ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കി സഊദി പൊതുഗതാഗത വകുപ്പ്
ജിദ്ദ: സഊദിയില്‍ ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നിയമങ്ങള്‍ പാലിക്കാത്ത ടാക്‌സികള്‍ക്കെതിരെ പൊതു ഗതാഗത വകുപ്പ് പിഴ ഈടാക്കി തുടങ്ങി.
മീറ്ററുകള്‍ സ്ഥാപിക്കാത്ത ടാക്‌സികള്‍ക്ക് അയ്യായിരം റിയാലാണ് പിഴ. യൂണിഫോം ധരിക്കാത്തവര്‍ക്ക് അഞ്ഞൂറ് റിയാലും ഈടാക്കുന്നത്.
ഇതിനു പുറമെ വൃത്തിയില്ലാത്ത ടാക്‌സികള്‍ക്കും പിഴ ചുമത്തുമെന്ന് പൊതുഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ, ഗതാഗത നിയമലംഘനങ്ങളുടെ നിയന്ത്രണം തുടങ്ങിയവ ഉറപ്പ് വരുത്തുകയാണ് പുതിയ നിര്‍ദേശങ്ങളിലൂടെ പൊതുഗതാഗത വകുിന്റെ ലക്ഷ്യം. ഇതുപ്രകാരം ഇനി മുതല്‍ ടാക്‌സികളില്‍ മീറ്റര്‍ സംവിധാനം നിര്‍ബന്ധമാണ്.
ഇത് ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. ടാക്‌സി ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാതിരുന്നാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. ടാക്‌സികളുടെ അകമോ പുറമോ വൃത്തിഹീനമായി കണ്ടാലും അഞ്ഞൂറ് റിയാല്‍ പിഴ ചുമത്തും. ടാക്‌സി എന്ന ബോര്‍ഡ് മുകളില്‍ ഇല്ലെങ്കില്‍ ഡ്രൈവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും.
ടാക്‌സി ലൈസന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാറിന്റെ മുന്‍സീറ്റിനോടനുബന്ധിച്ചു പ്രദര്‍ശിപ്പിക്കാതിരിക്കുന്നാലും ആയിരം റിയാലാണ് പിഴ. പിന്‍സീറ്റില്‍ ഈ വിവരം ഇല്ലെങ്കില്‍ എണ്ണൂറു റിയാല്‍ അടയ്‌ക്കേണ്ടി വരും. ഫസ്റ്റ് എയ്ഡ് കിറ്റ്, തീ കെടുത്താനുള്ള ഉപകരണം, അപകട സൂചന നല്‍കുന്ന ട്രയാങ്കിള്‍ തുടങ്ങിയവ ടാക്‌സികളില്‍ ഇല്ലെങ്കില്‍ ഓരോ ഉപകരണത്തിനും അഞ്ഞൂറ് റിയാല്‍ വീതം പിഴ ചുമത്തും.
ലൈസന്‍സില്ലാതെ വാഹനമോട്ടിയാല്‍ അയ്യായിരം റിയാല്‍ പിഴ അടക്കേണ്ടി വരും. നിയമ ലംഘനം ഗുരുതരമാണെങ്കില്‍ വാഹനം പിടിച്ചെടുത്ത് ഡ്രൈവറെ നാടുകടത്തുമെന്നും പൊതുഗതാഗത വിഭാഗം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാകുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."