊരു വികാരമുണ്ടായി എനിക്ക്.
1967നുശേഷം അറബികള്‍ക്കു ചതുരംഗക്കളിയിലെ എല്ലാ നീക്കങ്ങളും തോല്‍വിയുടേതായിരുന്നു. ശത്രു നിശ്ചയിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നതായി വിമോചനപോരാട്ടത്തിന്റെ ഗതി. ഇന്‍തിഫാദയ്ക്കു പകരം ഓസ്‌ലോ. അറബികള്‍ എക്കാലത്തും അവര്‍ക്കു നിവൃത്തിയില്ലാത്തതിനോടു പൊരുത്തപ്പെട്ടുകൊള്ളുമെന്ന് ബിന്‍യാമീന്‍ നെതന്യാഹു അമേരിക്കയെ ധരിപ്പിക്കുന്നു. ഇസ്‌റാഈല്‍ സഹിക്കുന്ന നോവുകളെ ചൊല്ലിയായി മാറുന്നു പ്രചാരവേലകള്‍. പതുക്കെ, അടിയുടെ കഥകള്‍ പറയാതെയാകുകയും തിരിച്ചടിയുടെ മാത്രം കഥകള്‍ പറയപ്പെടുകയും ചെയ്യുന്ന സ്ഥിതി. രണ്ടാമതു സംഭവിച്ചതു മാത്രം പറയുക, ആദ്യം സംഭവിച്ചതെന്തെന്നു പറയാതിരിക്കുക. അങ്ങനെ തങ്ങളുടെ വേദനകള്‍ പോലും അപഹരിക്കപ്പെട്ടുവെന്ന് ബര്‍ഗൂത്തി പറഞ്ഞുതരുന്നു. ലോകത്തിന് ജറൂസലം ഒരു പ്രതാപ പ്രതീകമാണ്. മതങ്ങളുടെ പവിത്രസ്ഥലിയാണ്. പക്ഷേ, ഞങ്ങള്‍ക്കത് അതിന്റെ വിശുദ്ധി പോലും ഗൗനിക്കാതെ ഞങ്ങള്‍ നടന്നിരുന്ന ജറൂസലം ആയിരുന്നു. കാരണം ഞങ്ങള്‍ അതിനുള്ളില്‍ തന്നെയാണ്, അതു ഞങ്ങള്‍ തന്നെയാണെന്നു കവി ഓര്‍മിക്കുന്നു.
സ്വദേശമെന്ന മരണമുഖത്തു ജീവിക്കുന്ന ഫലസ്തീനികള്‍, ഇസ്‌റാഈലിനകത്ത് നരകിക്കുന്ന ഇസ്‌റാഈലി അറബികള്‍, നാടുവിട്ടു പോയ അഭയാര്‍ഥികള്‍. ഫലസ്തീന്‍ ചിതറിയ ദേശീയതായി മാറി. ഇരുപത്തിയൊന്നാം വയസില്‍ ബിരുദപഠനത്തിനായി കെയ്‌റോയിലേക്കു പോയ മുരീദ് ബര്‍ഗൂത്തിക്ക് തിരികെ ചെല്ലാന്‍ സ്വന്തം മണ്ണില്ലാതായി. അങ്ങനെയും അനാഥരായിപ്പോയവര്‍ കുറേ. മുരീദ് ബര്‍ഗൂത്തി പോന്ന നാടായ റാമല്ല 1967ലെ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. പിന്നീടുള്ള മൂന്നു ദശകങ്ങള്‍ തിരികെ ചെല്ലാന്‍ നാടോ വീടോ നാളെയോ ഇല്ലാത്തതായി അദ്ദേഹത്തിന്റെ ജീവിതം. ആളില്ലാത്ത ഒരു നാട്ടിലേക്കു നാടില്ലാത്ത ജൂതരെ കൊണ്ടുവരികയാണ് ഇസ്‌റാഈല്‍ ചെയ്തതെന്ന നുണയുടെ മറവില്‍ മാറ്റിനിര്‍ത്തപ്പെട്ട യാതനയാണ് ഫലസ്തീനികളുടേത്. ഫലസ്തീനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഒരു കാലത്തും യാതൊരു അര്‍ഥവുമില്ല. ഫലസ്തീന്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത് ഒരു തര്‍ക്കത്തിലല്ല, അതൊരു കനത്ത ബലപ്രയോഗത്തിലൂടെയായിരുന്നു എന്ന് ബര്‍ഗൂത്തി എഴുതിയിരിക്കുന്നു.
