ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിനെ പ്രതീക്ഷിക്കരുത്
രാജ്യത്തെ മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയമാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന സര്‍ക്കാരനുകൂല മാധ്യമങ്ങളുടെയും സംഘ്പരിവാര്‍ നേതാക്കളുടെയും പരിഹാസശരങ്ങളെ അതിജീവിച്ചു തലയെടുപ്പുള്ള ദേശീയനേതാവിന്റെ പദവിയിലേക്കാണു രാഹുല്‍ഗാന്ധി വളര്‍ന്നിരിക്കുന്നത്. പപ്പുവെന്നും രാജകുമാരനെന്നും പരിഹസിച്ചവരുടെ നാവടങ്ങിയിരിക്കുന്നു.
രാഹുല്‍ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിയെ നിയോഗിച്ചിരുന്ന മോദി അവരെ ഒഴിവാക്കി ഭയപ്പാടോടെ നേരിട്ടുതന്നെ ഗോദയിലിറങ്ങിയിരിക്കുന്നു. കൂട്ടിന് അമിത് ഷായും ഉണ്ട്. എന്നിട്ടും ഇരു നേതാക്കളും വിയര്‍ക്കുകയാണ്. രാഹുല്‍ഗാന്ധി ഗുജറാത്തില്‍ കാഴ്ചവച്ച ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഉശിരന്‍ പ്രകടനത്താലാണത്. ഇന്നലെക്കണ്ട രാഹുല്‍ഗാന്ധിയല്ല ഇന്നു കാണുന്ന രാഹുല്‍ഗാന്ധിയെന്ന തിരിച്ചറിവില്‍ ബി.ജെ.പി നേതാക്കളുടെ ചങ്കിടിച്ചുകൊണ്ടിരിക്കുമ്പോഴാണു കോണ്‍ഗ്രസുമായി ചേര്‍ന്നൊരു ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ ചേരേണ്ടതില്ലെന്ന തീരുമാനത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ എത്തിയിരിക്കുന്നത്.
സി.പി.എമ്മിന്റെ ഈ നിലപാടിനെ പഴയതുപോലെ ചരിത്രപരമായ വിഡ്ഢിത്തമെന്നു പറഞ്ഞു തള്ളിക്കളയുന്നത് ഉചിതമായിരിക്കില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള സുവര്‍ണാവസരം കപ്പിനും ചുണ്ടിനും ഇടയില്‍ വച്ച് അന്നത്തെ പോളിറ്റ് ബ്യൂറോ തട്ടിത്തെറിപ്പിച്ചപ്പോള്‍ ജ്യോതിബസു തന്നെ ഉന്നയിച്ച ആക്ഷേപമായിരുന്നു ചരിത്രപരമായ വിഡ്ഢിത്തമെന്നത്.
യു.പി.എ സര്‍ക്കാരിനു നല്‍കിയ പിന്തുണ ആഗോളവല്‍ക്കരണത്തിന്റെ പേരു പറഞ്ഞ് പിന്‍വലിച്ചപ്പോഴും ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ ആവര്‍ത്തനമായി അതു ഗണിക്കപ്പെട്ടു. ഈ വിഡ്ഢിത്തത്തില്‍ പങ്കാളിയാകാന്‍ ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി വിസമ്മതിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിയില്‍നിന്നു പുറത്തായി. ഫാസിസം വാപിളര്‍ന്ന് ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും തൊണ്ടതൊടാതെ വിഴുങ്ങാന്‍ അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഫാസിസം ഇന്ത്യയിലെത്തിയിട്ടില്ലെന്നായിരുന്നു സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കണ്ടുപിടിത്തം.
ജഡ്ജിമാര്‍ വിധി പറയുന്നതില്‍ അവരുടെ വ്യക്തിപരമായ പശ്ചാത്തലവും മതവും സ്വാധീനം ചെലുത്താറുണ്ടെന്നു ഡല്‍ഹി നിയമ സര്‍വകലാശാലയിലെ ഡെത്ത് പെനാല്‍റ്റി വിഭാഗം ഡയറക്ടര്‍ അനൂപ് സുരേന്ദ്രന്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് ഈയിടെയാണ്. അതുപോലെ രാഷ്ട്രീയനേതാക്കളുടെ ചില നിലപാടുകളെ അവരുടെ വ്യക്തിപരമായ പശ്ചാത്തലവും മതകാഴ്ചപ്പാടും സ്വാധീനിക്കുന്നുണ്ടെന്നു വേണം കരുതാന്‍.
