മത്സ്യകൃഷിയിലെ പുത്തന്‍ പരീക്ഷണം: സംസ്ഥാനത്തെ ആദ്യ കൂട് മത്സ്യകൃഷിക്ക് പഴശ്ശി ഒരുങ്ങി
ഇരിട്ടി: സംസ്ഥാനത്തെ ആദ്യത്തെ കൂടു മത്സ്യകൃഷിക്ക് പഴശ്ശി ജലാശയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്ന് കോടി രൂപ ചെലവില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. ജനുവരി ആദ്യവാരം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെയും പുഴയോര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി. സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ്മെന്റ് സൊസൈറ്റി(ഫിര്‍മ)യുടെ നേതൃത്വത്തിലാണ് ഇരിട്ടിക്കടുത്ത് പായം പഞ്ചായത്തിലെ പഴശ്ശി ജലാശയത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഫ്ളോട്ട് ഉപയോഗിച്ച് കൂടും കട്ടിയുള്ള ടാര്‍പോളിനും വലകളും ഉപയോഗിച്ച് ബന്ധിച്ച് 200 മീറ്ററോളം ദൂരത്തിലാണ് പുഴയില്‍ കൂടൊരുക്കുന്നത്. ഒരു കൂട്ടില്‍ 40 ഫ്ളോട്ടുകളാണ് ഉപയോഗിച്ചത്. ഇത്തരത്തില്‍ 77 കൂടുകളിലായാണ് ആദ്യഘട്ടത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ആദ്യത്തെ മൂന്ന് കൂടുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ പൂര്‍ണമായും നിക്ഷേപിക്കുകയും വളര്‍ച്ചയ്ക്കനുസരിച്ച് ഇനം തിരിച്ച് ഓരോ കൂടുകളിലേക്കായി മാറ്റി നിക്ഷേപിക്കുകയും ചെയ്യും. ഇതിനായി അസം വാള, ഫിലോപിയ, കാപ്പുമത്സ്യങ്ങള് എന്നിവയുടെ എഴുപതിനായിരത്തോളം കുഞ്ഞുങ്ങളെ ആന്ധ്രയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇരിട്ടിയിലെത്തിച്ചിരുന്നു. ഇവ ജലാശയത്തില്‍ സ്ഥാപിച്ച മീന്‍ വളര്‍ത്തു കൂടുകളില്‍ നിക്ഷേപിച്ചുകഴിഞ്ഞു. ഒരു മല്സ്യക്കുഞ്ഞിന് 5-10 രൂപ നിരക്കുകളിലാണ് ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് ഫിഷറീസ് വകുപ്പ് വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."