ഇസ്‌റാഈലിന്റെ കഥയ്ക്കു പിന്നില്‍ ഇഴപിണഞ്ഞുകിടക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഭൂമിയും ജനതയും. ഒരു തരം സയണിസ്റ്റ് കലിയാണതിന്റെ പിന്നാമ്പുറം. ആളില്ലാത്ത ഭൂമി ഭൂമിയില്ലാത്ത ആളുകള്‍ക്ക് എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് സയണിസം ചിതറിക്കിടന്ന ജൂതരെ ഇസ്‌റാഈലിലേക്കു ക്ഷണിച്ചത്. യഹൂദരെ മാത്രമല്ല, മുഴുവന്‍ ലോകത്തെയും അങ്ങനെ വിശ്വസിപ്പിക്കുന്നതില്‍ ഇസ്‌റാഈല്‍ വിജയിച്ചു. നിയതമായ ഒരു ഭരണഘടന പോലും ഇനിയും രൂപപ്പെടുത്താതെ രാജ്യാന്തര നിയമങ്ങളെ മുഴുവന്‍ കബളിപ്പിച്ച് ജൂതരാജ്യം അതിലെ ന്യൂനപക്ഷത്തോടു ചെയ്യുന്ന ചതികളും ഞെരുക്കിയൊതുക്കലുകളും. ഇസ്‌റാഈലില്‍ ഒരറബിക്കു മരണം പോലും പ്രശ്‌നമാണ്. കാരണം അടക്കാന്‍ മണ്ണില്ല.
സയണിസ്റ്റ് ചരിത്രത്തിലെ ഫലസ്തീന്‍ ആളില്ലാത്ത ഭൂമിയായിരുന്നുവെങ്കില്‍, സയണിസ്റ്റ് വര്‍ത്തമാനത്തിലെ ഫലസ്തീനികള്‍ സ്വന്തം രാജ്യത്തിനകത്തെ അഭയാര്‍ഥികളാണ്. രണ്ടാം തരമല്ല എത്രയോ തരംതാണ പൗരന്മാര്‍. ഒരു കവി ഒച്ചയില്ലാതെ ഉരുവിടുന്ന കേള്‍ക്കാന്‍ മറ്റാരുമില്ലാത്ത സ്വന്തം കഥയാണ് 'റാമല്ല ഞാന്‍ കണ്ടു'. കവി മറ്റാരെക്കാളും നോവുകളെ പല മടങ്ങ് സഹിക്കേണ്ടി വരുന്നു. പ്രിന്‍സ് ക്ലോസ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹ്മൂദ് ദര്‍വേഷ് നടത്തിയ പ്രഭാഷണത്തില്‍ ഒരാള്‍ക്ക് ഒരിടത്തേ പിറക്കാനാവൂ, എന്നാല്‍ അയാള്‍ നാടുകടത്തപ്പെട്ടോ, ജയിലുകളിലോ അക്രമവും അടിച്ചമര്‍ത്തലും കൊണ്ട് ദുഃസ്വപ്നമായി മാറിയ ജന്മനാട്ടിലോ മറ്റെവിടെയെങ്കിലുമോ പലകുറി മരിക്കുന്നുവെന്നു പറഞ്ഞതിനുശേഷം കവിത കൊണ്ടുള്ളൊരു പ്രയോജനം വെളിപ്പെടുത്തുന്നുണ്ട്.
ഒരുപക്ഷേ കവിത മാത്രം ഒരു മനോഹരമായ മിഥ്യ കൊണ്ട് നേരത്തെ പറഞ്ഞ യാഥാര്‍ഥ്യത്തെ ലാളിക്കാന്‍ നമ്മെ സഹായിക്കുന്നു എന്നതാണത്. നമുക്കകത്തുനിന്നു നമ്മള്‍ വീണ്ടും വീണ്ടും പിറവിയെടുക്കുന്നുവെന്നും കൂടുതല്‍ നല്ലൊരു അയഥാര്‍ഥ ലോകം നിര്‍മിക്കാനായി വാക്കുകളുപയോഗിക്കാമെന്നും നമ്മെ ധരിപ്പിച്ചുകൊണ്ടാണത്. ചുറ്റുമുള്ളവര്‍ തുടരെത്തുടരെ മരിച്ചുപോകുന്ന, കൊല്ലപ്പെടുന്ന ഒരധ്യായമുണ്ട് ഈ പുസ്തകത്തില്‍. ആ അപമൃത്യുകള്‍ സഹിച്ചതിന്റെയും ശേഷം അവ ഓര്‍മിച്ചെഴുതിയതിന്റെയും നേരങ്ങളില്‍ മുരീദ് ബര്‍ഗൂത്തിക്കും കവിതയുടെ മേല്‍പറഞ്ഞ പ്രയോജനം ഉപകരിച്ചിരിക്കാമെന്നു വിശ്വസിച്ചുകൊണ്ട് നിര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."