കണ്ണൂര്‍ സ്വദേശികള്‍ക്ക് ഐ.എസ് ബന്ധം: കേസ് എന്‍.ഐ.എ അന്വേഷിക്കും
കൊച്ചി: കണ്ണൂരില്‍ ഐ.എസ് ബന്ധമാരോപിച്ച് അഞ്ചു പേര്‍ പിടിയിലായ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസ് ആണ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്ത മുണ്ടേരി കൈപ്പക്കയില്‍ കെ.സി മിദ്‌ലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്തു പണ്ടാരവളപ്പില്‍ കെ.വി അബ്ദല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട് മെട്ട എം.വി ഹൗസില്‍ എം.വി റാഷിദ് (23), തലശേരി സൈനാസ് മന്‍സിലില്‍ മനാഫ് റഹ്മാന്‍ (42), തലശ്ശേരി കുഴപ്പിങ്ങാട് തൗഫീഖ് മന്‍സിലില്‍ യു.കെ ഹംസ (57) എന്നിവരാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍. കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇവര്‍ക്കെതിരേ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് കേസ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് യു.കെ ഹംസയുടെ നേതൃത്വത്തിലാണ് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. 20 കൊല്ലം വിദേശത്തായിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.
ജോലി വാഗ്ദാനം ചെയ്തു വിദേശത്തേക്കു അയക്കുന്ന യുവാക്കള്‍ക്ക് ബഹ്‌റൈനില്‍ ആയുധ പരിശീലനം നല്‍കി സിറിയയിലേക്ക് അയക്കുന്നതാണു പതിവ്. 2016ല്‍ മിദ്‌ലാജും അബ്ദുല്‍ റസാഖും റാഷിദും തുര്‍ക്കിയിലെത്തി സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അധികൃതര്‍ പിടികൂടി നാട്ടിലേക്കു തിരിച്ചയച്ചതോടെയാണു സംഭവം പുറത്തായത്.
മനാഫ് റഹ്മാന്‍ സിറിയയിലേക്കു പോകാന്‍ എത്തിയപ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തു ലോക്കല്‍ പൊലിസിന് കൈമാറുകയായിരുന്നു. നാലു പേരെയും ചോദ്യം ചെയ്തപ്പോഴാണ് ഹംസയുടെ പങ്കാളിത്തം പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."