കവിതയിലെ മാമ്പഴം
ഗ്രാമജീവിതത്തിന്റെ നന്മവഴികളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ ചിത്രീകരിച്ച വൈലോപ്പിള്ളി ശ്രീധരമേനോന്‍ വിടപറഞ്ഞിട്ട് ഡിസംബര്‍ 22ന് 32 വര്‍ഷം പിന്നിടുന്നു. ഗ്രാമീണ ജീവിതത്തെ ഇത്ര മനോഹരമായി മലയാളിക്ക് പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു പറയാം. അടിസ്ഥാനവര്‍ഗത്തിന്റെ ഭാഗത്തുനിന്ന് ചിന്തിച്ച വൈലോപ്പിള്ളി എന്നും പുരോഗതിയില്‍ അതിനനുസൃതമായ സാമൂഹിക മാറ്റവും കവിതകളില്‍ അവതരിപ്പിച്ചു.
ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ വൈലോപ്പിള്ളി കന്നികൊയ്ത്ത്(1947) എന്ന കാവ്യ സമാഹാരത്തിലൂടെ 1940 കളില്‍ മലയാളത്തില്‍ ഒരു ഭാവുകത്വ പരിവര്‍ത്തനത്തിന് തുടക്കമിട്ടു. ചങ്ങമ്പുഴയുടേയും ഇടപ്പള്ളിയുടേയും കാല്‍പനിക പ്രസ്ഥാനങ്ങള്‍ മലയാള കവിതാരംഗത്ത് വെന്നിക്കൊടി പാറിച്ച അവസരത്തില്‍ തീര്‍ത്തും വ്യത്യസ്തമായി യാഥാര്‍ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചവരില്‍ പ്രമുഖനായിരുന്നു വൈലോപ്പിള്ളി.
'ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും
മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും, മമതയും ഇത്തിരികൊന്നപ്പൂവും'.
'കയ്പവല്ലരി' യിലെ ഈ വരികള്‍ എത്രമനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ! പ്രകൃതിയുടെ കേവല സൗന്ദര്യത്തെ വര്‍ണിക്കുന്നതിന് പകരം പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന് പ്രിയങ്കരം.'എല്ലുറപ്പുള്ള കവിത'യെന്ന് 'കടല്‍കാക്ക'ളുടെ അവതാരികയില്‍ പി. എ വാര്യരും'കാച്ചിക്കുറുക്കിയ കവിത' യെന്ന് പ്രൊഫ. എം.എന്‍ വിജയനും വൈലോപ്പിള്ളി കവിതകളെ പൊതുവായി വിലയിരുത്തിയിട്ടുണ്ട്. അനാവശ്യമായി ഒരൊറ്റ വാക്കുപോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി.
കന്നിക്കൊയ്ത്ത്
ആറു പതിറ്റാണ്ടോളം നീണ്ട ആ കാവ്യ സപര്യയില്‍ വിരിഞ്ഞത് മണ്ണിന്റെ മണവും മാമ്പൂ സുഗന്ധവും, മാറുന്ന മാനവ ജീവിതവും, വിപ്ലവ വീര്യവും സമകാലീന സാമൂഹിക പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന ഒട്ടനവധി നറുമുത്തുകളാണ്. 1947 ജൂണില്‍ പ്രസിദ്ധീകരിച്ച കന്നിക്കൊയ്ത്ത് എന്ന സമാഹാരത്തില്‍ കന്നികൊയ്ത്ത്, ആയിരത്തൊന്ന് രാവുകള്‍, അരിയില്ലാഞ്ഞിട്ട്, വസന്തം, മാമ്പഴം, പൂക്കാലം, ആസാം പണിക്കാര്‍ തുടങ്ങി 15 കവിതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കലൂരിലെ വൈലോപ്പിള്ളിയുടെ തറവാടിനു കിഴക്കുള്ള കന്നിക്കൊയ്ത്തുപാടമാണ് പശ്ചാത്തലം. ഗ്രാമജീവിതചിത്രങ്ങളിലേക്ക് കവി നമ്മെ ക്ഷണിക്കുന്നു. കാര്‍ഷിക മഹത്വം വിളംബരം ചെയ്യുന്ന വരികള്‍ നോക്കുക.
