പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: അന്വേഷണം കടലാസില്‍ ഒതുങ്ങി
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ തുടങ്ങിയില്ല. ദുരന്തം നടന്ന ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ വിഷയങ്ങള്‍ തീരുമാനിക്കാത്തതാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയത്.
എന്നാല്‍ ഉത്തരവു പുറപ്പെടുവിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. പലതവണ സര്‍ക്കാറിനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ പത്തിലെ മന്ത്രിസഭാ യോഗമാണ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി എന്‍ കൃഷ്ണന്‍ നായരെ അധ്യക്ഷനാക്കി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍ ഓഫിസ് അടക്കമുള്ള സൗകര്യങ്ങളൊന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല.
ആറു മാസമായിരുന്നു സര്‍ക്കാര്‍ കാലാവധി നിശ്ചയിച്ചിരുന്നത്. എന്ത് അന്വേഷിക്കണം, എന്തൊക്കെ അന്വേഷിക്കണം എന്നിങ്ങനെയുള്ള പരിഗണനാ വിഷയങ്ങളില്‍ തീരുമാനമായില്ലെന്നാണ് സര്‍ക്കാര്‍ തന്നെ വിവകാവകാശ നിയമപ്രകാരം ഒരു പരാതിക്കാരനെ അറിയിച്ചത്.
കമ്മീഷന്‍ പ്രവര്‍ത്തന ഉത്തരവു പുറപ്പെടുവിച്ച് നാലു മാസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര എക്‌സ്‌പ്ലോസീവ് കംട്രോളര്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വെടിക്കെട്ടപകടം ഉള്‍പ്പെടെയുള്ള കേസന്വേഷണങ്ങളില്‍ പിഴവുപറ്റിയെന്നതിന്റെ പേരിലാണ് ഇടതു സര്‍ക്കാര്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ അധ്യക്ഷനില്‍ ഇപ്പോഴത്തെ സര്‍ക്കാറിനുള്ള അതൃപ്തിയാണ് കാര്യങ്ങള്‍ വലിച്ചുനീട്ടുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."