ഭക്തിഗാനങ്ങള്‍ക്ക് സംഗീത സംവിധാനമൊരുക്കി പതിനാലുകാരന്‍
പാലാ: ഭക്തിഗാനങ്ങള്‍ക്ക് സംഗീതസംവിധാനമൊരുക്കി പതിനാലുകാരന്‍ ശ്രദ്ധേയനാകുന്നു. മേലുകാവ് കോഴിക്കുന്നേല്‍ ലിബിനാണ് ഈ മിടുക്കന്‍. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഭക്തിഗാനങ്ങള്‍ക്കാണ് ലിബിന്‍ സംഗീതമൊരുക്കിയിട്ടുള്ളത്.
തീക്കോയി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ലിബിന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ശാസ്ത്രീയസംഗീതം പഠിക്കുന്നുണ്ട്. സംഗീതജ്ഞനായ മുട്ടം സുജിത് കൃഷ്ണനാണ് ഗുരു. സ്‌കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ലിബിന്‍ ആദ്യമായാണ് സംഗീതസംവിധാന രംഗത്തേക്ക് കടക്കുന്നത്.
കാവിന്‍പുറം ദേവസ്വത്തിന്റെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ തുമ്പയില്‍ സുനില്‍ കുമാര്‍ എഴുതിയ ഏഴു ഗാനങ്ങള്‍ക്കാണ് ലിബിന്‍ ഈണമിട്ടിട്ടുള്ളത്. 'കാവിന്‍പുറത്തമ്മ അഭയാംബിക' ഭക്തിഗാന സി.ഡിക്കായി ഈ പാട്ടുകളെല്ലാം ആലപിച്ചിട്ടുള്ളതും ലിബിന്‍ തന്നെയാണ്. കോഴിക്കുന്നേല്‍ പാപ്പു - മിനി ദമ്പതികളുടെ ഇളയമകനാണ്. ബിരുദ വിദ്യാര്‍ഥിയായ ചേട്ടന്‍ ലിജു വയലിന്‍ വാദനത്തില്‍ ശ്രദ്ധേയനാണ്.
കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 27 ന് വൈകിട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മജീഷ്യന്‍ കണ്ണന്‍ മോന്‍, ലിബിന്‍ പാടി തയാറാക്കിയ സി.ഡിയുടെ പ്രകാശനം നിര്‍വഹിക്കും. സിനിമാതാരം ബാബു നമ്പൂതിരി സി.ഡി ഏറ്റുവാങ്ങും. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം സി.പി. ചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
ഉമാമഹേശ്വര ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.
വിവിധ സമുദായ നേതാക്കള്‍ പ്രസംഗിക്കും. തുടര്‍ന്ന് മേലുകാവ് ലിബിന്റെ സംഗീതാര്‍ച്ചനയുമുണ്ട്. ബാലു മേവട പക്കമേളമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."