ജറൂസലം പ്രക്ഷോഭം ഫലസ്തീന്‍ യുവാക്കളുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍
ഗസ്സ: വെള്ളിയാഴ്ച ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായാണു നാല് ഫലസ്തീന്‍ യുവാക്കളുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത്.
വെള്ളിയാഴ്ച ഫലസ്തീന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രക്ഷോഭങ്ങള്‍ക്കു നേരെയുണ്ടായ ഇസ്‌റാഈല്‍ വെടിവയ്പ്പിലാണ് ഫലസ്തീന്‍ പൗരന്മാരായ നാലു യുവാക്കള്‍ കൊല്ലപ്പെട്ടത്. വികലാംഗനായ 29കാരന്‍ ഇബ്‌റാഹീം അബൂ ഥുറയ്യ ഗസ്സയിലും 24കാരനായ ബാസില്‍ ഇബ്‌റാഹീം വെസ്റ്റ് ബാങ്കിലും 29കാരനായ മുഹമ്മദ് അഖല്‍ ഹിബ്രോണിലും 23കാരനായ യാസിര്‍ ശുകര്‍ ഗസ്സ സിറ്റിയുടെ കിഴക്കന്‍ ഭാഗത്തുള്ള ശുജയ്യയിലുമാണു കൊല്ലപ്പെട്ടത്. ഇതോടെ ജറൂസലം പ്രഖ്യാപനത്തിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ മരണസംഖ്യ പത്തായി. കഴിഞ്ഞയാഴ്ച ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു പേരും ഏറ്റുമുട്ടലില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു ശേഷം നടന്ന സമരങ്ങള്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ അതിക്രമങ്ങളില്‍ നൂറുകണക്കിനു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ്സ മുനമ്പില്‍ മാത്രം 160 പേര്‍ക്കും വെസ്റ്റ് ബാങ്കില്‍ 150 പേര്‍ക്കും പരുക്കേറ്റതായി സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് അറിയിച്ചു. മരിച്ചവരുടെ ഖബറടക്ക ചടങ്ങുകളില്‍ മുതിര്‍ന്ന ഫലസ്തീന്‍ രാഷ്ട്രീയവൃത്തങ്ങള്‍ പങ്കെടുത്ത് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ അബൂ ഥുറയ്യയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.
ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. മുസ്‌ലിം രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സിയും അറബ് ലീഗും അമേരിക്കയുടെ നടപടിക്കെതിരേ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."