'പൊന്നുഷസ്സിന്റെ കൊയ്ത്തില്‍ നിന്നുരി-
ച്ചിന്നിയ കതിര്‍ചുറ്റും കിടക്കേ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ ഗ്രാമ-
ജീവിത കഥാ നാടക ഭൂവിന്റെ, യവനിക
ഉയര്‍ത്തുമ്പോള്‍ ആരെയൊക്കെയാണ് കാണുന്നത്,
എന്തൊക്കെയാണ് കേള്‍ക്കുന്നത്.'
മാമ്പഴം
വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്ന വരികള്‍ ഏതാണ് എന്നു ചോദിച്ചാല്‍ കൂട്ടുകാര്‍ ഉടനെ ഉത്തരം തരും;
'അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍'
എന്നു തുടങ്ങുന്ന മാമ്പഴം എന്ന കവിതയിലെ വരികള്‍. വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്. ഒരു ശര്‍ക്കരമാവില്‍ ആദ്യത്തെ മാമ്പഴം ഉണ്ടാകുമ്പോള്‍ സന്തോഷമാണല്ലോ ഉണ്ടാവുക. പക്ഷേ ഇവിടെ അമ്മയുടെ നേത്രത്തില്‍ ചുടുകണ്ണീരാണ് ഉതിര്‍ന്നത്. ആ കണ്ണീര്‍ ആനന്ദത്തിന്റേതല്ല, മറിച്ച് ദു:ഖത്തിന്റേതാണ്. കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ.
1936-ല്‍ എഴുതിയ ഈ കവിത ഇന്നും മലയാളികളുടെ മനസില്‍ നൊമ്പരം കോരിയിടുന്നു.'ജീവിതത്തില്‍ നിന്നു ചിന്തിയെടുത്ത ഒരേട്' ആയതുകൊണ്ടാണ് മാമ്പഴം പുതുതലമുറയുടേയും പ്രിയ കവിതയാകുന്നത്. ലാളിത്യവും വൈകാരികതയും നാടകീയമായ അവതരണവുമുള്ള ഈ കവിത ഇന്നും കാവ്യപാരായണ വേദികളില്‍ ഏറെ ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്.
ശാസ്ത്രബോധങ്ങളുടെ കവിത
പര്‍വതങ്ങളും, പുഴകളും തൊടികളും, നെല്‍പ്പാടങ്ങളും, പുല്‍നാമ്പും നെഞ്ചിലേറ്റാന്‍ കവി പ്രേരിപ്പിക്കുന്നു. ശാസ്ത്രാധ്യാപകന്‍ കൂടിയായതുകൊണ്ടാവണം അദ്ദേഹത്തിന്റെ കവിതകളില്‍ ശാസ്ത്രബോധം നന്നായി നിഴലിച്ചിരുന്നത്. ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിച്ച കവി, കയ്പും മധുരവും നിറഞ്ഞ ജീവിതത്തെയാണ് എന്നും പ്രമേയമാക്കിയിട്ടുള്ളത്.
''നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം
നിറഞ്ഞിരിക്കിലും'വികൃത'മെങ്കിലും
ഇവിടെ സ്‌നേഹിപ്പാ,നിവിടെ ആശിപ്പാ-
നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം!'
1940-42 യുദ്ധകാലത്ത് വിശപ്പടക്കാന്‍ വേണ്ടി കേരളത്തില്‍ നിന്ന് ആസാമിലേക്ക് പോയും വന്നുമിരുന്ന തൊഴിലാളി സംഘങ്ങളില്‍ ഒന്നില്‍ നിന്നാണ് 'ആസാം പണിക്കാര്‍'. ജീവിക്കാന്‍ തൊഴില്‍ തേടി ജന്മനാടുവിട്ട്- ആസാമിലേക്ക് പോകുന്ന ഒരുസംഘം തൊഴിലാളികളുടെ ആത്മസ്പന്ദനങ്ങളും സംഘര്‍ഷങ്ങളുമാണ് മുകളില്‍ ഉദ്ധരിച്ച കവിതയില്‍ പ്രകടമാക്കുന്നത്. ജീവിതദുഃഖം എന്തുതന്നെവന്നാലും സ്‌നേഹിക്കാനും ആശിക്കാനും ദുഃഖിക്കാനും പിറന്ന നാടുതന്നെ ശരണം എന്ന തിരിച്ചറിവ് ജന്മനാടിനോടുള്ള കൂറും തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന്റെയും വര്‍ഗബോധത്തിന്റെയും തെളിവുമാണെന്ന് കവി വിശദമാക്കുന്നു.
