ഓഖി: 105 ബോട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചു
തിരുവനന്തപുരം: ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 105 ബോട്ടുകള്‍ കേരളാതീരത്ത് തിരച്ചില്‍ ആരംഭിച്ചു. നീണ്ടകര, കൊച്ചി, മുനമ്പം എന്നീ കേന്ദ്രങ്ങളില്‍നിന്ന് 25 വീതം ബോട്ടുകളും ബേപ്പൂരില്‍നിന്ന് 30 ബോട്ടുകളുമാണ് ഞായറാഴ്ച വൈകിട്ട് മുതല്‍ തിരച്ചില്‍ നടത്തുന്നത്.
ഫിഷറീസ് ഡയരക്ടറേറ്റാണ് തിരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നത്. ഓരോ ബോട്ടിലും അഞ്ച് മത്സ്യത്തൊഴിലാളികള്‍ വീതം കടലില്‍ പോയിട്ടുണ്ട്. തിരച്ചില്‍ ഡിസംബര്‍ 22 വരെ തുടരും. ബോട്ടുകള്‍ക്കാശ്യമായ ഡീസലിനുള്ള തുകയും തൊഴിലാളികള്‍ക്കുള്ള അലവന്‍സും സര്‍ക്കാര്‍ ലഭ്യമാക്കും.
നീണ്ടകരയില്‍ നിന്നുള്ള 25 ബോട്ടുകള്‍ നീണ്ടകര മുതല്‍ ചേറ്റുവ വരെയും കൊച്ചിയില്‍ നിന്നുള്ള 25 ബോട്ടുകള്‍ കൊച്ചി മുതല്‍ കൊയിലാണ്ടി വരെയും തിരച്ചില്‍ നടത്തും.
മുനമ്പത്ത് നിന്നുള്ള 25 ബോട്ടുകള്‍ മുനമ്പം മുതല്‍ കണ്ണൂര്‍ വരെയും ബേപ്പൂരില്‍ നിന്നുള്ള 30 ബോട്ടുകള്‍ ബേപ്പൂര്‍ മുതല്‍ മംഗളൂരു വരെയും തിരച്ചില്‍ നടത്തും.
തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കും. ലീഡ് ബോട്ടില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.
ഓരോ പ്രദേശത്തുനിന്നും പുറപ്പെടുന്ന ബോട്ടുകള്‍ തീരത്തിന് സമാന്തരമായി ഏകദേശം 4 നോട്ടിക്കല്‍ മൈല്‍ അകലം ക്രമീകരിച്ച് തിരച്ചില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."