നാദാപുരത്തിന് അഭിമാനമായി ഗനി അഹമ്മദ് നിഗം
നാദാപുരം: കളി മികവ് കൊണ്ട് എഫ്.സി പൂനെ സിറ്റിയുടെ ജൂനിയര്‍ ടീമില്‍ നിന്ന് മലയാളി താരം ഗനി അഹമ്മദ് നിഗം സീനിയര്‍ ടീമിലേക്ക്. താരത്തിന്റെ നേട്ടം ജന്മ നാടിനും അഭിമാനകരമായി. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയാണ് ഗനി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിക്ക് വേണ്ടി ഈ 19കാരന്‍ ഇനി ബൂട്ട് കെട്ടും. പത്തു വര്‍ഷം മുന്‍പ് കടത്തനാട് ഫുട്‌ബോള്‍ അക്കാദമയിലൂടെയാണ് ഗനി ഫുട്‌ബോള്‍ താരമായി വളര്‍ന്നുവന്നത്. പീന്നീട് സംസ്ഥാന അന്തര്‍ സംസ്ഥാന ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2016 മുതല്‍ പൂനെ സിറ്റിയുടെ ജൂനിയര്‍ ടീമില്‍ കളിക്കുന്നു. ജൂനിയര്‍ ടീമിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഐ.എസ്.എല്‍ നാലാം സീസണിന്റെ തുടക്കത്തില്‍ പൂനെ സിറ്റി റിസര്‍വ് ടീമിന് വേണ്ടി ഗനി മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.
എട്ടാം വയസില്‍ പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒളിംപ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ കടത്തനാട് ഫുട്‌ബോള്‍ അക്കാദമിയില്‍ കോച്ചുമാരായ സുരേന്ദ്രന്റെയും പ്രദീപന്റെയും ശിക്ഷണത്തിലാണ് ഗനി ആദ്യമായി ബൂട്ട് കെട്ടിയത്. രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് ഫാറൂഖ് കോളജില്‍ നടന്ന സെലക്ഷന്‍ ക്യാംപില്‍ കേരളത്തില്‍ നിന്ന് ആറ് പേര്‍ക്ക് മാത്രമാണ് അന്തര്‍ സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ കിട്ടിയത്. ഈ ആറ് പേരില്‍ ഗനി മുഹമ്മദ് മാത്രമാണ് പ്രൊഫഷനല്‍ ഫുട്‌ബോള്‍ ക്ലബായ പൂനെ സിറ്റി ടീമില്‍ ഇടം നേടിയത്. ചെറിയ പ്രായത്തില്‍ തന്നെ ഗനി തന്റെ പ്രതിഭയുടെ മികവ് അടയാളപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ വച്ച് അരങ്ങേറിയ സുബ്രതോ മുഖര്‍ജി ചാംപ്യന്‍ഷിപ്പില്‍ ബ്രസീലിനെതിരേ ഏഴ് ഗോള്‍ അടിച്ച് ഇന്ത്യയുടെ ടോപ്പ് സ്‌കോററായി മാറി ഗനി അന്നേ ദേശീയ ശ്രദ്ധയിലെത്തി.
നാദാപുരം കക്കാട്ട് പാറയിലെ പുതിയറക്കല്‍ ഫൈസലിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും മൂത്ത മകനാണ് ഗനി. പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ഫുട്‌ബോള്‍ ആവേശമാണ് ഗനിയെയും കാല്‍പന്ത് കളിയുടെ ലോകത്തെത്തിച്ചത്. ജില്ലാ ടീമില്‍ കളിച്ചതിന്റെ മുന്‍ പരിചയത്തിന്റെ ബലത്തിലാണ് ഗനിയുടെ പിതാവ് മകനെയും ആ പാതയിലേക്ക് തന്നെ വഴി തിരിച്ചുവിട്ടത്.
മികച്ച നേട്ടങ്ങളുമായി കുതിക്കുമ്പോഴും സ്വന്തമായി വീടില്ലാത്തതിനാല്‍ നാദാപുരം കക്കാട്ടുപാറയിലെ വാടക വീട്ടിലാണ് ഗനിയുടെ കുടുംബം താമസിക്കുന്നത്.
പാറേമ്മല്‍ അംഗണവാടിക്ക് സമീപംസ്വന്തമായുള്ള പത്ത് സെന്റ് സ്ഥലത്ത് സിമന്റ് കട്ട കൊണ്ട് നിര്‍മിക്കുന്ന വീടിന്റെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പരാധീനത കാരണം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ് കേരളത്തിന്റെ അഭിമാന താരത്തിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."