ജറൂസലം പ്രമേയം അമേരിക്ക വീറ്റോ ചെയ്തു; യു.എന്‍ ജനറല്‍ അസംബ്ലി അടിയന്തര യോഗം ചേരും
യുനൈറ്റഡ് നാഷന്‍സ്: ജറൂസലം വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ സമിതിയില്‍ 14 പ്രതിനിധികളും പ്രമേയത്തെ പിന്താങ്ങിയപ്പോഴാണ് അമേരിക്ക എതിര്‍ത്തത്. ഇതിനുപിറകെ അടിയന്തരമായി യു.എന്‍ പൊതുസഭ ചേരാന്‍ നീക്കം നടക്കുന്നു.
അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍(ഒ.ഐ.സി), തുര്‍ക്കി തുടങ്ങിയവയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. തുര്‍ക്കിയാണ് യു.എന്നിനു മുന്‍പാകെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. അടിയന്തര യോഗം കഴിയുന്നതും വേഗത്തില്‍ നടക്കുമെന്ന് ജനറല്‍ അസംബ്ലി പ്രസിഡന്റ് മിറോസ്‌ലാവ് ലജാക്ക് അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ടാണ് രക്ഷാസമിതിയില്‍ ഈജിപ്ത് പ്രമേയം അവതരിപ്പിച്ചത്. ജറൂസലം വിഷയത്തിലുള്ള ഏകപക്ഷീയമായ ഏതുതരം തീരുമാനങ്ങളെയും അസാധുവാക്കുന്നതാണു പ്രമേയം. ഇത് അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. തങ്ങളുടെ എംബസി എവിടെയാകണമെന്ന കാര്യത്തിലുള്ള ഒരു ചെറിയ തീരുമാനത്തിന്റെ പേരില്‍ സ്വന്തം പരമാധികാരത്തെ പോലും പ്രതിരോധിക്കേണ്ട സ്ഥിതിയാണ് അമേരിക്കയ്ക്ക് വന്നുപെട്ടിരിക്കുന്നതെന്ന് ഹാലെ പറഞ്ഞു. വളരെ അഭിമാനത്തോടെ തന്നെയാണ് അത്തരമൊരു തീരുമാനം തങ്ങള്‍ കൈക്കൊണ്ടത്. ഫലസ്തീന്‍ ജനതയെ ശക്തമായി മനസിലുള്ളപ്പോള്‍ തന്നെ ഈ വിഷയത്തില്‍ തങ്ങള്‍ ഇസ്‌റാഈല്‍ താല്‍പര്യത്തോടൊപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക വീറ്റോ ചെയ്ത നടപടിയെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രൂക്ഷമായി വിമര്‍ശിച്ചു.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും അടിയന്തര യോഗമെന്ന് യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. 1950ല്‍ ജനറല്‍ അസംബ്ലി പാസാക്കിയ 377 എ പ്രമേയത്തിന് അനുസരിച്ചായിരിക്കും യോഗം നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുക എന്ന പ്രാഥമിക ദൗത്യം നിര്‍വഹിക്കുന്ന കാര്യത്തില്‍ രക്ഷാസമിതി പരാജയപ്പെട്ടാല്‍ വിഷയം ജനറല്‍ അസംബ്ലി നേരിട്ട് ഏറ്റെടുക്കുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പൊതുസഭയിലെ മൂന്നില്‍ രണ്ടുപേര്‍ പിന്താങ്ങിയാല്‍ പ്രമേയം പാസാകുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ അംഗസംഖ്യ നേരത്തെ തന്നെ ഉണ്ടെങ്കിലും കൂടുതല്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ തങ്ങളും ഒ.ഐ.സിയും ശ്രമം നടത്തുന്നതായും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഈമാസം ആറിനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിവാദമായ പ്രഖ്യാപനം പുറത്തുവരുന്നത്. പതിറ്റാണ്ടുകളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്ന കീഴ്‌വഴക്കം ലംഘിച്ച് ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിക്കുകയായിരുന്നു. ഇത് അറബ്-മുസ്‌ലിം ലോകത്തിനു പുറമെ അമേരിക്കയുടെ സഖ്യകക്ഷികളുടെയും കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്രസഭയും ശക്തമായ സ്വരത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വിഷയത്തില്‍ അമേരിക്ക ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."