രാഹുലിന്റെ സ്ഥാനാരോഹണ ദിവസം തന്നെ മോദിയെ പുകഴ്ത്തി ടൈംസ് ഗ്രൂപ്പിന്റെ സര്‍വേ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും രാഹുലിനെ ഇകഴ്ത്തിയും പ്രമുഖ മാധ്യമ ഗ്രൂപ്പായ ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വേ. ഗ്രൂപ്പിന് കീഴിലുള്ള പത്ത് മാധ്യമ സ്ഥാപനങ്ങളിലൂടെ അഞ്ച് ലക്ഷം പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയാണ് ഇന്ത്യയില്‍ മോദിയെ അനിഷേധ്യനായ നേതാവ് എന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഏറ്റവും ജനപ്രിയനായ നേതാവെന്നും അദ്ദേഹത്തിന് എതിരാളിയില്ലെന്നും മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി ഇന്ത്യയെ പിടിച്ചുകുലുക്കിയ പരിഷ്‌കാരങ്ങളൊന്നും മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നാണ് സര്‍വേ പറയുന്നത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ ബി.ജെ.പിക്കും എന്‍.ഡി.എ മുന്നണിക്കും അനുകൂല നിലപാടെടുക്കുന്ന മാധ്യമ സ്ഥാപനമാണ് ടൈംസ് ഗ്രൂപ്പ്. ഇവരുടെ വാര്‍ത്താ ചാനലായ ടൈംസ് നൗ മോദി സര്‍ക്കാരിനെ പരസ്യമായി പിന്തുണക്കുന്നുമുണ്ട്.
മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷകളിലായാണ് ടൈംസ് ഗ്രൂപ്പ് സര്‍വേ നടത്തിയത്. 2019 ലെ തെരഞ്ഞെടുപ്പിലും മോദിക്കുതന്നെ വോട്ടു ചെയ്യുമെന്നാണ് 79 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതെന്ന് സര്‍വേ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
2019ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്നും മോദി പ്രധാനമന്ത്രിയാകുമെന്നും 79 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നതായി സര്‍വേ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 20 ശതമാനം ആളുകള്‍ മാത്രമാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ടു ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത്. 58 ശതമാനം ആളുകളും രാഹുലിന്റെ കാര്യത്തില്‍ അസംതൃപ്തരാണ്. 34 ശതമാനം ആളുകള്‍ പറയുന്നത് രാഹുലിന് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്. രാഹുല്‍ അധ്യക്ഷനായി ചുമതല ഏറ്റെടുത്തെങ്കിലും ബി.ജെ.പിക്ക് പകരം വയ്ക്കാനുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്നും സര്‍വേ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."