പ്രകാശ് കാരാട്ടിന്റെ നിലപാട് സംബന്ധിച്ചു പൊതുസമൂഹത്തിനുണ്ടാകാവുന്ന സന്ദേഹവും ഇതായിരിക്കാം. ഫാസിസം ഇന്ത്യയില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞുവെന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവകാശപ്പെടുന്നതു മതനിരപേക്ഷമായ പശ്ചാത്തലത്തിന്റെ സ്വാധീനം കൊണ്ടാകാം.
ബൂര്‍ഷ്വ-ഭൂവുടമ പാര്‍ട്ടികളുമായുള്ള സഖ്യവും മുന്നണി ബന്ധവും വേണ്ടെന്നും മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഉചിതമായ തെരഞ്ഞെടുപ്പു നയം വേണമെന്നുള്ള സീതാറാം യെച്ചൂരി തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നുണ്ട്. ഇതിനുള്ള ബദല്‍ രേഖയിലാകട്ടെ പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും വാദിക്കുന്നതു കോണ്‍ഗ്രസുമായി പ്രത്യക്ഷത്തിലും പരോക്ഷമായും ബന്ധം വേണ്ടെന്നാണ്.
ഇവര്‍ രണ്ടുപേരുടെയും അടിവേരുകള്‍ കേരളത്തിലാണെന്നു മറക്കരുത്. കേരളത്തില്‍ സി.പി.എമ്മിന്റെ മുഖ്യ രാഷ്ട്രീയ എതിരാളി കോണ്‍ഗ്രസാണ്. അത്തരമൊരു കക്ഷിയുമായുള്ള സഖ്യം ഭാവിയില്‍ സി.പി.എമ്മിനു ദോഷം ചെയ്യുമെന്ന നിഗമനത്താലായിരിക്കാം ഇത്തരമൊരു നിലപാടിനു കേരളഘടകത്തിനൊപ്പം പ്രകാശ് കാരാട്ടിനെയും പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാല്‍, പ്രകാശ് കാരാട്ടിന്റെയും ഭൂരിപക്ഷം പി.ബി അംഗങ്ങളുടെയും ഇത്തരമൊരു നിലപാടു വേറെയും മാനങ്ങള്‍ തേടുന്നുവെന്നതാണു യാഥാര്‍ഥ്യം.
കേവലമായ അധികാരരാഷ്ട്രീയത്തില്‍ കുരുക്കിയിടാവുന്നതല്ല ആ നിലപാടുകള്‍. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായാണു പ്രകാശ് കാരാട്ടിന്റെ ബദല്‍രേഖ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു നിയതമായൊരു മാനിഫെസ്റ്റോ ഉണ്ട്. അതൊരിക്കലും മതനിരപേക്ഷമോ ജനാധിപത്യപരമോ അല്ല. അതിനാല്‍ത്തന്നെ ഇന്ത്യന്‍ മതനിരപേക്ഷ നിലപാടുകളുമായി ആ പ്രത്യയശാസ്ത്രം ചേര്‍ന്നു പോകുന്നുമില്ല. പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ അവര്‍ മതനിരപേക്ഷ രാഷ്ട്രീയപ്പാര്‍ട്ടിയായി അഭിനയിക്കുന്നുവെന്നു മാത്രം.
കാതലായപ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവര്‍ സ്വരൂപം പുറത്തെടുക്കും. കേരളത്തില്‍ ഈയിടെയുണ്ടായ രണ്ടുദാഹരണങ്ങളെടുക്കാം. ഇസ്‌ലാമിലേക്കു വന്ന ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യമോ മനുഷ്യാവകാശമോ ഇതുവരെ സി.പി.എമ്മിനു വിഷയമായിട്ടില്ല. കൊടിഞ്ഞിയില്‍ ഫൈസല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടതും മാനവികതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനു വിഷയമായില്ല. ഹാദിയയും ഫൈസലും ഇസ്‌ലാമിലേക്കാണല്ലോ പോയത്, സി.പി.എമ്മിലേക്കല്ലല്ലോ.
