മുന്നറിയിപ്പില്ലാതെ ട്രെയിന്‍ പിടിച്ചിട്ടത് രണ്ട് മണിക്കൂറിലേറെ
കോഴിക്കോട്: അറ്റകുറ്റപ്പണിയുടെ പേരില്‍ മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ പിടിച്ചിട്ടതു യാത്രക്കാരെ മണിക്കൂറുകള്‍ വലച്ചു. തലശ്ശേരിക്കും വടകരക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനുകള്‍ വടകര, മാഹി, തലശ്ശേരി, എടക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടരമണിക്കൂറിലേറെ പിടിച്ചിട്ടത്.
പാളത്തില്‍ നവീകരണപ്രവൃത്തികള്‍ നടക്കുന്നസമയത്ത് ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിപ്പ് നല്‍കാറുണ്ടായിരുന്നു. വടകരക്കും തലശ്ശേരിക്കും ഇടയിലെ റെയില്‍പാതയിലെ സ്ലീപ്പര്‍, റെയില്‍ട്രാക്ക് എന്നിവ മാറ്റി സ്ഥാപിക്കല്‍ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. ഒരേസമയം രണ്ടുദിശയിലെയും പാത അറ്റകുറ്റപ്പണിക്കായി അടച്ചതോടെയാണു മുന്നറിയിപ്പില്ലാതെയുള്ള ട്രെയിന്‍ പിടിച്ചിടല്‍.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, മംഗളൂരു-ചെന്നൈ മെയില്‍, നാഗര്‍കോവില്‍-മംഗളൂരു ഏറനാട്, പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് മണിക്കൂറുകളോളം വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടത്. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്കു 2.35ന് പുറപ്പെട്ട ഇന്റര്‍സിറ്റി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ രണ്ടുമണിക്കൂറിലേറെയാണ് പിടിച്ചിട്ടത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കു വിമാനസമയം പ്രതീക്ഷിച്ച് യാത്ര പുറപ്പെട്ട പ്രവാസിമലയാളികളും ട്രെയിനിലുണ്ടായിരുന്നു. ട്രെയിന്‍ അനന്തമായി നിര്‍ത്തിയതോടെ ഇവര്‍ ബഹളം വയ്ക്കുകയും ചെയ്തു. എറണാകുളത്തെ വിവിധ ആശുപത്രികളിലേക്കു തിരിച്ച യാത്രികരും ഈ ട്രെയിനിലുണ്ടായിരുന്നു. 2.55ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടേണ്ട ട്രെയിന്‍ വൈകിട്ട് അഞ്ചിനു ട്രാക്കിലെ പ്രവൃത്തി അവസാനിച്ച ശേഷമാണു പുറപ്പെട്ടത്. ഈസമയം ഇതേ ട്രാക്കിലൂടെ കടന്നുപോകേണ്ട ചെന്നൈ മെയില്‍ എടക്കാട് സ്‌റ്റേഷനിലും നിര്‍ത്തിയിട്ടു.
മംഗളൂരു ദിശയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുന്‍നിശ്ചയിച്ചതു പ്രകാരം രണ്ടര മണിക്കൂര്‍ വൈകി വൈകിട്ട് മൂന്നിന് കോഴിക്കോട് നിന്നു തിരിച്ച ഏറനാട് എക്‌സ്പ്രസ് മാഹിയിലും പിന്നാലെ വന്ന പരശുറാം വടകരയിലും പിടിച്ചിടുകയായിരുന്നു. തലശ്ശേരിക്കും വടകരക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്നില്ല.
കോഴിക്കോട്ടെത്തി 12.15ന് പുറപ്പെടേണ്ട ഏറനാട് വൈകിട്ട് മൂന്നിനാണു പുറപ്പെട്ടത്. ഇതിന്റെ ദുരിതം യാത്രക്കാര്‍ സഹിക്കുന്നതിനു പുറമെയാണു മുന്നറിയിപ്പില്ലാതെ ഇന്നലെ ഉച്ചകഴിഞ്ഞ് തലശ്ശേരിക്കും മാഹിക്കും ഇടയില്‍ ഇരു ദിശയിലേക്കുമുള്ള ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തിയത്.
സാധാരണ അറ്റകുറ്റപ്പണി വേളയില്‍ ട്രെയിനുകള്‍ വൈകുന്നതോ റദ്ദാക്കുന്നതോടെ പബ്ലിക് റിലേഷന്‍സ് വിഭാഗം വഴി മാധ്യമങ്ങളെ റെയില്‍വേ അറിയിക്കാറുണ്ട്. എന്നാല്‍ ഇന്നലെ ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നതിന്റെ ഒരു വിവരവും യാത്രക്കാര്‍ക്കു ലഭിച്ചിരുന്നില്ല.
അവധിദിനം കൂടി ആസൂത്രണം ചെയ്തു ട്രെയിന്‍ യാത്രക്കിറങ്ങിയ നൂറുകണക്കിനു യാത്രക്കാരാണു അക്ഷരാര്‍ഥത്തില്‍ വലഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."