മനോജ് കുമാറിന്റെ വീട്ടിലെ വൈദ്യുതിയും തമാശയില്ലാതാക്കിയ മന്ത്രിയുടെ മടക്കവും
റിയോയില്‍ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പൊല്ലാപ്പുകള്‍ കൂടി വരികയാണ്. ബോക്‌സര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് നേരിട്ട പ്രശ്‌നങ്ങളാണ് റിയോയില്‍ ചര്‍ച്ചയായ വിഷയങ്ങളിലൊന്ന്. മറ്റേത് നമ്മുടെ കായിക മന്ത്രി നാട്ടിലേക്ക് മടങ്ങിയ വാര്‍ത്തയാണ്.
മനോജിന്റെ കാര്യത്തിലേക്ക് വരാം. അദ്ദേഹം ഇന്ത്യയുടെ ബോക്‌സറാണ്. 64 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്. മനോജിന്റെ കുടുംബം മുഴുവന്‍ ഹരിയാനയിലാണ് താമസം. കഴിഞ്ഞ ദിവസം താരം ഒളിംപിക്‌സില്‍ നിന്ന് പുറത്തായിരുന്നു. ഹരിയാനയിലുള്ള മനോജിന്റെ വീട്ടിലെ വൈദ്യുത കണക്ഷന്‍ വൈദ്യുത വകുപ്പ് കട്ട് ചെയ്തു. നോക്കണേ ഗതികേട്. വീട്ടില്‍ വെളിച്ചമില്ല, ഫാനില്ല, പോരാത്തതിന് ടിവിയുമില്ല. മകന്റെ മത്സരം കാണാന്‍ ഇതോടെ താരത്തിന്റെ അച്ഛനും അമ്മയും ദൂരെയുള്ള ഗ്രാമത്തില്‍ പോയെന്നാണ് വിവരം. ഇതറിഞ്ഞതോടെ ക്ഷുഭിതനായ മനോജ് കുമാറും അദ്ദേഹത്തിന്റെ സഹോദരന്‍ രാജേഷ് കുമാറും പരാതിയുമായി ഇന്ത്യന്‍ ഒളിംപിക് സംഘത്തിന്റെ ഓഫിസിലെത്തി. പരാതി കേട്ട് അവര്‍ ചിരിച്ചു പോയത്രേ. സംഘത്തലവന്‍ രാകേഷ് ഗുപ്ത പറഞ്ഞു ഇത് വൈദ്യുത കണക്ഷന്‍ പുന:സ്ഥാപിക്കുന്ന സ്ഥലമല്ലെന്ന്. മറുപടി കേട്ട് മനോജ്കുമാറിന്റെ ആവേശമെല്ലാം ചോര്‍ന്നുപോയെന്നും അതാണ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍ക്കാന്‍ ഇടയാക്കിയതെന്നുമാണ് റിയോയിലെ മാധ്യമങ്ങള്‍ പറയുന്നത്. വാസ്തവം എന്താണെന്ന് ആര്‍ക്കറിയാം.
മനോജ് തളര്‍ന്നെങ്കിലും രാജേഷ് കുമാര്‍ അതങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല. ഹരിയാന കായികമന്ത്രി അനില്‍ വിജിന് അദ്ദേഹം നേരിട്ട് കത്തെഴുതി. ഈ അനില്‍ വിജ് കാട്ടികൂട്ടിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. എന്തായാലും മന്ത്രിക്ക് കത്ത് ലഭിച്ചു. അതിലിപ്രകാരം എഴുതിയിരിക്കുന്നു. മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടാണ് വീട്ടിനടുത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്. എന്നാല്‍ ചില ഗുണ്ടകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് വീട്ടിലെ വൈദ്യുത കണക്ഷന്‍ ഇല്ലാതാക്കി. മന്ത്രി ഈ വിഷയത്തില്‍ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മന്ത്രി ഈ കത്ത് വായിച്ചെങ്കിലും ഉടനെ നടപടിയുണ്ടായില്ല. ഇതോടെ ഭ്രാന്ത് പിടിച്ച രാജേഷ് റിയോ വില്ലേജിലാകെ ഈ പ്രശ്‌നം ആളികത്തിച്ചു. ഇതോടെ മന്ത്രി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങ് കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടാണ് മന്ത്രി ഇടപെട്ടതെന്നും അഭ്യൂഹമുണ്ട്. വൈദ്യുത വകുപ്പ് ജീവനക്കാരനെ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ട്രാന്‍സ്‌ഫോമര്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ഇതൊക്കെ കഴിഞ്ഞ ശേഷവും മനോജിന്റെ മത്സരം കുടുംബത്തിന് കാണാന്‍ സാധിച്ചില്ല. കാരണം അദ്ദേഹം തോറ്റു പുറത്തായി എന്നതു തന്നെ.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ഇനി കായിക മന്ത്രിയുടെ കുറച്ച് തമാശകള്‍ പറയാം. മന്ത്രിയുടെ കൈയ്യിലിരിപ്പ് കടന്നു പോയതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞുപിടിച്ചു ആക്രമിക്കാന്‍ തുടങ്ങി. കൂരമ്പുകളേറ്റ് പ്രാണന്‍ പോവും എന്ന് തോന്നിയതോടെ മന്ത്രി ആ നല്ലകാര്യം പ്രഖ്യാപിച്ചു റിയോയില്‍ നിന്ന് താന്‍ മടങ്ങുകയാണ്. കേട്ടവര്‍ ഞെട്ടി മന്ത്രി മടങ്ങുകയോ. ബ്രസീല്‍ മീഡിയ പറയുന്നത് വിജയ് ഗോയല്‍ മടങ്ങരുതെന്നാണ്. പോയാല്‍ ഒളിംപിക്‌സില്‍ തമാശകളില്ലാതാവുമെന്നാണ് ബ്രസീല്‍ മാധ്യമങ്ങള്‍ കളിയാക്കി പറഞ്ഞത്. ഒടുവില്‍ അദ്ദേഹം പറഞ്ഞു. എല്ലാ തെറ്റിദ്ധാരണകളാണെന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം ഇവ ഇല്ലാതാക്കുമെന്നും. പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത് ബി.ജെ.പി-കോണ്‍ഗ്രസ് ടെന്നീസ് മത്സരമായിട്ടാണ്. ഗോയലിന്റെ മത്സരത്തോടെ ബി.ജെ.പി സമനില പിടിച്ചെന്നുമാണ് ഫസ്റ്റ് പോസ്റ്റ് പറയുന്നത്.
നേരത്തെ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ധനുഷ്‌കോടി അതിഥനും, അജയ് മാക്കനും ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ കുപ്രസിദ്ധി ഉയര്‍ത്തിയവരാണ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഷാനവാസ് ഹുസൈനും ഇപ്പോള്‍ ഗോയലും കൂടിയായപ്പോള്‍ ബി.ജെ.പി മത്സരത്തില്‍ തിരിച്ചെത്തിയെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും നാണംകെടുന്നത് നമ്മുടെ രാജ്യമാണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ. മെഡല്‍ നേടുന്നതില്‍ നമ്മുടെ രാജ്യം അമ്പേ പരാജയപ്പെടുമ്പോള്‍ രാഷ്ട്രീയക്കാരുടെ ഇത്തരം സര്‍ക്കസുകള്‍ ഇന്ത്യയെ കൂടുതല്‍ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."