പന്തങ്ങള്‍
വൈലോപ്പിള്ളിയുടെ കാവ്യദര്‍ശനത്തിന് നിദാനമായ കവിതകളിലൊന്നാണ് പന്തങ്ങള്‍.
''ഏറിയ തലമുറയേന്തിയ പാരിന്‍
വാരൊളി മംഗള കന്ദങ്ങളായ - പന്തങ്ങള്‍
കൈയേല്‍ക്കുവാന്‍ - ചോര തുടിക്കും ചെറുകൈയുകളെ പേറുകവന്നീ പന്തങ്ങള്‍' എന്ന ആ തൂലികയുടെ ആഹ്വാനം പുതുതലമുറയോടാണ്. പോയ തലമുറ നിങ്ങള്‍ക്ക് വച്ചിട്ടുപോയ നന്മയുടെ പന്തങ്ങള്‍ കെടുത്താതെ കാക്കുക എന്നതാണ് ഈ വരികളിലെ അഹ്വാനം.
കേരളത്തില്‍ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കല്‍, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ എന്നിവ വൈലോപ്പിള്ളിയുടെ കവിതകളില്‍ നിഴലിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും, ദാരിദ്ര്യവും എന്നിങ്ങനെ അശാന്തമായ ഒരു കാലഘട്ടത്തിലാണ് കവി യൗവ്വനം കഴിച്ചുകൂട്ടിയത്. കാലവും ലോകവും മാറുന്നു എന്നതാണ് വൈലോപ്പിള്ളി കവിതയുടെ ആധാരശില.
കത്തിയും മുരളിയും
ജീവിതാനുഭവങ്ങളെ കവിതയായി ആവിഷ്‌കരിക്കുമ്പോഴുണ്ടാകുന്ന മാസ്മരിക മാറ്റം വര്‍ണനാതീതമാണ്. 'കടല്‍കാക്ക'കളിലെ 'കത്തിയും മുരളിയും' അതിനുദാഹരണമാണ്.
ഹാ വിജിഗിഷൂ മൃത്യുവിന്നാമോ?
ജീവിത്തില്‍ കൊടിപ്പടം താഴ്ത്താന്‍?'കന്നിക്കൊയ്ത്തി'ലൂടെ അര്‍ഥവത്തായി കവി ജീവിത നൈരന്തര്യത്തെ സൂചിപ്പിക്കുന്നു. മരണം ജീവിതത്തെ കൊയ്തുമാറ്റും തോറും ജീവിതം തുടര്‍ച്ചയ്ക്കായി വീണ്ടും വിത്തുവിതച്ചുകൊണ്ടിരിക്കുന്നു. തലമുറകള്‍ നശിക്കുന്നില്ല. എല്ലാ വളര്‍ച്ചകളും തുടര്‍ച്ചകളാണെന്ന് കവി ഓര്‍മിപ്പിക്കുന്നു. സമത്വസുന്ദരമായ ഓണത്തിന്റെ പുരാവൃത്തസംസ്‌കൃതി അര്‍ഥ ഗംഭീരമായാണ് വൈലോപ്പിള്ളി 'ഓണപ്പാട്ടുകാരില്‍' അവതരിപ്പിക്കുന്നത്. കവി ജന്മം അത്തരമൊരു കാലത്തിന്റെ പുനസൃഷ്ടിയ്ക്ക് ശ്രമിക്കാനുള്ളതാണെന്നും അദ്ദേഹം വിശ്വസിച്ചു.
''അത്രയുമല്ല പുരാതന കാഞ്ച
കാലം പുല്‍കിയ കണ്ണാല്‍ ഭാവിയു-
രുത്തിരിയുന്ന വിദൂരതയിങ്കലു
മൊരു തിരുവോണം കാണ്മൂ ഞങ്ങള്‍''
(ഓണപ്പാട്ടുകാര്‍) എന്നാണ് കവി പാടിയിരിക്കുന്നതും.
