രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോണ്‍ഗ്രസിന് യുവനേതൃത്വത്തെയാണ് കിട്ടിയതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഹുലിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാഹുലിനുനേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭാവിയിലും അതുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതെല്ലാം രാഹുലിനെ കൂടുതല്‍ കരുത്തനാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
താന്‍ പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുക്കുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമെ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നുള്ളൂ. അധ്യക്ഷപദവിയേറ്റെടുത്തത് ചരിത്രപരമായ നിയോഗമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ 10 വര്‍ഷം കോണ്‍ഗ്രസിന് ജനങ്ങളുടെ സര്‍ക്കാരായി ഭരിക്കാന്‍ കഴിഞ്ഞു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി ഭക്ഷ്യസുരക്ഷയും വിദ്യാഭ്യാസ അവകാശവും വിവരാവകാശവും തൊഴിലുറപ്പും കൊണ്ടുവരാന്‍ കഴിഞ്ഞു.
ഇന്ദിരാഗാന്ധി തന്നെ രാജ്യത്തിന്റെ മകളായി അംഗീകരിച്ചു. 1984ല്‍ അവര്‍ മരിച്ചപ്പോള്‍ തന്റെ അമ്മ മരിച്ചതുപോലെയാണ് എനിക്കു തോന്നിയത്. ഇന്ദിരയുടെ ദാരുണമായ അന്ത്യത്തോടെ തന്റെ ജീവിതവും മാറി.
ഭര്‍ത്താവ് രാജീവ് ഗാന്ധിയേയും മക്കളെയും രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വലിയ ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അവസാനം അദ്ദേഹം പ്രധാനമന്ത്രിപദം ഏറ്റെടുത്തു. പിന്നീട് അദ്ദേഹവും കൊല്ലപ്പെട്ടു. അതോടെ മക്കളെ നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചു. രാജ്യത്തിനു വേണ്ടി വളരെയധികം വിലനല്‍കിയ കുടുംബമാണ് തങ്ങളുടേത്.
വര്‍ഗീയശക്തികള്‍ രാജ്യത്തെ തകര്‍ക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്ഷണവും വിളിയും കേട്ടതോടെയാണ് രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിതമായത്. രാജ്യത്തിന്റെ മൗലികമൂല്യങ്ങള്‍ക്കു നേരെ ദിനംപ്രതി ആക്രമണം നടന്നുകൊണ്ടിരിക്കുന്നു.
ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല വഴികാട്ടികളും കൂടിയാണ്. ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനാണു കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."