കേന്ദ്രം ഇ.എസ്.ഐ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കില്ല
കൊല്ലം: പാരിപ്പള്ളി ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ ഇ.എസ്.ഐ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രം ഏറ്റെടുക്കില്ലെന്ന് തൊഴില്‍ മന്ത്രി സന്തോഷ്കുമാര്‍ ഗാംങ്വാര്. ലോക്സഭയില്‍ എന്‍.കെ പ്രേമചന്ദ്രന് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇ.എസ്.ഐ കോര്‍പറേഷന്റെ മെഡിക്കല്‍ കോളജുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ നടപടി നിയമവിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രം സുപ്രിംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന് നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ലോക്സഭയില്‍ മന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ഇ.എസ്.ഐ കോര്പറേഷന് ഏറ്റെടുക്കുമെന്ന ആശങ്ക ഇല്ലാതായി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ഇ.എസ്.ഐ കോര്പറേഷന് സുപ്രിംകോടതിയില്‍ എസ്.എല്‍.പി ഫയല്‍ ചെയ്യുന്നതിലൂടെ കോടതിവിധിക്ക് മാറ്റമുണ്ടാകുമെന്ന പ്രത്യാശയാണുള്ളത്. എന്നാല്‍, സമാന ആവശ്യമുന്നയിച്ച് കേരളാ ഹൈക്കോടതിയില്‍ സി.പി.എം ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ യാതൊരു തുടര്‍നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനം സംശയാസ്പദമാണെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാരില്‍തന്നെ നിലനില്‍ക്കുമെന്ന ഉറപ്പ് കേന്ദ്രത്തില്‍നിന്ന് ലഭിച്ച സാഹചര്യത്തിലെങ്കിലും അടുത്ത രണ്ടുവര്‍ഷത്തെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് മാറ്റിക്കിട്ടാന്‍ സംസ്ഥാനം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."