കുടിയൊഴിക്കല്‍
വിപ്ലവം പ്രമേയമായി സ്വീകരിച്ച കവിതകളില്‍ ഏറ്റവും ദീപ്തവും ഉദാത്തവുമായ കവിത'കുടിയൊഴിക്കല്‍'ആണ്. കവിയുടെ തറവാട്ടുപറമ്പില്‍ കുടികിടപ്പുകാരനായ ഒരു മുഴുക്കുടിയനുണ്ടായിരുന്നു. പതിവായി ഭാര്യയെ മര്‍ദിച്ച് ചീത്ത പറയുമായിരുന്നു ഇയാള്‍. ഇതില്‍ കവി ഇടപെടുന്നു.
മദ്യപിച്ചുവന്ന് വീണ്ടും പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ നിര്‍ദാക്ഷിണ്യം ഇറക്കിവിടുമെന്ന് കവി പറയുന്നു. ലഹള തുടര്‍ന്നപ്പോള്‍ ഇറക്കിവിടുന്നു. ഇതിനിടയില്‍ കാവല്‍ക്കാരന്റെ അശ്രദ്ധമൂലം കുടില്‍ അഗ്നിക്കിരയായി. ഇത് കവി ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച് അയാള്‍ ചീത്ത വിളിക്കുന്നു. കവിയ്ക്ക് ദുഃഖമുണ്ടാവുന്നു. തുടര്‍ന്ന് അവരിരുവരും കലഹത്തിന്റെ പാത വെടിഞ്ഞ് സ്‌നേഹത്തിലേക്കുള്ള വഴിതുറക്കലാണ് ജീവിത ദര്‍ശനം എന്ന യാഥാര്‍ഥ്യം മനസിലാക്കുന്നു.
'സ്‌നേഹസുന്ദരപാതയിലൂടെ വേഗമാകട്ടെ വേഗമാകട്ടെ' എന്ന ആഹ്വാനം സ്വീകരിക്കുന്നു. വിപ്ലവത്തെ സ്‌നേഹിക്കുന്നെങ്കിലും അതിലെ ഹിംസാത്മകതയെ ഒരിക്കലും കവി അംഗീകരിക്കുന്നില്ല.
സഹ്യന്റെ മകന്‍
'സഹ്യന്റെ മകന്‍'എന്ന കവിതയില്‍ മനുഷ്യന്‍ പ്രകൃതിയോടു കാട്ടുന്ന കൊടുംക്രൂരതകളോട് കവിക്കുള്ള രോഷം കാണാം. അമ്പലത്തില്‍ എഴുന്നള്ളിപ്പിനിടെ മദംപൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട് അവനെ ഇണക്കുന്നതിനുമുന്‍പ് അവന്‍ കാട്ടില്‍ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവില്‍ പട്ടാളക്കാരന്റെ വെടിയേറ്റ് നിലവിളിയോടെ നിലംപതിച്ചു.
''ദ്യോവിനെ വിറപ്പിക്കുമാ വിളികേട്ടോ, മണി-
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മാറ്റൊലികൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍'എന്ന് കവി സങ്കടം സഹിക്കാതെ പാടുന്നു.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുംപ്രിയപ്പെട്ട കവിത
വൈലോപ്പിള്ളി കവിതകള്‍ മനോഹരമായ പദഘടന, അലങ്കാരഭംഗി, കാലോചിതമായ വിഷയ സ്വീകരണം, ശുഭാപ്തി വിശ്വാസം തുടങ്ങിയ സവിശേഷതകള്‍ അദ്ദേഹത്തിന്റെ കവിതകളെ മറ്റുള്ളവരില്‍ നിന്നു വേറിട്ടതാക്കി. വ്യക്തിജീവിതത്തില്‍ പരുക്കനായ മനുഷ്യന്‍ കാവ്യജീവിതത്തില്‍ സൗന്ദര്യത്തിന്റേയും സ്‌നേഹത്തിന്റേയും ദര്‍ശനങ്ങളുടേയും നിറകുടമാണ്. 'ജീവിക്കണം നിമിഷംമൊന്നിലനേകം' എന്നു പറഞ്ഞുതന്ന ദാര്‍ശനിക കവി കൂടിയാണ് വൈലോപ്പിള്ളി.
