അമേരിക്കന്‍-ഇസ്‌റാഈല്‍ അച്ചുതണ്ടിനെതിരേ കടുത്ത നയതന്ത്ര നിലപാട് സ്വീകരിക്കണം: എസ്.വൈ.എസ്
ഇമാം ബൂസ്വൂരി നഗര്‍ (കളമശ്ശേരി): അന്തര്‍ദേശീയ സംവിധാനങ്ങളേയും ലോക രാജ്യങ്ങളുടെ നിലപാടുകളേയും വെല്ലുവിളിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ധാര്‍ഷ്ട്യത്തിനും അമേരിക്കന്‍ ഇസ്‌റാഈല്‍ സംയുക്ത അച്ചുതണ്ടിനുമെതിരേ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത നയതന്ത്ര നയം സ്വീകരിക്കണമെന്നു എസ്.വൈ.എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇസ്‌റാഈലിന്റെ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. 1917 ലെ ബാല്‍ഫര്‍ ഉടമ്പടി മുതല്‍ സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌റാഈല്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നികൃഷ്ടമായ ചതിയുടെ അവസാന രൂപമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും മീലാദ് കാംപയിന്‍ സമാപന സമ്മേളനം പ്രഖ്യാപിച്ചു.
പ്രകാശമാണ് തിരുനബി (സ്വ) എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന കാംപയിന്‍ സമാപന സമ്മേളനം കളമശ്ശേരി മുട്ടം ഇമാം ബൂസ്വൂരി നഗറില്‍ ആണ് നടന്നത്.
വൈകിട്ട് മൂന്നിനു കളമശ്ശേരി ഞാലകം ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആമില പരേഡോടു കൂടിയാണ് സമാപന പരിപാടികള്‍ തുടങ്ങിയത്. വൈകിട്ട് നാലിനു നടന്ന മീലാദ് സൗഹൃദ സമ്മേളനം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത എറണാംകുളം ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. സിംസാറുല്‍ ഹഖ് ഹുദവി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.പിണങ്ങോട് അബൂബക്കര്‍, സത്താര്‍ പന്തലൂര്‍ സംബന്ധിച്ചു.രാത്രി നടന്ന നഅ്‌തെ മീലാദ് മെഹ്ഫിലിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കി. സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, പൊന്നുരുന്തി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സംസാരിച്ചു. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രമേയ പ്രഭാഷണം നടത്തി. മെട്രോ മുഹമ്മദ് ഹാജി, തെന്നല ഹനീഫ് ഹാജി അവാര്‍ഡ് ദാനം നടത്തി.
സമാപന പ്രാര്‍ഥനാ മജ്‌ലിസിനു സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ,സമസ്ത മുശാവറ അംഗങ്ങളായ എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഇ.എസ് ഹസന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഉമര്‍ ഫൈസി മുക്കം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, എസ്.എം.കെ തങ്ങള്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കുന്നം, സയ്യിദ് അബ്ദുല്ല തങ്ങള്‍, സയ്യിദ് ഹദ്‌യത്തുല്ല തങ്ങള്‍, എന്‍.കെ മുഹമ്മദ് ഫൈസി, അബൂബക്കര്‍ ഫൈസി സംബന്ധിച്ചു.
ജനറല്‍ കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും കാംപയിന്‍ കോഡിനേറ്റര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
കാംപയിനിന്റെ ഭാഗമായി സംസ്ഥാനത്ത് മിഹ്മാനെ മൗലിദ്, മണ്ഡലം പഠന ക്യാംപുകള്‍, മേഖലാ മീലാദ് റാലി, പ്രബന്ധരചനാ മത്സരങ്ങള്‍ എന്നിവ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."