അതേസമയം, ഫലസ്തീന്റെ മനുഷ്യാവകാശത്തിനു വേണ്ടിയും ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമാക്കിയതിനെതിരേയും ഐക്യദാര്‍ഢ്യപ്രതിജ്ഞയെടുക്കാന്‍ സി.പി.എമ്മിനു മടിയില്ല. അതിനു പ്രത്യേക അധ്വാനമൊന്നും വേണ്ട. മാത്രമല്ല, കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉപകരിക്കുകയും ചെയും. മലപ്പുറത്തു മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടമിട്ടു ഫ്‌ളാഷ്‌മോബ് നടത്തിയതിനെതിരേ ചില വ്യക്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതു സി.പി.എമ്മിന് ഇഷ്ടപ്പെട്ടില്ല. പ്രതിഷേധക്കാര്‍ക്കുള്ള മറുപടിയെന്നോണം തിരവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം വേഷം ധരിപ്പിച്ചു പ്രതിഷേധ നൃത്തമാടിച്ചു.
മുസ്‌ലിം സ്ത്രീകളുടെ പരിപാവനമായ ശിരോവസ്ത്രത്തെ ഹിന്ദു പെണ്‍കുട്ടികളെ ഉപയോഗിച്ച് അപമാനിച്ചതിനെതിരേ ഒരു ഹിന്ദു സന്ന്യാസി തന്നെ സോഷ്യല്‍ മീഡിയയില്‍ ശക്തിയായി പ്രതിഷേധിച്ചു. തരംകിട്ടുമ്പോള്‍ ഇസ്‌ലാമിനെ അവഹേളിക്കുകയെന്നതിലപ്പുറം മറ്റെന്താണ് ഈ പ്രതിഷേധ നൃത്തംകൊണ്ട് അവര്‍ ഉദ്ദേശിച്ചത്. മുസ്‌ലിംപെണ്‍കുട്ടികള്‍ തട്ടമിട്ടു നൃത്തം ചെയ്യുന്നതും ഹിന്ദു പെണ്‍കുട്ടികളെ തട്ടം ധരിപ്പിച്ചു നൃത്തമാടിക്കുന്നതും രണ്ടും രണ്ടാണ്. പ്രത്യയശാസ്ത്ര ശാഠ്യത്താല്‍ മതനിരപേക്ഷതയെ തകര്‍ക്കുന്ന നടപടിയല്ലേ ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം തന്നെ ഇതു ബോധ്യപ്പെടുത്തുന്നതാണ്.
റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാര്‍ക്കെതിരേ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷവിക്കുകള്‍ നടത്തിയ വിപ്ലവത്തില്‍ പങ്കാളികളായവരില്‍ മുസ്‌ലിംപണ്ഡിതന്മാരും യോദ്ധാക്കളുമുണ്ടായിരുന്നു. ബുഖാറയിലെയും സമര്‍ക്കന്തിലെയും മുസ്‌ലിം പണ്ഡിതന്മാര്‍ ലെനിനു പിന്തുണനല്‍കിയതു വിപ്ലവം വിജയിച്ചാല്‍ സാര്‍ ചക്രവര്‍ത്തിയുടെ ഉപദ്രവത്തില്‍നിന്നു ലെനിന്‍ അവരെ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു. വിപ്ലവം വിജയിച്ച ലെനിന്‍ ആദ്യം ചെയ്തതു വിപ്ലവത്തിനു സഹായം നല്‍കിയ മുസ്‌ലിംപണ്ഡിതരെ ഒന്നൊന്നായി കൊന്നൊടുക്കുക എന്നതായിരുന്നു.
