ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം
റോഹ്ത്തക് (ഹരിയാന): ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് ഹരിയാനയിലെ റോഹ്ത്തക്കില്‍ തുടക്കമാകും. രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
നിലവിലെ ചാംപ്യന്‍മാരായ കേരളം 72 അംഗ ടീമുമായാണ് മത്സരിക്കാനിറങ്ങുന്നത്. 37 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികലുമാണ് കേരളത്തിനായി മത്സരിക്കാനിറങ്ങുന്നത്. വെള്ളിയാഴ്ച റോഹ്ത്തകിലെത്തിയ കേരള സംഘം രണ്ട് ദിവസം പരിശീലനം നടത്തിയാണ് പോരിനിറങ്ങുന്നത്. ഹരിയാനയിലെ കടുത്ത തണുപ്പ് മറികടക്കാനാണ് രണ്ട് ദിവസം മുന്‍പ് തന്നെ താരങ്ങള്‍ റോഹ്ത്തക്കിലെത്തിയത്. റിലേ ടീമുകള്‍ക്കും മറ്റും പ്രത്യേകം പരിശീലനം നല്‍കിയതിനാല്‍ മെഡല്‍ കൊയ്ത്ത് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
പരിശീലകരായ ജാഫര്‍ ബാബു, ടോമി ചെറിയാന്‍, രാജു പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള സംഘം എത്തിയത്. നിലവില്‍ ടീം അംഗങ്ങള്‍ എല്ലാവരും പൂര്‍ണ സജ്ജരാണെന്ന് പരിശീലകന്‍ ജാഫര്‍ ബാബു പറഞ്ഞു. തണുപ്പില്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കിരീടം നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോതമംഗലം മാര്‍ ബേസില്‍ താരം അനുമോള്‍ തമ്പിയാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. ആണ്‍കുട്ടികളുടെ ടീമിനെ നയിക്കുന്നത് പറളി സ്‌കൂളിലെ പി.എന്‍ അജിത്തും പെണ്‍കുട്ടികളുടെ ടീമിനെ നയിക്കുന്നത് കല്ലടി സ്‌കൂളിലെ നിവ്യ ആന്റണിയുമാണ്. 72 അംഗ ടീമിലെ എല്ലാവരും പൂര്‍ണ ഫിറ്റായതിനാല്‍ കേരളം ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തണുത്ത് വിറച്ച് റോഹ്ത്തക്; ആശങ്ക മാറാതെ താരങ്ങള്‍
തണുത്ത് വിറക്കുന്ന കാലാവസ്ഥയില്‍ എങ്ങനെ മത്സരിക്കുമെന്ന് ആശങ്കയിലാണ് കേരള സംഘം. തണുപ്പിനെ മറികടക്കുക ലക്ഷ്യമിട്ടാണ് ടീം രണ്ട് ദിവസം മുന്‍പേ ഇവിടെ പരിശീലനം തുടങ്ങിയത്. എങ്കിലും മത്സരത്തിന് ഒരുങ്ങുന്നതിന് മുന്‍പ് അര മണിക്കൂറെങ്കിലും വാമപ്പ് ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ഇത് സ്റ്റാമിനയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പോള്‍ വാള്‍ട്ട് താരം നിവ്യ ആന്റണി പറഞ്ഞു. മതിയായ ഒരുക്കങ്ങള്‍ നടത്തി മികച്ച റിസള്‍ട്ട് ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിവ്യ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."