66 കാരന് സ്വപ്ന സാഫല്യം; ഏഴാം ക്ലാസ് പരീക്ഷയെഴുതി
വടക്കാഞ്ചേരി: ജീവിത യാത്രയില്‍ 66 കാരന് സ്വപ്ന സാഫല്യം. വാര്‍ധക്യത്തിന്റെ അവശതകള്‍ മറികടന്ന് തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട് വട്ടപ്പാറ സ്വദേശി മൂലേടത്ത് വീട്ടില്‍ എം.വി പത്രോസാണ് ഏഴാം ക്ലാസ് പരീക്ഷയെഴുതി തന്റെ ആഗ്രഹം സഫലീകരിച്ചത്.
ചെറുപ്രായത്തില്‍ തനിക്ക് നഷ്ടപ്പെട്ട അക്ഷരപുണ്യം തിരിച്ചുപിടിയ്ക്കുകയെന്നത് വാര്‍ധക്യത്തിലും പത്രോസിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ഇതിനിടയിലാണ് സംസ്ഥാനസാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പഠനത്തെക്കുറിച്ച് അറിയുന്നത്. പിന്നീടങ്ങോട്ട് ഏഴാം ക്ലാസ് വിദ്യാര്‍ഥിയാകാന്‍ മനസിനെ പാകപ്പെടുത്തുകയായിരുന്നു. ശ്രദ്ധയോടെയുള്ള പഠനത്തിനൊടുവില്‍ മലയാളം, ഇംഗ്ലീഷ്, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, കണക്ക്, ഹിന്ദി പരീക്ഷകള്‍ പൂര്‍ത്തിയാക്കി.
വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഹാളിലെ 51 പരീക്ഷാര്‍ഥികളില്‍ ഒരാളായപ്പോള്‍ തന്റെ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. പരീക്ഷയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ പി.കെ സദാശിവന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി.ജി ജോണ്‍ അധ്യക്ഷനായി. പ്രേരക്മാരായ ടി.എല്‍ സജിത, ഇ.ടി സൂസമ്മ, ലിസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."