ഓഖി: തമിഴ്നാട് സ്വദേശിയുടെ തോണി തലശ്ശേരി തീരത്ത് കണ്ടെത്തി
തലശ്ശേരി: ഓഖി ദുരന്തത്തില്‍പ്പെട്ടതെന്ന് സംശയിക്കുന്ന ഫൈബര്‍ തോണി തലശ്ശേരി തലായ് തീരത്ത് കണ്ടെത്തി.
തലായ് തീരത്തുനിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് തകര്‍ന്ന തോണി കണ്ടെത്തിയത്. തുടര്‍ന്ന് തോണി തീരദേശ പൊലിസ് കരക്കെത്തിച്ചു.
മത്സ്യത്തൊഴിലാളികളാണ് പുറംകടലില്‍ ഫൈബര്‍ തോണി ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ തീരദേശ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തീരദേശ പൊലിസ് സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടലിലകപ്പെട്ട ഫൈബര്‍ തോണി കരക്കെത്തിച്ചത്. കന്യാകുമാരി കുളച്ചലിലെ ഡേവിഡ്സണിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തകര്‍ന്ന ഫൈബര്‍ വള്ളം കണ്ടെടുത്ത കാര്യം തീരദേശ പൊലിസ് തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ തകര്‍ന്ന ബോട്ടാണെന്ന സംശയത്തിലാണ് പൊലിസ്. കഴിഞ്ഞ ദിവസം തലശ്ശേരി പുറംകടലില്‍ മൂന്ന് മൃതദേഹങ്ങള്‍ ഉണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പൊലിസ് പരിശോധന നടത്തിയിരുന്നു.
ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ പൊലിസും കടലോരത്ത് ജാഗ്രത പാലിച്ചുവരികയാണ്.
പുറംകടലില്‍ ഇത്തരം ബോട്ടുകളോ മൃതദേഹങ്ങളോ കണ്ടാല്‍ ഉടന്‍ തീരദേശ പൊലിസിനെ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."