അണ്ടര്‍ 15 യൂത്ത് ഫുട്ബോള്‍: എം.എസ്.പിക്കും ബ്ലാസ്റ്റേഴ്സിനും ജയം
കൊച്ചി: അണ്ടര്‍ 15 യൂത്ത് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഇ മത്സരത്തില്‍ മലപ്പുറം എം.എസ്.പിക്കും കേരള ബ്ലാസ്റ്റേഴ്സിനും വിജയം. കൊച്ചി മഹാരാജാസ് കോളജ് മൈതാനത്ത് ആദ്യ മത്സരത്തില്‍ എം.എസ്.പി ഫുട്ബോള്‍ അക്കാദമി (എം.എഫ്.എ) എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പ്രൊഡിഗി സ്പോര്‍ട്സ് എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് 3-2ന് ഡോണ്‍ ബോസ്കോ യൂത്ത് സെന്ററിനെ തോല്‍പ്പിച്ചു.
കളിയുടെ ആദ്യ പകുതിയില്‍ 2-1 ന് പിന്നിലായി പോയ ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. 14 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് താരം ജോഷ്വ എം ജോഷി ആദ്യ ഗോള്‍ നേടി. 29ാം മിനുട്ടില്‍ മൊഹമ്മദ് അയ്മന്റെയും 41ാം മിനുട്ടില്‍ ടി.എച്ച് ആകാശിന്റെയും ഗോളിലൂടെ ഡോണ്‍ ബോസ്കോ ലീഡ് പിടിച്ചു. 83 മിനുട്ടില്‍ ജോഷ്വയുടെയും 89ാം മിനുട്ടില്‍ വി അനന്ദുവിന്റെയും ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.
രാവിലെ നടന്ന മത്സരത്തില്‍ രജിസ്ട്രേഷനിലെ അപാകത മൂലം എട്ട് പേരുമായി കളത്തിലിറങ്ങേണ്ടി വന്ന പ്രൊഡിഗിയെ എം.എസ്.പി തകര്‍ത്തു തരിപ്പണമാക്കി. എം.എസ്.പിക്കായി അജയ് കൃഷ്ണന് ഹാട്രിക്ക് നേടി. അക്മല്‍ ഷാന്‍ രണ്ടും എന്‍.എസ് നിഖില്‍ ഒരു ഗോളും നേടി. നാളെ രാവിലെ എട്ടിന് ബ്ലസ്റ്റേഴ്സ് എം.എഫ്.എയെയും വൈകിട്ട് 3.45 ന് കോവളം എഫ്.സി പ്രൊഡിഗിയെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."