ഒന്നര വയസുകാരിയെ റോഡരികില്‍ കെട്ടിയിട്ട നിലയില്‍
തൃപ്രയാര്‍: റോഡരികില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരിക്കും കുടുംബത്തിനും തണലായി ജനമൈത്രി പൊലിസും നാട്ടുകാരും. വലപ്പാട് ഗവ. ഹൈസ്‌കൂളിനു സമീപത്തെ റോഡിനോട് ചേര്‍ന്നുള്ള ഗെയിറ്റിലാണ് ഒന്നര വയസുകാരിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഒട്ടനവധി വാഹനങ്ങളും തെരുവുനായ്ക്കളും സഞ്ചരിക്കുന്ന വഴിയിലാണ് കുഞ്ഞിനെ കെട്ടിയിട്ടിരുന്നത്.
മാനസികപ്രശ്‌നങ്ങളുള്ള മാതാവ് ഖദീജാബി മകളെ കെട്ടിയിട്ട് തുണിയലക്കാനും വെള്ളം ശേഖരിക്കാനും പോവുകയായിരുന്നുവെന്നാണ് പറയുന്നത്. കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ രണ്ടു മീറ്ററോളം നീളമുള്ള ചരടുകൊണ്ട് കുഞ്ഞിനെ കെട്ടിയിടുകയായിരുന്നു.
വാടക വീടുകളില്‍ താമസിച്ചിരുന്ന ഇവര്‍ മാനസികപ്രശ്‌നങ്ങളുണ്ടായതോടെ തെരുവിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇവരുടെ മൂന്നുവയസുകാരനായ മൂത്ത മകനെ ഭര്‍ത്താവ് ദര്‍വേഷിന്റെ മാതാപിതാക്കളാണ് സംരക്ഷിക്കുന്നത്. വാഹനങ്ങളില്‍ ക്ലീനറായും കൂലിപ്പണി ചെയ്തും ദര്‍വേഷും ലോട്ടറി വില്‍പന നടത്തി ഖദീജാബിയും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അസുഖങ്ങള്‍ തിരിച്ചടിയാകുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് എസ്.ഐ ഇ.ആര്‍ ബൈജുവും സന്നദ്ധപ്രവര്‍ത്തകരും ഇവരെ സ്റ്റേഷനിലേക്കുമാറ്റി ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധനങ്ങളും നല്‍കി. തുടര്‍ന്ന് വൈകിട്ടോടെ വലപ്പാട്ടെ ഒരു വീട്ടിലേക്ക് മാറ്റി.
ഇവര്‍ക്ക് സ്വന്തമായി ചെറിയ വീടും സ്ഥിരവരുമാനവും സംഘടിപ്പിച്ചുനല്‍കി പുതുജീവിതത്തിലേക്ക് കൈപ്പിടിച്ചുകയറ്റാനുള്ള ശ്രമത്തിലാണ് ജനമൈത്രി പൊലിസും സന്നദ്ധപ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."