ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് അന്തിമരൂപമായി
ഹിദായ നഗര്‍ (ചെമ്മാട്) : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തിന് അന്തിമ രൂപമായി. സമ്മേളനം ഈ മാസം 22,23,24 തിയതികളില്‍ വാഴ്‌സിറ്റി കാംപസില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്ന തരത്തിലാണ് സമ്മേളന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.
22ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മമ്പുറം മഖാമിലും, സൈനുല്‍ ഉലമാ, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറകളിലും സിയാറത്ത് നടക്കും. മമ്പുറം മഖാമില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും സൈനുല്‍ ഉലമാ, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറകളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും നേതൃത്വം നല്‍കും. തുടര്‍ന്ന് അസര്‍ നിസ്‌കാരാനന്തരം സമ്മേളന നഗരിയില്‍ ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തും.
വൈകിട്ട് 4.45ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തോടെ ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തിനു ഔദ്യോഗിക തുടക്കമാവും. ബഹ്‌റൈനിലെ കിങ്ഡം യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ.യൂസുഫ് അബ്ദുല്‍ ഗഫാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ചടങ്ങില്‍ വാഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക് ജേണലിന്റെ പ്രകാശനവും നടക്കും.
വൈകിട്ട് ഏഴിന് 'നമ്മുടെ ഇന്ത്യ' എന്ന വിഷയത്തില്‍ ഏകതാസംഗമം നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
23ന് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ വേദി ഒന്നില്‍ നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ദാറുല്‍ഹുദാ നാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ , ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സിറാജ് ഇബ്രാഹിം സേട്ട്, അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്, പി.ബി സലീം ഐ.എ.എസ് സംബന്ധിക്കും.
വേദി രണ്ടില്‍ ടീനേജ് കോണ്‍ക്ലേവ് നടക്കും. എസ്.എസ്.എല്‍.എസി, പ്ലസ് ടു തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. രണ്ട് സെഷനുകളിലായി നടക്കുന്ന സംഗമം സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് ഹെറിറ്റേജ് മീറ്റ് നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി ജലീല്‍ മുഖ്യാതിഥിയാവും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ അധ്യക്ഷനാവും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
24ന് ഞയറാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെ അലുംനി ഗാതറിങ് നടക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്ഥാനവസ്ത്രം വിതരണം ചെയ്യും. പതിനൊന്ന് മുതല്‍ ഒരു മണി വരെ വിഷന്‍ ദാറുല്‍ഹുദാ പരിപാടി നടക്കും. ദാറുല്‍ഹുദാ ഭാരവാഹികളും പ്രവാസി പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും സംഗമിക്കും. വൈകിട്ട് നാലിനു ബിരുദദാനം നടക്കും.
പന്ത്രണ്ട് വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 677 മലയാളി വിദ്യാര്‍ഥികള്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരുദവും പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി വാഴ്‌സിറ്റിയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ 31 ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് മൗലവി ആലിം ഹുദവി ബിരുദവും നല്‍കും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജോര്‍ദാന്‍ അംബാസഡര്‍ ഡോ. ഹസന്‍ മഹ്മൂദ് ജവാനിഹി, മൊറോക്കോ അംബാസഡര്‍ ഡോ. മുഹമ്മദ് മാലികി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പി.കെ മുഹമ്മദ് ഹാജി, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ശംസുദ്ദീന്‍ ഹാജി വെളിമുക്ക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."