പ്രമുഖ തിരക്കഥാകൃത്ത് ടി.എ റസാഖ് അന്തരിച്ചു
കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് ടി.എ റസാഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ചത് ടി.എ റസാഖാണ്.
1958 ഏപ്രില്‍ 25നു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിലാണ് റസാഖ് ജനിച്ചത്. പിതാവ് ടി എ ബാപ്പു. മാതാവ് വാഴയില്‍ ഖദീജ. കൊളത്തൂര്‍ എ എം എല്‍ പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
എട്ടാം ക്ലാസ്സ് മുതല്‍ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചന, സംവിധാനം നിര്‍വ്വഹിച്ചു. വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ഗുമസ്തനായിരുന്നു.
എ.ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായാണ് സിനിമയിലെത്തിയത്. ആദ്യ തിരക്കഥ ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര. ആദ്യം റിലീസ് ചെയ്ത സിനിമ കമലിന്റെ വിഷ്ണുലോകം.
സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിനു (1977) മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമയ്ക്കു മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന് 2002ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ആവാര്‍ഡ് ലഭിച്ചു. 2004ലെ മികച്ച സാമൂഹ്യ പ്രസക്തയുള്ള വിഷയത്തിന് നാഷണല്‍ അവാര്‍ഡ്, കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തിനു 2004ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മറ്റു പ്രധാന സിനിമകള്‍: വിഷ്ണുലോകം, നാടോടി, ഭൂമിഗീതം, ഘോഷയാത്ര, എന്റെ ശ്രീക്കുട്ടിക്ക്, ഗസല്‍, കര്‍മ്മ, താലോലം, ചിത്രശലഭം, സ്‌നേഹം, ഒരു സാഫല്യം, വാല്‍ക്കണ്ണാടി, രാപ്പകല്‍, ബസ് കണ്ടക്ടര്‍, അഞ്ചിലൊരാള്‍ അര്‍ജ്ജുനന്‍, പരുന്ത്, മായാ ബസാര്‍, ആയിരത്തില്‍ ഒരുവന്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, സുഖമായിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."