ഓരോ വായനയിലും പുതിയ അനുഭവം പങ്കുവയ്ക്കുന്ന വൈലോപ്പിള്ളിയുടെ വിട എന്ന കാവ്യസമാഹാരം അധ്യാപകര്‍ക്കും വിദ്യാര്‍ഥീസമൂഹത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. കാരണം ഹെഡ്മാസ്റ്ററും ശിഷ്യനും എന്ന മഹത്തായ ഒരു രചന അതിലുണ്ട്. ഗുരുശിഷ്യന്‍മാര്‍ പണ്ടേയൊരു വീട്ടുകാര്‍ എന്നൊരു കല്‍പന കാണാം. കുട്ടികള്‍ ഉള്‍ക്കൊള്ളേണ്ട നല്ലൊരു പാഠമാണ് അതെന്നു തോന്നിയിട്ടുണ്ട്.
''പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ടെനി-
ക്കായപോല്‍ പഠിപ്പിച്ചു, ഭരിച്ചു, വിരമിച്ചു.
നിങ്ങളെ സമ്പാദിച്ചു, കാലമെന്‍കൈയും കാലും
ചങ്ങലക്കിട്ടാലെന്ത്? നിങ്ങളില്‍ ഞാന്‍ ജീവിച്ചു'
ഇതാണല്ലോ ശ്രേഷ്ഠമായ ദര്‍ശനം. കാലമെന്നെ നിശ്ചലനാക്കിയെങ്കിലും നിങ്ങളിലൂടെ ഞാന്‍ ജീവിക്കുന്നു. ഇങ്ങനെ ജീവിക്കാന്‍ ധന്യത നേടിയ എത്ര പേരുണ്ട്.
ജീവിതരേഖ
എറണാകുളം കലൂരില്‍ വൈലോപ്പിള്ളി കളപ്പുരയ്ക്കല്‍ വീട്ടില്‍ 1911 മെയ് 11ന് ജനിച്ചു. പിതാവ്: ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവ്. മാതാവ്: കളപ്പുരയ്ക്കല്‍ നാണിക്കുട്ടിയമ്മ. ആദ്യഗുരുനാഥന്‍: മാടക്കുഴിപ്പറമ്പില്‍ കണ്ടനാശാന്‍. കാരപ്പറമ്പ് സ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
സസ്യശാസ്ത്രത്തില്‍ ബിരുദം. 1931 മദ്രാസ് സെയ്ദാപ്പെട്ട് ട്രെയിനിംഗ് കോളജില്‍ നിന്ന് എല്‍.റ്റി വിജയിച്ചു. 1931-ല്‍ കണ്ടശ്ശാംകടവ് ഗവ: ഹൈസ്‌കൂളില്‍ ശാസ്ത്രാധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തൃപ്പൂണിത്തുറ, മുളന്തുരുത്തി, എറണാകുളം, ചാലക്കുടി, ഒല്ലൂര്‍ തുടങ്ങിയ ഇരുപതോളം സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചു. 1966 മാര്‍ച്ചില്‍ ഒല്ലൂര്‍ ഹൈസ്‌കൂളില്‍ നിന്ന് പ്രധാനധ്യാപകനായി വിരമിച്ചു.
ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ കവിതകള്‍ എഴുതിത്തുടങ്ങി. ചെറുപ്രായം മുതലുള്ള കവിതകളെല്ലാം ചേര്‍ത്ത് 1947-ല്‍ കന്നിക്കൊയ്ത്ത് എന്ന ആദ്യസമാഹാരം പ്രസിദ്ധീകരിച്ചു.1956-ല്‍ തൃശൂര്‍ നെല്ലങ്കര താറ്റാട്ടു വീട്ടില്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. 1951-ലും 1959-ലും മലയാളത്തിന്റെ പ്രതിനിധിയായി ഡല്‍ഹി ഭാഷാസമ്മേളനത്തിലും, കവിസമ്മേളനത്തിലും പങ്കെടുത്തു. തൃപ്പൂണിത്തുറ നിന്ന് സാഹിത്യ നിപുണന്‍ ബഹുമതി ലഭിച്ചു. എം.പി.പോള്‍ പുരസ്‌കാരം(1951), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1965), സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് (1969), ഓടക്കുഴല്‍ അവാര്‍ഡ് (1971), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (1972), വയലാര്‍ അവാര്‍ഡ് (1982), മദ്രാസ് ഗവണ്‍മെന്റ് അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. 1985 ഡിസംബര്‍ 22-ന് അന്തരിച്ചു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കേരളസര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്.
വൈലോപ്പിള്ളി സാഹിത്യപുരസ്‌കാരം -വൈലോപ്പിള്ളി സാഹിത്യസമിതി ഏര്‍പ്പെടുത്തിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."