സര്‍ക്കാര്‍പ്രസിലെ പഴയ ഫര്‍ണിച്ചറുകള്‍ കടത്തിയെന്ന്
തിരുവനന്തപുരം: സാങ്കേതിക വിദ്യ കാലഹരണപ്പെട്ടതിന്റെ ഭാഗമായി വിറ്റൊഴിവാക്കാന്‍ സര്‍ക്കാര്‍ പ്രസില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ അനധികൃതമായി കടത്തിയതായി പരാതി.
തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസിലെ ഫര്‍ണിച്ചറുകളാണ് അവധിദിനത്തില്‍ അപ്രത്യക്ഷമായത്. ഇതുസംബന്ധിച്ച് പഴയ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച മോനിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ടിന് പരാതി നല്‍കി.
എല്‍.ഡിഎഫ് മന്ത്രിസഭ അധികാരത്തിലേറ്റതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ് സന്ദര്‍ശിച്ചപ്പോള്‍ കാലഹരണപ്പെട്ട വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തി വില്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അച്ചുകള്‍, സ്‌ക്രാപ്പുകള്‍, പ്ലേറ്റുകള്‍, പഴയ യന്ത്രങ്ങളും അവയുടെ ഭാഗങ്ങളും നിയമപ്രകാരം വില്‍ക്കുന്നതിനായിരുന്നു നിര്‍ദേശം. ഇതിനായി ഒരു മോനിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ വസ്തുക്കള്‍ എണ്ണി തിട്ടപ്പെടുത്തി പ്രസിന്റെ സംരക്ഷിതമേഖലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് മരത്തില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍ കടത്തിയത്.
ഇതില്‍ തടി ഉരുപ്പടിയൊഴികെയുള്ള വസ്തുക്കള്‍ക്ക് ഇതിനോടകം ടെന്‍ഡറായി സര്‍ക്കാരിന്റെ അനുമതിക്ക് നല്‍കിയിരിക്കുകയാണ്. എട്ടുകോടിയോളം രൂപ വില മതിക്കുന്ന വസ്തുക്കള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ബാക്കി തടിയുരുപ്പടികള്‍ ടെന്‍ഡറായില്ല. ഈ വസ്തുക്കളില്‍ ചിലതാണ് പ്രസില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.
ഈ മാസം ഒമ്പതിന് എംപ്ലോയിസ് സൊസൈറ്റിയുടെ ആവശ്യത്തിനെന്ന വ്യാജേനെ ഫര്‍ണിച്ചറുകള്‍ ചിലര്‍ പുറത്തുകടത്തുകയായിരുന്നു.
അധികാരികള്‍ ആരുമില്ലാതിരുന്ന അവധി ദിവസത്തിലായിരുന്നു ഇത്. പതിനായിരങ്ങള്‍ വിലമതിക്കുന്ന തടിയുരുപ്പടികളാണ് ടൈം ഓഫീസിന് പുറത്തുകടത്തിയത്. അവയില്‍ ചിലതുപയോഗിച്ച് പ്രസ് കോംപൗണ്ടില്‍ തന്നെ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുകയും സൊസൈറ്റിയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ടൈം ഓഫീസിന് പുറത്തിടുകയും ചെയ്തു.
ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ പ്രിന്റിങ് സെക്രട്ടറിക്ക് പരാതി നല്‍കി. എന്നാല്‍ ഇതു വരെ നടപടിയുണ്ടായില്ല.
പൊതുമുതല്‍ നശിപ്പിച്ച ജീവനക്കാര്‍ക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെയും നടപടി വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."