കാനഡയില്‍ ശതകോടീശ്വരനും ഭാര്യയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
മരിച്ചത് ജനറിക് മരുന്ന് ഭീമന്‍ അപൊടെക്‌സ് ചെയര്‍മാന്‍ ബാരി ഷെര്‍മനും ഭാര്യ ഹണിയും
ഒട്ടാവ: കാനഡയിലെ ശതകോടീശ്വരനും ഭാര്യയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ലോകവ്യാപകമായി ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസി ഭീമന്മാരായ അപൊടെക്‌സ് ചെയര്‍മാനും സ്ഥാപകനുമായ ബാരി ഷെര്‍മനെയും ഭാര്യ ഹണിയെയുമാണ് ടൊറന്റോയിലെ അവരുടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടെയും മരണത്തില്‍ പൊലിസ് സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.കാനഡയിലെ അതിസമ്പന്നരില്‍ ഒരാളും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു ബാരി ഷെര്‍മന്‍. സംഭവത്തില്‍ ഇതുവരെ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടില്ല. ദമ്പതികളുടെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് കുറ്റാന്വേഷണ സമിതിയായ ഡിറ്റക്ടീവ് ബ്രാന്‍ഡന്‍ പ്രൈസ് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. സംശയമുണര്‍ത്തുന്ന ഏതാനും തെളിവുകള്‍ പൊലിസിനു ലഭിച്ചതായും വിവരമുണ്ട്.ബാരി ഷെര്‍മന്റെയും ഭാര്യയുടെയും ദുരൂഹ മരണം രാജ്യത്ത് ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്. ഹാരിയുടെയും ഹണിയുടെയും പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ട് താനും ഭാര്യ സോഫിയും അതീവ ദുഃഖിതരാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദമ്പതികളുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും സ്വാധീനിച്ച എല്ലാവര്‍ക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ മറ്റു വ്യക്തികളും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.1974ലാണ് ബാരി ഷെര്‍മന്‍ അപൊടെക്‌സ് കമ്പനി ആരംഭിച്ചത്.
നിലവില്‍ ലോകത്തെ ഏഴാമത്തെ വലിയ മരുന്നു നിര്‍മാതാക്കളാണ് കമ്പനി. ഷെര്‍മന്റെ വ്യക്തിഗത വരുമാനം 3.2 ബില്യന്‍ ഡോളര്‍ വരുമെന്ന് അടുത്തിടെ ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെര്‍മന്‍-ഹണി ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."