സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: ഉത്തരവ് നടപ്പായില്ല
കോഴിക്കോട്: സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്തെ ഉത്തരവ് ഇതുവരെ നടപ്പായില്ല. ജയരാജ് കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് 100 കുട്ടികളില്‍ കൂടുതലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചത്.
സ്‌പെഷല്‍ റൂള്‍ വേണമെന്ന ആവശ്യമുയര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. 2016 ഫെബ്രുവരിയിലാണ് 33 സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 100 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടുവട്ടം നേരിട്ടു പരിശോധന നടത്തിയ ശേഷമാണു 33 സ്‌കൂളുകളെ തിരഞ്ഞെടുത്തത്. സ്ഥലസൗകര്യങ്ങള്‍, അധ്യാപകരുടെ യോഗ്യത തുടങ്ങി നിരവധി കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് സ്‌കൂളുകളെ തിരഞ്ഞെടുത്തത്. എസ്.ഇ.ആര്‍.ടി ഇതിനായി സവിശേഷ പാഠ്യപദ്ധതി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
കൂടാതെ 50 കുട്ടികളുള്ള സ്‌പെഷല്‍ സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കുകയും മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനക്കായി ഇത് വിടുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഉത്തരവ് അകാരണമായി മരവിപ്പിക്കുകയായിരുന്നു. ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും അനുമതി ലഭിച്ചതിനാല്‍ ഇനി അന്തിമ ഉത്തരവ് മാത്രമേ ഇറക്കേണ്ടതുള്ളൂ. എന്നാല്‍, ഇതിനു സ്‌പെഷല്‍ റൂള്‍ ഇറക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. നേരത്തെ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് സ്‌പെഷല്‍ റൂള്‍ ഇല്ലാതെയാണെന്നിരിക്കെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജയരാജ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
പര്യാപ്തമായ അടിസ്ഥാനസൗകര്യമുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എയ്ഡഡ് പദവി നല്‍കണമെന്നും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന സ്‌പെഷല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മറ്റു സമാന സ്‌പെഷല്‍ സ്‌കൂള്‍ (അന്ധ-ബധിര) ജീവനക്കാര്‍ക്ക് ലഭിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശയിലുണ്ട്.
169 ശുപാര്‍ശകളില്‍ എയ്ഡഡ് പദവി അടക്കമുള്ള 110ഓളം ശുപാര്‍ശകള്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതോടെ ജയരാജ് കമ്മിഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രത്യക്ഷമായിരിക്കുകയാണെന്നാണ് രക്ഷിതാക്കളും സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികളും ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."