ഇന്ത്യയുടെ വിദൂരഭാവിയില്‍ പോലും സി.പി.എമ്മിന് അധികാരത്തില്‍ വരാനുള്ള സാധ്യതയില്ലെങ്കിലും അങ്ങനെ സങ്കല്‍പിച്ചാല്‍ ഇന്നു സി.പി.എമ്മിന്റെ പിന്നില്‍ നില്‍ക്കുന്ന പണ്ഡിത വേഷധാരികളുടെ തല തന്നെയായിരിക്കും ആദ്യം ഉരുളുക. സി.പി.എം ഉയര്‍ത്തുന്ന മതനിരപേക്ഷ മുദ്രാവാക്യവും മാനവികവീക്ഷണവും കാപട്യമാണെന്നോര്‍ക്കണം. ബി.ജെ.പിയില്‍നിന്നു മുസ്‌ലിംന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ സി.പി.എമ്മിനു മാത്രമേ കഴിയൂവെന്ന കപട മുദ്രാവാക്യവും ഇതിന്റെ ഭാഗമാണ്.
ഇന്ത്യയില്‍ സി.പി.എം താത്വികപ്രശ്‌നം നേരിടുമ്പോള്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയെ നേരിട്ട് എതിര്‍ക്കാനുള്ള സംഘബലമോ ജനപിന്തുണയോ ആ പാര്‍ട്ടിക്കില്ല. എന്നിട്ടും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടി തയ്യാറാകാത്തതു ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ ആവര്‍ത്തനമായി കാണരുത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സി.പി.എം യു.പി.എ മുന്നണിയില്‍ വരികയെന്നതു നിര്‍ണായകമൊന്നുമല്ല. കാരണം ഇന്ത്യയില്‍ സി.പി.എം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും മലപ്പുറം ജില്ലയുടെ വിസ്തൃതിയുള്ള ത്രിപുരയിലും സി.പി.എം ചുരുങ്ങിയിരിക്കുന്നു. ആശയത്തില്‍ വ്യക്തതയില്ലാത്തതും ആ പാര്‍ട്ടിയുടെ തകര്‍ച്ചക്കുള്ള കാരണമാണ്.
കോണ്‍ഗ്രസ് ബൂര്‍ഷ്വാ ജനാധിപത്യ കൂട്ടുകെട്ടിനെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് സി.പി.എമ്മിനു ബൂര്‍ഷ്വ ജനാധിപത്യം തടസ്സമാകുന്നുമില്ല. രാഹുല്‍ഗാന്ധി ക്ഷേത്രത്തില്‍ പോയതില്‍ തെറ്റുകാണുന്ന സി.പി.എം കേരളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരമ്പലത്തില്‍ പൂമൂടാന്‍ പോയതു കാണുന്നില്ല. ഏതൊരു പൗരനും അവന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. അത് തന്നെയാണ് രാഹുല്‍ഗാന്ധി ചെയ്യുന്നതും.
അല്ലാതെ ബി.ജെ.പിയെ പോലെ മതാഭിമുഖ്യമുള്ള രാഷ്ട്രത്തിനു വേണ്ടി പണിയെടുക്കുന്ന ആളല്ല രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തെ അംഗീകരിക്കാത്തവരാണ് ബി.ജെ.പിയും സി.പി.എമ്മും. രണ്ട് വിഭാഗവും അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ള മാര്‍ഗമായാണ് ഈ ഭരണവ്യവസ്ഥയെ കാണുന്നത്. ബി.ജെ.പി സ്വപ്നം കാണുന്നത് ഹിന്ദുത്വ രാഷ്ട്രമാണെങ്കില്‍ സി.പി.എം കാണുന്ന സ്വപ്നം സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് (ഇന്ത്യയില്‍ അതൊരിക്കലും നടപ്പിലാവില്ലെങ്കില്‍ പോലും). ഒരേ തൂവല്‍ പക്ഷികളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് ചുരുക്കം. അതിന്റെ ഭാഗമായിട്ട് തന്നെയാണ് പ്രകാശ് കാരാട്ട് പി.ബിയില്‍ തന്റെ ബദല്‍ രേഖ അവതരിപ്പിച്ചത്. അല്ലാതെ അത് ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ ആവര്‍ത്തനമല്ല. ഇനി പറയൂ മതേതര ജനാധിപത്യ അഭിനയത്തില്‍ അഭിരമിക്കുന്ന സി.പി.എമ്മിനെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പ്രതീക്ഷിക്കണോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."