ഹജ്ജ് തീര്‍ഥാടകരുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ ഒരുങ്ങി സഊദി ഹജ്ജ് -ഉംറ മന്ത്രാലയം
ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ ഒരുങ്ങി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കുന്ന സംവിധാനത്തിനാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. 'തകാമുല്‍, തമയ്യുസ്' എന്ന പുതിയ സോഫ്റ്റ് വെയര്‍ വഴിയാണ് ഓണ്‍ലൈന്‍ ഹജ്ജ് വിസ ലഭിക്കുക.
വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ധതി ഉടന്‍ നടപ്പിലാകുമെന്ന് ഹജ്ജ് സഹ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ഇതു ഹജ്ജ് മന്ത്രാലയത്തിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കും.
സഊദിയിലെ വിവിധ സര്‍ക്കാര്‍ വേദികളും മന്ത്രാലയങ്ങളും യോജിച്ചാണ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നത്. ഈ മന്ത്രാലയങ്ങളുടെ സഹകരണം കൂടി ഉറപ്പുവരുത്തിയ ശേഷമാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരിക.
ഹജ്ജ് ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ആദ്യത്തെ സേവനം വിസ കരസ്ഥമാക്കുക എന്നതാണ്. അതിനാലാണ് സഊദി ഹജ്ജ് മന്ത്രാലയം ഈ സേവനത്തിനുള്ള സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്.
തീര്‍ഥാടകര്‍ സഊദിയിലത്തെിയ ശേഷം ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഹജ്ജ് മന്ത്രാലയം ആലോചിക്കുന്നുണ്ട്.
തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ സ്വരാജ്യത്ത് വെച്ച് പൂര്‍ത്തീകരിച്ച് യാത്ര ആരംഭിക്കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം മുതല്‍ ഭാഗികമായി ആരംഭിച്ചിരുന്നു. ഇതു വഴി വിമാനത്താവളത്തിലിറങ്ങുന്ന തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ താമസ സ്ഥലത്തേക്കും പുണ്യനഗരിയിലേക്കും തിരിക്കാന്‍ ഇത് സഹായകരമാവുമെന്നതും പുതിയ സംവിധാനം വഴി സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."