വാഹന പരിശോധനക്കിടെ എസ്.ഐയുടെ കൈയേറ്റം: യുവാവിന്റെ തലപൊട്ടി
കാസര്‍കോട്: മരണ വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം കാറില്‍ മടങ്ങുകയായിരുന്ന യുവാവിന് വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയുടെ കൈയേറ്റത്തില്‍ പരുക്ക്. വാഹനത്തിനു തലയിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ തലപൊട്ടി ചോര ചീറ്റിയതോടെ കാറിലുണ്ടായിരുന്ന യുവാവിന്റെ മുത്തശ്ശി ബോധം കെട്ടുവീണു. ഇരുവരെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാവിന്റെ തലയില്‍ അഞ്ചു തുന്നലുകള്‍ ഇട്ടു. വാഹന പരിശോധനയുടെ പേരില്‍ യാത്രക്കാരെ പീഡിപ്പിക്കരുതെന്ന ഡി.ജി.പിയുടെ ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കാത്ത സംഭവം നടന്നത് ഇന്നലെ രാവിലെ പത്തോടെ കുമ്പള അംഗഡിമുഗറിലാണ്.
മണിയംപാറയിലെ ഒരു മരണ വീട്ടില്‍ പോയി തിരികെ വരികയായിരുന്ന ചെര്‍ളടുക്കയിലെ സിറാജ്(33) ആണ് വാഹനപരിശോധന നടത്തുകയായിരുന്ന കുമ്പള അഡീഷണല്‍ എസ്.ഐ.ദിവാകരന്റെ കൈയേറ്റത്തിന് ഇരയായത്. വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ കാര്‍ കൈകാട്ടി നിര്‍ത്തുകയും രേഖകളുമായി എസ്.ഐയുടെ അടുത്തേക്ക് ചെല്ലാന്‍ സിറാജിനോട് ആവശ്യപ്പെടുകയുമായിരുന്നു.
സിറാജിന്റെ പിതാവ് എഴുപതുകാരനായ അബ്ദുല്ലയും, തൊണ്ണൂറുകാരിയായ മുത്തശ്ശി അലീമയും, അറുപതുകാരിയായ മാതാവ് ഖദീജയുമാണ് കാറിലുണ്ടായിരുന്നത്. മരണ വീട്ടിലെത്തിയ അലീമക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിറാജ് കുടുംബത്തോടൊപ്പം വീട്ടിലേക്കു തിരികെ പോവുകയായിരുന്നു.
അസുഖം കാരണം വിഷമിക്കുന്ന ആളുകളാണ് കാറിലുള്ളതെന്നും അത് കൊണ്ട് രേഖകള്‍ കാറിനടുത്ത് നിന്ന് പരിശോധിക്കണമെന്ന് സിറാജ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഈ വിവരം എസ്.ഐയോട് പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് കാറിനടുത്ത് വന്നു യുവാവിനെ വലിച്ചിറക്കി മര്‍ദിച്ചത്.
തനിക്കെന്താ കൊമ്പുണ്ടോയെന്നു എന്ന് ആക്രോശിച്ചാണ് എസ്.ഐ തന്റെ തലപിടിച്ചു വാഹനത്തിന് ഇടിച്ചതെന്നു സിറാജ് പറയുന്നു. രേഖകള്‍ മുഴുവനും കാണിച്ചെങ്കിലും കാര്‍ മോഷ്ടിച്ചതാണെന്നും മറ്റും പറഞ്ഞു വാഹനം കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമവും പൊലിസ് നടത്തി.
അതേ സമയം ഒരുമാസം മുന്‍പാണ് താന്‍ കാര്‍ വാങ്ങിയതെന്നും ആര്‍.സി.ബുക്ക് കിട്ടിയിട്ടില്ലെന്നും സിറാജ് പറയുന്നു. മറ്റു രേഖകള്‍ പൊലിസ് ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ പിഴയടക്കണമെന്നു എസ്.ഐ.ആവശ്യപ്പെടുകയും അത് അടക്കാമെന്നു സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് എസ്.ഐ.തന്നെ മര്‍ദിച്ചതെന്ന് സിറാജ് പറയുന്നു.
മര്‍ദനമേറ്റു സിറാജിന്റെ തലപൊട്ടി രക്തം ഒലിക്കുകയും മുത്തശ്ശി ബോധം കെട്ടു വീഴുകയും കാറിനകത്തുണ്ടായിരുന്ന മറ്റുള്ളവര്‍ നിലവിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന ആളുകള്‍ തടിച്ചുകൂടി.
നാട്ടുകാര്‍ ഇടപെട്ടാണ് പരുക്കേറ്റ സിറാജിനെയും ബോധരഹിതയായ അലീമയെയും ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."