ജനാധിപത്യം സംരക്ഷിക്കാന്‍ ബഹുസ്വരത ശക്തമായ ആയുധം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട്: ഗ്രാമ-നഗര അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന് കേരള സംസ്ഥാന രൂപീകരണത്തിന്റെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പദ്ധതികള്‍ നടപ്പാക്കുമെന്ന് റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ദേശീയതയും സംസ്‌കാരവും എഴുതി തീര്‍ത്ത പുസ്തകങ്ങളല്ല. മതേതരത്വത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായി ഇനിയും അനേകം വരികള്‍ എഴുതുന്നതിന് ബാക്കിയുളള പുസ്തകമാണ്. പുറമേ നിന്നുള്ള വിഘടനവാദികളെയും ഭീകരതയേയും ധീരജവാന്മാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ചെറുത്തു തോല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിനകത്തുളള ഛിദ്രശക്തികളെ നേരിടാന്‍ ബഹുസ്വരത പോലെ തേച്ചുമിനുക്കിയ മറ്റൊരായുധം വേറെയില്ല. ശിഥിലീകരണത്തിന്റെയും വിഭാഗീയതയുടെയും ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും ജനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനുള്ള പ്രാഥമികവും ആത്യന്തികവുമായ ലക്ഷ്യം സ്വാതന്ത്ര്യമാണെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ മന്ത്രി അനുസ്മരിച്ചു.
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും ആഭ്യന്തരകലാപങ്ങളിലേക്കും വഴുതി വീണപ്പോഴും നമ്മുടെ രാജ്യം ജനാധിപത്യവും സ്വാതന്ത്ര്യവും ഉയര്‍ത്തിപിടിച്ച് ലോകത്തിന് മുന്നില്‍ അദ്ഭുതമായി നിലകൊളളുന്നു. പല മതങ്ങള്‍ക്കും ജന്മം നല്‍കിയതാണ് നമ്മുടെ രാജ്യം. അതുപോലെ മറ്റു പല രാജ്യങ്ങളിലുളള മതങ്ങളേയും ഇവിടെ സ്വീകരിച്ച് സൗഹാര്‍ദ്ദത്തോടെ പുലര്‍ത്തിപോരുന്നുണ്ട്. നമ്മുടെ ദേശീയത ബഹുസ്വരതയില്‍ അധിഷ്ഠിതമാണ്. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ബഹുസ്വരതയാണ് തേച്ചുമിനുക്കിയ ശക്തമായ ആയുധം. ദേശീയതയ്ക്ക് പ്രത്യേക മതമില്ല. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളെയും നമ്മോടൊപ്പം ജീവിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളെയും സ്മരിച്ച് രാജ്യത്തിന്റെ പരമാധികാരം തലയുയര്‍ത്തി പിടിച്ച് സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഇ.ദേവദാസന്‍, ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് എന്നിവരും എം.എല്‍.എമാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം.കെ അംബുജാക്ഷന്‍, സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എം. ഗൗരി, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച് ദിനേശന്‍, ഡോ. പി കെ ജയശ്രീ, തഹസില്‍ദാര്‍മാര്‍, ഡിവൈ.എസ്.പിമാര്‍, മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരേഡിന് കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ റിസര്‍വ്വ് ഇന്‍സ്‌പെക്ടര്‍ കെ വിശ്വനാഥന്‍ നേതൃത്വം നല്‍കി. ജില്ലാ സായുധ സേന, ലോക്കല്‍ പൊലിസ്, വനിതാ പൊലിസ്, എക്‌സൈസ്, എന്‍.സി.സി സീനിയര്‍-ജൂനിയര്‍ വിഭാഗം, നേവല്‍ വിംഗ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ്, ബാന്റ് വാദ്യം എന്നിവര്‍ അണിനിരന്നു. ജവഹര്‍ നവോദയ വിദ്യാലയ, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, കേന്ദ്രീയ വിദ്യാലയ-2, ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ചിന്മയ വിദ്യാലയ, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്, കാസര്‍കോട് ഗവ. കോളേജ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ്, ജി എച്ച് എസ് എസ് ചെമ്മനാട്, ജയ്മാത സ്‌കൂള്‍ തുടങ്ങിയവരുടെ പ്ലാറ്റിയൂണുകള്‍ പരേഡില്‍ പങ്കെടുത്തു.
പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, ചൈതന്യ കുഡ്‌ലു, ജവഹര്‍ നവോദയ വിദ്യാലയ, കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍ എന്നിവര്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും പരേഡില്‍ മികച്ച പ്രകടനം നടത്തിയ പ്ലാറ്റിയൂണുകള്‍ക്കുളള ട്രോഫികളും മന്ത്രി സമ്മാനിച്ചു. സായുധസേന പതാക ദിനത്തില്‍ കൂടുതല്‍ സ്റ്റാമ്പുകള്‍ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും എന്‍ സി സി യൂണിറ്റുകള്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.
പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു പെരിങ്ങത്ത്, സി.കെ സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എ. ദാമോദരന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി മുരളി, പി. ജയരാജന്‍, കെ ഭാസ്‌കരന്‍, സിവില്‍ പൊലിസ് ഓഫിസറായ എ. രാമചന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. പരേഡില്‍ പൊലിസ് വിഭാഗത്തില്‍ കാസര്‍കോട് ആംഡ് ഫോഴ്‌സ്, സീനിയര്‍ എന്‍.സി.സി വിഭാഗത്തില്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ജൂനിയര്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് എച്ച്.എസ്.എസ് നേവല്‍ വിംഗ്, സ്‌കൗട്ട് വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍-2, ഗൈഡ് വിഭാഗത്തില്‍ ജവഹര്‍ നവോദയ വിദ്യാലയ പെരിയ എന്നീ ടീമുകള്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."