ചെറുതേന്‍ കൃഷിയില്‍ വിജയഗാഥയുമായി തച്ചമ്പാറ കര്‍ഷകര്‍
തച്ചമ്പാറ: ഔഷധമെന്ന നിലയില്‍ ഏറ്റവും പ്രാധാന്യമുള്ള ചെറുതേന്‍ ഉത്പാദനത്തില്‍ വിജയഗാഥ രചിക്കുകയാണ് തച്ചമ്പാറയിലെ കര്‍ഷകര്‍. കേരളത്തില്‍ ആദ്യമായി സംഘടിതമായി. ചെറു തേനീച്ച കൃഷി ആരംഭിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കി ജീവിതത്തിന് തേന്‍ മധുരം പകരുന്ന ഇവര്‍ ചെറു തേനീച്ച കൃഷിയിലേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനവും സാങ്കേതിക സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. മരപൊത്തുകളിലും മതിലുകളിലും കാണുന്ന ചെറുതേനീച്ചയെ കൂട്ടിലാക്കി വളര്‍ത്തി തേന്‍ എടുക്കുകയാണ് ചെയ്യുന്നത്. മുളങ്കുറ്റി, ചെറിയ മരപ്പെട്ടി, മണ്‍കലം തുടങ്ങിയവയിലെല്ലാം ചെറു തേന്‍ വളര്‍ത്താം. മറ്റു തേനീച്ചകളെ പോലെ കുത്തുകയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കഴിയും. നവംബര്‍ മുതല്‍ ജനുവരി വരെയാണ് തേനീച്ച കൂട് വിഭജിക്കുക. ഏപ്രില്‍ ആദ്യവാരം തേന്‍ എടുക്കും. ഒരു പെട്ടിയില്‍ നിന്ന് അര കിലോ വരെ തേന്‍ കിട്ടാറുണ്ട്. ഒരു കിലോ ചെറുതേനീന് രണ്ടായിരം രൂപയാണ് വില.
തച്ചമ്പാറ കൃഷിഭവന്റെ കീഴിലുള്ള അമൃതം ചെറു തേനീച്ച കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ ചെറുതേനീച്ച കൃഷി ചെയ്യുന്നു. ഉത്പാദിപ്പിക്കുന്ന തേന്‍ കൃഷി ഭവന്റെ കീഴിലുള്ള തച്ചമ്പായിലെ ആത്മ ഇക്കോഷോപ്പ് വഴിയാണ് വില്‍പന നടത്തുന്നത്. കഫക്കെട്ടു മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ചെറുതേന്‍ ആവശ്യമുള്ളതിനാലാണ് ഇതിന് വില കൂടുതല്‍ ലഭിക്കുന്നത്.
ഒരു കാലത്ത് പ്രകൃതിയില്‍ ധാരാളമായി കണ്ടു വന്നിരുന്ന ചെറുതേനീച്ച ഇപ്പോള്‍ കുറഞ്ഞു വരികയാണ്. മതിലുകളീലും വീടിന്റെ ചുവരുകളിലും സിമന്റ് തേക്കുന്നതും പഴയ വീടുകള്‍ പൊളിച്ചു മാറ്റുന്നതും ചെറു തേനീച്ചയുടെ വംശം നശിക്കാന്‍ ഇടയാക്കുന്നു. വിളകളില്‍ കൂടുതലായും പരാഗണം നടക്കുന്നത് തേനീച്ചകള്‍ വഴിയാണ്. തേനീച്ച കളുടെ വംശനാശം കൃഷിയേയും ബാധിക്കും. ഇത് കൊണ്ടാണ് ഇവയെ കൂട്ടിലാക്കി വളര്‍ത്താനുളള പ്രചാരണം സമിതി നടത്തുന്നത്. ചെറുതേനീച്ച കൂട്ടില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു ശാസ്ത്രീയമായി പഠിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് തേനീച്ച സമിതി. ചെറുതേനീച്ച വളര്‍ത്തലില്‍ നാളെ കാലത്ത് പത്ത് മണിക്ക് തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും. പ്രൊഫ. സാജന്‍ ജോസ് നേതൃത്വം നല്കും. ഫോണ്‍: 8156915806, 9287591783, 9747211413.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."